UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എ കെ ബാലന്റെ ഇടപെടല്‍; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിനേഷ് പഠിക്കും

അഴിമുഖം പ്രതിനിധി

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം കിട്ടിയിട്ടും സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം ദുരിതം അനുഭവിക്കേണ്ടി വന്ന ആദിവാസി യുവാവ് ബിനേഷിനു മന്ത്രി എ കെ ബാലന്റെ ഇടപെടല്‍ തുണയായി. 

നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹനായെങ്കിലും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ യാത്ര ചെലവിനും ഐ ഇ എല്‍ ടി എസ് (ഇംഗ്ലീഷ് അഭിരുചി) പരീക്ഷയ്ക്ക് പരിശീലനം നേടുന്നതിനുമായി വരുന്ന ഒന്നരലക്ഷത്തോളം രൂപയുടെ ധനസഹായത്തിനായാണ് ബിനേഷ് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ സെക്രട്ടേറിയേറ്റിലെ ഫയലില്‍ കുരുങ്ങി ബിനേഷിന്റെ വിദ്യാഭ്യാസ മോഹം.

സെപ്തംബറില്‍ പ്രവേശനം നേടാനാണ് ബിനേഷ് ആഗ്രഹിക്കുന്നത്. ഇതിനു മുമ്പായി ചെന്നൈയിലുള്ള ബ്രിട്ടീഷ് കൗണ്‍സിലില്‍ നിന്നും ഐ ഇ എല്‍ ടി എസ് പരീക്ഷ വിജയിക്കേണ്ടതുണ്ട്. എന്നാല്‍ ഓരോ കാരണങ്ങളാല്‍ ബിനേഷിന് അനുകൂലമായ തീരുമാനം എടുക്കുന്നതില്‍ വൈമുഖ്യം കാണിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ ഒരാദിവാസി യുവാവിനോട് കാണിക്കുന്ന ക്രൂരതകള്‍ വാര്‍ത്ത  ആയതോടെ പട്ടികജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ ബിനേഷിനെ ഫോണില്‍ ബന്ധപ്പെടുകയും രണ്ടു ദിവസത്തിനുള്ളില്‍ നേരില്‍ വന്നു കാണാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ന് അദ്ദേഹത്തിന്റെ ഓഫിസില്‍ എത്തിയ ബിനേഷിന് ആശ്വാസകരമായ വാര്‍ത്തയുമായി കാത്തിരിക്കുകയായിരുന്നു എ കെ ബാലന്‍. ചെന്നൈയില്‍ ഐ ഇ എല്‍ ടി എസ് കോഴ്‌സിന് വേണ്ട ഫീസും ചെലവും സഹിതം 26,500 രൂപ അനുവദിച്ചിരിക്കുന്ന വിവരം മന്ത്രി ബിനേഷിനെ അറിയിച്ചു. ഇതിനുള്ള ഫയല്‍ ഓഫിസില്‍വച്ചു തന്നെ പാസാക്കി മന്ത്രി ഒപ്പിട്ടു. ഈ തുക നാളെ തന്നെ ബിനേഷിന്റെ ബാങ്ക് അക്കൌണ്ടില്‍ എത്തും. ഇതിനുള്ള നിര്‍ദേശം മന്ത്രി സ്റ്റാഫിന് നല്‍കിയിട്ടുണ്ട്.

ലണ്ടനിലേക്ക് പോകാനുള്ള യാത്രാ ചെലവ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ലഭിക്കുന്നില്ലെങ്കില്‍ അതും സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ സന്നദ്ധമാണെന്നും മന്ത്രി ബിനേഷിനെ അറിയിച്ചിട്ടുണ്ട്.

ഇനിയും മുടക്കരുത്; ബിനേഷ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കട്ടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍