UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജൈവവൈവിധ്യ സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ല- അഭിമുഖം

Avatar

ജനസാന്ദ്രതയേറിയ, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കൂടിയ കേരളത്തില്‍ ജൈവവൈവിധ്യ സംരക്ഷിക്കണമെന്നതു മൈതാന പ്രസംഗത്തിനു കൊള്ളാം. സെമിനാറുകളില്‍ പ്രബന്ധമായി അവതരിപ്പിച്ച് ബുദ്ധിജീവികള്‍ക്കിടയില്‍ നിന്ന് കയ്യടി വാങ്ങാം. അതിനപ്പുറം മുന്നോട്ടു പോവണമെങ്കില്‍ ഇച്ഛാശക്തി വേണം. സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികള്‍ക്കായാലും വ്യക്തികള്‍ക്കായാലും. നികത്തപ്പെടുന്ന ചതുപ്പും വയലും ലക്ഷോപലക്ഷം ജീവികളുടെ  ആവാസകേന്ദ്രമായിരുന്നു എന്നു തിരിച്ചറിയാന്‍ ഒഴുകിയെത്തുന്ന വിദേശപ്പണം നമ്മെ തടയുന്നു. അനിയന്ത്രിതമായി നിയമം ലംഘിച്ച് കരിമ്പാറകള്‍ പൊട്ടിച്ച് കൂറ്റന്‍ സൗധങ്ങള്‍ പടുത്തുയര്‍ത്തുന്നതിന് ന്യായം വികസനമാണ്. നീരുറവകള്‍ക്ക് വിലക്കിട്ട് തിളങ്ങുന്ന വീഥികള്‍ തീര്‍ക്കുമ്പോള്‍ നാം വികസനത്തില്‍ ബഹുദൂരം അതിവേഗം മുന്നോട്ടാണ്.

പരിസ്ഥിതി സാക്ഷരതയെന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി ഉള്‍കൊള്ളാന്‍ ഏറെ പ്രയാസമുള്ള കാലമല്ലിത്. പ്രകൃതിവിഭവങ്ങളുടെ അമിതവും അനിയന്ത്രിതവുമായ ഉപഭോഗം സൃഷ്ടിച്ച പ്രതിസന്ധിയില്‍ മാനംനോക്കിയിരിക്കുകയാണ് ലോകം. വികസന ദാഹത്തില്‍ മതിമറന്ന് ഉപഭോഗ തൃഷ്ണയില്‍ പൂത്തുലഞ്ഞ് ജീവിതം നയിക്കുന്ന മനുഷ്യവംശം ആസന്നമായ പതനത്തെ കാണുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലാണ്.

ആവശ്യത്തിന് ആവാമെന്നും അത്യാഗ്രഹത്തിനുള്ളത് ഭൂമിയിലില്ലെന്നുമുള്ള ലളിതമായ തിരിച്ചറിവ് കൈമോശം വന്നതാണ് ദുരന്തങ്ങളുടെ കാരണം എന്നതിലും തര്‍ക്കത്തിനവകാശമില്ല. ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യന് മാത്രമല്ലെന്നും എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ടെന്നുമുള്ള വിശാലബോധം തെളിയിക്കുന്ന മുന്നേറ്റങ്ങള്‍ മുളപൊട്ടിയതാശ്വാസം. 

പുഴകളുടെ മരണം വേദനിപ്പിക്കുന്നവരുണ്ട്. കരിമ്പാറകളുടെ ഗര്‍ജ്ജനത്തെ ആത്മാവിലേറ്റുന്നവരുണ്ട്. ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ട ജീവികുലങ്ങള്‍, സസ്യലതാതികളെ ഓര്‍ത്ത്  വേവലാതിപ്പെടുന്നവരുണ്ട്. വായുവും മണ്ണും മലിനമാവുന്നതോര്‍ത്ത് കരയുന്നവരുണ്ട്. ഈ തിരിച്ചറിവില്‍ നിന്നാണ് സ്റ്റേറ്റും ഭരണകൂടവും ചില സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. അഴിമുഖം അന്വേഷിക്കുകയാണ്, യാഥാര്‍ത്ഥ്യത്തെ. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മനുമായി അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എം.കെ. രാമദാസ് സംസാരിക്കുന്നു.

സംസ്ഥാന ജൈവവൈവിധ്യബോര്‍ഡിന്റെ പ്രവര്‍ത്തനം, ലക്ഷ്യം?
ജൈവവൈവിധ്യ ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തെ ജൈവവൈവിധ്യത്തിന്റെ സംരക്ഷണം തന്നെയാണ്. ഇതുകൂടാതെ രണ്ട് ഉദ്ദേശങ്ങള്‍കൂടി ഈ സ്റ്റാറ്റ്യൂട്ടറി ബോഡിക്കുണ്ട്. ഒന്ന്, ജൈവവൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപഭോഗം. രണ്ട്, ജൈവവൈവിധ്യം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അതില്‍ നിന്നും കിട്ടുന്ന ഗുണത്തിന്റെ ഒരു പങ്ക് ജൈവവൈവിധ്യ സംരക്ഷണത്തിന് ലഭ്യമാക്കുക എന്നതാണ്. സംരക്ഷണവും സുസ്ഥിരമായ ഉപഭോഗവും പരമ്പരാഗത ലക്ഷ്യങ്ങളാണ്. മൂന്നാമത്തെ ലക്ഷ്യത്തിന് ഏറെ പ്രസക്തിയുണ്ട്. കാരണം ജൈവവൈവിധ്യത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ നമ്മുടെ നാട്ടില്‍ കൃഷിക്കാരും ആദിവാസികളും ദാരിദ്രരായി ഗ്രാമങ്ങളില്‍ സാധാരണ ജീവിതം നയിക്കുന്നവരുമാണ്. ഇവിടങ്ങളില്‍ നിന്നാണ് വന്‍തോതിലുള്ള ഉപഭോഗത്തിനായി വിഭവങ്ങളെ ശേഖരിക്കുന്നത്. അമിതവും അനിയന്ത്രിതവുമായ വിഭവശേഖരണം പാരിസ്ഥിതിക തകര്‍ച്ചയ്ക്കു വഴിവെച്ചു. ദുരന്തങ്ങളുടെ ഇരകള്‍ മേല്‍പ്പറഞ്ഞവരാകുന്നു. അതുകൊണ്ട് പ്രകൃതിയുടെ നേരവകാശികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ഇതാണ് ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്നാം ഉന്നം. പോയ വര്‍ഷം ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 2016-ല്‍ യഥാര്‍ത്ഥ പ്രോസസ്സ് തുടങ്ങാനാവും. ആയുര്‍വേദ മരുന്നു നിര്‍മ്മാതാക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ തുടങ്ങിയവരൊക്കെയാണ് പ്രധാനമായും നേരിട്ട് ജൈവവിഭവങ്ങള്‍ കലക്ട് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളുമായുള്ള എഴുത്തുകുത്തുകള്‍ തീര്‍ന്നു. അവരുടെകൂടി വശം പരിഗണിച്ചാണ് പങ്ക് നിശ്ചയിക്കുന്നത്. ഇതിനായി ശാസ്ത്രീയമായും  സാമ്പത്തികമായുമുള്ള പഠനവും വിലയിരുത്തലും ആവശ്യമാണ്. വരുംകാലത്ത് ജൈവവൈവിധ്യ ബോര്‍ഡിന്റെ പ്രധാന ദൗത്യവും ഇതു തന്നെയാവും.

പൊതുവില്‍ ബോര്‍ഡിന്റെ ലക്ഷ്യം എത്രത്തോളം മുന്നോട്ടു പോവുന്നു?
2002-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച നിയമം അംഗീകരിച്ചു. ദേശീയ- സംസ്ഥാന തലങ്ങളിലും ഏറ്റവും താഴെത്തട്ടില്‍ പഞ്ചായത്തുതലത്തിലും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തി. ഈ പിരമിഡില്‍ പ്രധാനകണ്ണി പഞ്ചായത്തുകളില്‍ സ്റ്റ്യാറ്റ്യൂട്ടറി അധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ബയോഡൈവേഴ്‌സിറ്റി മാനേജ്മെന്റ് കമ്മിറ്റിയാണ്. അടിത്തട്ടിലുള്ള ഈ ഘടനയ്ക്കാണ് പ്രധാന ഉത്തരവാദിത്വം. ഒരേ പ്രദേശത്തെയും പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് രൂപീകരിക്കപ്പെടുന്ന സമിതികള്‍ക്ക് ജൈവവൈവിധ്യ സംരക്ഷണത്തിനായി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനാവും. ഗവണ്‍മെന്റിനുമാത്രമായി ഇവിടെ ഒന്നും ചെയ്യാനാവില്ല. ജൈവവൈവിധ്യം നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് പ്രഥമജോലി. ഓരോ പ്രദേശത്തും ജീവിക്കുന്ന ജനങ്ങളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാവൂ. 

ഈ ബയോഡൈവേഴ്സിറ്റി കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിയുമാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആറംഗങ്ങള്‍ സമിതിയിലുണ്ടാകും. നാട്ടുവൈദ്യന്‍മാരും സ്ത്രീകളും അടങ്ങുന്ന സമിതിക്ക് അതതു പ്രദേശത്തെ വൈവിധ്യത്തെക്കുറിച്ച് നേരിട്ടറിവുണ്ടാകും. ജൈവവൈവിധ്യങ്ങളുടെ മേലുള്ള അനധികൃത കയ്യേറ്റം തടയാന്‍ എളുപ്പത്തില്‍ ഇടപെടാന്‍ ഈ സമിതിക്കാവും. ജനങ്ങളെ സംഘടിപ്പിച്ച്‌ നേരിട്ട് തടയുന്നതിനോടൊപ്പം പരാതി നല്‍കി നടപടികള്‍ക്ക് പ്രേരിപ്പിക്കാനും ബി.എം.സിക്കു കഴിയും.

സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളിലും 60 മുന്‍സിപ്പാലിറ്റികളിലും മുഴുവന്‍ കോര്‍പ്പറേഷനുകളിലും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സമിതികളുടെ കാലാവധി മൂന്നില്‍ നിന്നും അഞ്ച് വര്‍ഷമായുയര്‍ത്തി ഗവണ്‍മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാര്‍ച്ചിനുമുമ്പ് ബി.എം.സി രൂപവല്‍ക്കരിക്കണമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ദേശീയ നയത്തിന്റെ ചുവടുപിടിച്ച് മുഴുവന്‍ ഗ്രാമങ്ങളിലും സമിതി രൂപീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി 2013-ല്‍ കേരളം ഈ രംഗത്ത് മറ്റൊരു ചുവടുകൂടി മുന്നോട്ടുവെച്ചു. പ്രാദേശിക തലത്തില്‍ ജൈവവൈവിധ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ‘പരിസ്ഥിതിയുടെ കാവല്‍ക്കാര്‍’ എന്ന പദവി നല്‍കി. ജൈവവൈവിധ്യശോഷണം തടയുന്നതില്‍ ലോക്കല്‍ തലത്തിലെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ നീക്കം ഉണ്ടായത്. സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ പ്രധാന കര്‍ത്ത്യവ്യമെന്ന് പ്രാദേശിക സംവിധാനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊടൊപ്പം സെന്‍സിറ്റൈസ് ചെയ്യുക കൂടിയാണ്. ഇക്കാര്യത്തില്‍ വിജയം വരിച്ചിട്ടുണ്ട്.

ഓരോ ഗ്രാമത്തിലെയും  ബയോഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടി പൂര്‍ത്തിയായോ?
ഓരോ പ്രദേശത്തിനും അതിന്റെതായ ജൈവവൈവിധ്യമുണ്ട്. സംസ്ഥാനത്തെ 800 പഞ്ചായത്തുകള്‍ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതൊരു വന്‍ വിജയമാണ്. സംരക്ഷിക്കപ്പെടണമെങ്കില്‍ ആദ്യമതിന്റെ അളവ്  മനസ്സിലാവണം. ചെറുജീവാജാലങ്ങള്‍ മുതല്‍ വന്‍മലകള്‍ വരെ രേഖപ്പെടുത്തണം. കൃഷിയും ശൈലികളും തിരിച്ചറിയണം. പുഴ, പാറക്കൂട്ടങ്ങള്‍ എല്ലാം ഉള്‍പ്പെടണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് പീപ്പിള്‍സ് ബയോഡൈവേഴ്‌സിറ്റി  രജിസ്റ്റര്‍ എന്നാണ് പറയുക. പഞ്ചായത്തിനൊപ്പം സ്റ്റേറ്റ്  ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിലും രജിസ്റ്ററിന്റെ കോപ്പികള്‍ സൂക്ഷിക്കും. 

ജനസാന്ദ്രതയേറിയ, ഉപഭോഗം കൂടിയ കേരളത്തില്‍ ജൈവ വൈവിധ്യസംരക്ഷണത്തിന്റെ പ്രായോഗികത എത്രമാത്രം?
ആവശ്യത്തിനുമാത്രം സ്വീകരിക്കുകയും ബാക്കി വരുംതലമുറയ്ക്കായി സുക്ഷിക്കുകയും വേണമെന്ന ഗാന്ധിമതം തന്നെയാണ് ഇക്കാര്യത്തില്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ നയം. ഇതിനായി പൗരന്‍മാരെ ബോധവല്‍ക്കരിക്കുകയാണ്. നൂറുശതമാനം വിജയം കൈവരിക്കുക അസാധ്യം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പിന്തുണ നല്‍കാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട്. ഖനനത്തിനും കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി കര്‍ശനമാക്കിയതുകൊണ്ട് വിഭവചൂഷണത്തിന്റെ തോതു കുറഞ്ഞിട്ടുണ്ട്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ ശുപാര്‍ശകളും അടുത്തുണ്ടായ കോലാഹലങ്ങളിലും ബോര്‍ഡിന് നിലപാടെടുക്കാന്‍ പ്രയാസമുണ്ടായതായി ആരോപണങ്ങളുയര്‍ന്നിരുന്നു. പരിസ്ഥിതി വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ ബോര്‍ഡിനുമേല്‍ സമ്മര്‍ദ്ദമുണ്ടായതായി പ്രകൃതിവാദികള്‍ പരാതി ഉന്നയിച്ചു. വസ്തുതയെന്താണ്?
കേരളത്തിന്റെയെന്നല്ല രാജ്യത്തിന്റെയും ലോകത്തിന്റെയും നിലനില്‍പ്പിന് പശ്ചിമഘട്ടത്തിന്റെ സുരക്ഷ ആവശ്യമാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ട പ്രദേശം. ജൈവവൈവിധ്യ ബോര്‍ഡിനൊപ്പം വ്യക്തിപരമായും പശ്ചിമഘട്ടം ഏതുവിധേനയും സംരക്ഷിക്കണമെന്ന നിലപാടാണ് എനിക്കുള്ളത്. ജൈവവൈവിധ്യ ശേഖരമെന്നതുപോലെ ജനനിബിഡമാണ് പശ്ചിമഘട്ടപ്രദേശം. ലക്ഷക്കണക്കിന് മനുഷ്യര് ഇവിടെ പതിറ്റാണ്ടുകളായി ജീവിക്കുന്നു. ജൈവസമ്പത്തിനൊപ്പം ജനങ്ങളും സംരക്ഷിക്കപ്പെടണം. ജനങ്ങളെ മറന്നുകൊണ്ട്, വിശ്വാസത്തിലെടുക്കാതെ പ്രകൃതിയെ സംരക്ഷിക്കാനാവില്ല. ഇതൊരു പ്രായോഗിക സമീപനമാണ്. ഈ പ്രദേശത്തെ കൃഷിയെയും കര്‍ഷകരെയും മാറ്റി നിര്‍ത്തി അവിടെയൊന്നും ചെയ്യാനാവില്ല. ഗാഡ്ഗിലും കസ്തൂരിരംഗനും ഇതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളമുള്‍പ്പെടുന്ന ഇന്ത്യന്‍ ഭൂഖണ്ഡത്തിന്റെ നിലനില്‍പ്പിന് പശ്ചിമഘട്ടം നിലനിന്നേപറ്റൂ. യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടുവേണം ഈ സന്ദേശം പശ്ചിമഘട്ട മേഖലകളിലെ കൃഷിക്കാരുള്‍പ്പെടെയുള്ള ജനങ്ങളിലെത്തിക്കാവൂ. അവരാണ് പശ്ചിമഘട്ടത്തെ ഇത്രകാലവും സുരക്ഷിതമായി നിലനിര്‍ത്തിയത്. അതവരെ ബോധ്യപ്പെടുത്തണം. കര്‍ഷകരെ അവിശ്വസിച്ച്, പ്രതിസ്ഥാനത്ത് നിര്‍ത്തി പശ്ചിമഘട്ടത്തെ സ്പര്‍ശിക്കാനാവില്ല. പശ്ചിമഘട്ടത്തിന്റെ നാശം കര്‍ഷകരാഗ്രഹിക്കുന്നില്ല. കൃഷിചെയ്യാനോ, കുടിവെള്ളത്തിനോ മുട്ടില്ലാതെ ജീവിക്കാന്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ പഴയപടി നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ അപകടം സംഭവിച്ചു. ഇവരില്‍ എങ്ങനെയോ ഭീതികയറി. ഏതുനിമിഷവും ജീവിക്കുന്ന മണ്ണ് ഉപേക്ഷിക്കേണ്ടിവരുമെന്നവര്‍ തെറ്റിദ്ധരിച്ചു; ഈ സാഹചര്യം മനസ്സിലാക്കിയാണ് ബോര്‍ഡ് നിലപാടെടുത്തത്.

ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ഡോ: വിജയന്‍പോലുള്ള പരിസ്ഥിതിവാദികളുമായി അഭിപ്രായ വിയോജിപ്പില്ല. പശ്ചിമഘട്ടമലനിരകളില്‍ മാത്രമല്ല വീടിനുള്ളിലും പട്ടണങ്ങളിലും പുഴകളിലും കരയിലും ജൈവവൈവിധ്യമുണ്ട്. ഈ വിഷയങ്ങളിലെല്ലാം സ്വീകരിച്ച നിലപാടുകളില്‍  വ്യക്തിപരമായും സന്തോഷമുണ്ട്.

ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ?
ഇല്ല, തീര്‍ത്തും സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോവാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണം എന്ന മുഖ്യ അജണ്ടയില്‍നിന്ന് വ്യതിചലിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടിട്ടില്ല. ബോര്‍ഡിന് വോട്ടില്‍ നേട്ടമില്ല.

വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കടുവ സങ്കേത പ്രഖ്യാപനം വിവാദമായി. ബോര്‍ഡിന്റെ അഭിപ്രായമെന്ത്?
മനുഷ്യനെപ്പോലെ കടുവകള്‍ക്കും സംരക്ഷണം വേണം. കടുവ സംരക്ഷണകേന്ദ്രം വരുന്നതോടെ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാവും. പ്രദേശത്തുതാമസിക്കുന്നവരുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കണം.

ജൈവവൈവിധ്യ ബോര്‍ഡ് അധ്യക്ഷകാലാവധി അവസാനിച്ചാലും ഈ രംഗത്ത്  തുടരുമോ?
തീര്‍ച്ചയായും. ബോര്‍ഡിന്റെയെന്നപോലെ വ്യക്തിപരമായും ജൈവകൃഷി പ്രോത്സാഹനമാണ് ലക്ഷ്യം. കേരളത്തിലെ 44 നദികളും മലിനമാണ്. മണ്ണ് തിരകെക്കൊണ്ടുവരണം. നെല്ല് മാത്രമല്ല ഇല്ലാതായ കൃഷികളെല്ലാം തിരികെ കൊണ്ടുവരണം. കൃഷിയൊടൊപ്പം മനുഷ്യന്റെ നിലനില്‍പ്പിനും ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വേണം. ഒറ്റയടിക്ക് ഇതൊന്നും നടപ്പിലാക്കാനാവില്ല. കൃഷിക്കാരെ ബോധവല്‍ക്കരിക്കണം. രാസവളങ്ങളും രാസകീടനാശിനികളും ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണം. നല്ല കാര്‍ഷികക ശീലങ്ങള്‍ അവതരിപ്പിക്കണം. അതിന് അനുയോജ്യമായ കാലഘട്ടത്തിന്റെ തുടക്കമാണ് 2016.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍