UPDATES

വിരലടയാളം പതിപ്പിച്ച് റേഷന്‍, ഭക്ഷണത്തിന്‍റെ ഗുജറാത്ത് മോഡല്‍; പരാജയമെന്ന് വിദഗ്ദര്‍

പൊതുവിതരണ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ ചോര്‍ച്ചകള്‍ സംഭവിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്

സ്വന്തമായി ഭൂമിയില്ലാത്ത ഗുജറാത്തിലെ ദളിത് തൊഴിലാളിയായ ബിജല്‍ഭായി വിനുജുദയുടെ ദിവസ വരുമാനം 200 രൂപയാണ്. മറ്റുള്ളവരുടെ ഭൂമിയില്‍ ജോലി ചെയ്താണ് അദ്ദേഹം ഉപജീവനം കഴിക്കുന്നത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് എഴുതാനും വായിക്കാനുമറിയാം. അതുകൊണ്ട് തന്നെ പൊതുവിതരണ സംവിധാനത്തിലെ ന്യായവില കടയില്‍ നിന്നും സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങുമ്പോള്‍ വിവരങ്ങള്‍ ധാന്യങ്ങളുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തണമെന്ന് വിനുജുദ കടക്കാരനോട് ആവശ്യപ്പെടാറുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയതോടെ രേഖകള്‍ സൂക്ഷിക്കുകയോ കണക്കുകള്‍ രേഖപ്പെടുത്തുകയോ ചെയ്യുന്ന പതിവ് ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം സ്‌ക്രോള്‍.ഇന്നിനോട് പറഞ്ഞു. റേഷന്‍ കാര്‍ഡ് ഉടമകളുടെ ബൈയോമെട്രിക് ഡേറ്റാബെയ്‌സ് ഉണ്ടാക്കിക്കൊണ്ട് 2010ലാണ് ഗുജറാത്ത് സര്‍ക്കാര്‍ പൊതുവിതരണ സംവിധാനത്തില്‍ മാറ്റം കൊണ്ടുവന്നത്. സാമൂഹിക ക്ഷേമ വിതരണ സമ്പ്രദായത്തിലെ മോഷണങ്ങള്‍ ഒഴിവാക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ സബ്‌സിഡികള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ബയോമെട്രിക് സംവിധാനം നടപ്പിലാക്കിയത്.

ഗുജറാത്തില്‍ പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിനായി ജനങ്ങള്‍ റേഷന്‍ കടയിലോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ഗ്രാമ സേവന കേന്ദ്രത്തിലോ സ്ഥാപിച്ചിട്ടുള്ള ഒരു യന്ത്രത്തില്‍ തങ്ങളുടെ വിരലടയാളം പതിപ്പിക്കണം. തുടര്‍ന്ന് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങളുടെ പട്ടിക രേഖപ്പെടുത്തിയ ഒരു ഇ-കൂപ്പണ്‍ ലഭിക്കുന്നു. ഇത് ന്യായവില ഷോപ്പുകളില്‍ നല്‍കി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കും.

എന്നാല്‍ വിനുജുദയുടെ അനുഭവം വച്ച് നോക്കുകയാണെങ്കില്‍ സംവിധാനം ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത് എന്നുവേണം അനുമാനിക്കാന്‍. പതിനഞ്ച് കിലോ ഭക്ഷ്യധാന്യമാണ് വിനുജുദയുടെ കുടംബത്തിന് അര്‍ഹതയുള്ളത്. ദേശീയ ഭക്ഷ്യസുരക്ഷ ചട്ടപ്രകാരം, അര്‍ഹരായ എല്ലാ സ്ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും 3.5 കിലോ ഗോതമ്പ് രണ്ട് രൂപ നിരക്കിലും ഒന്നര കിലോ അരി മൂന്ന് രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കൂടാതെ ഓരോ കാര്‍ഡ് ഉടമയ്ക്കും 350 ഗ്രാം പഞ്ചസാരയും നാല് കിലോ എണ്ണയും നല്‍കുന്നു.

എന്നാല്‍ വിനുജുദയുടെ കുടുംബത്തിന് അര്‍ഹതപ്പെട്ടതിലും മൂന്ന് കിലോ കുറച്ചു മാത്രമാണ് ലഭിക്കുന്നത്. ബാക്കി മൂന്ന് കിലോ കടയുടമ അടിച്ചുമാറ്റുകയാണ് ചെയ്യുന്നത്. പൊതുവിതരണ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ ചോര്‍ച്ചകള്‍ സംഭവിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. വ്യാജ റേഷന്‍ കാര്‍ഡുകള്‍ വഴി വില്‍പന നടത്തിയെന്ന് കാണിച്ച് കടയുടമകള്‍ വന്‍കൊള്ളയാണ് നടത്തുന്നത്. ഗുണഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ടതിന്റെ ഒരു പങ്ക് മാത്രം ലഭിക്കുമ്പോള്‍ ബാക്കിവരുന്നത് പൊതുകമ്പോളത്തിലേക്ക് ഒഴുകുന്നു. ഗുജറാത്തിലെ പൊതുവിതരണ സമ്പ്രദായത്തിലെ ചോര്‍ച്ച 2004-05ല 51.7 ശതമാനത്തില്‍ നിന്നും 2011-12ലെ 67.5 ശതമാനമായി വര്‍ദ്ധിച്ചതായി സാമ്പത്തിക ശാസ്ത്രജ്ഞരായ രീതിയ ഘേരയും ജീന്‍ ഡ്രസെയും നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതേ കാലയളവില്‍ ഛത്തീസ്ഗഡില്‍ ഇത് 51.8 ശതമാനത്തില്‍ നിന്നും 9.3 ശതമാനമായി ഇടിയുകയായിരുന്നു.

പൊതുവിതരണ സമ്പ്രാദയത്തില്‍ 2004 മുതല്‍ വരുത്തിയ വലിയ ഉടച്ചുവാര്‍ക്കലിലൂടെയാണ് ഛത്തീസ്ഗഡ് ഈ അസൂയാവഹമായ നേട്ടം കൈവരിച്ചത്. റേഷന്‍ കടമകളുടെ ഉടമസ്ഥത സ്വകാര്യ വ്യക്തികളില്‍ നിന്നും മാറ്റുകയും ഗ്രാമീണ സഹകരണസംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തു. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ വ്യാപകമാക്കുകയും അര്‍ഹതയുടെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. സാമൂഹിക നിരീക്ഷണം ശക്തമായതോടെ തട്ടിപ്പ് ഗണ്യമായി കുറഞ്ഞു. എന്നാല്‍ ഗുജറാത്ത് സാങ്കേതികവിദ്യയുടെ പിറകെയാണ് പോയത്. സുതാര്യത വര്‍ദ്ധിപ്പിക്കാനം കണക്കുകള്‍ സൂക്ഷിക്കുന്നതിനുമുള്ള ഒരു നടപടിയും കൈക്കൊണ്ടതുമില്ല.

ജനസൗഹാര്‍ദപരവും ജനകീയവുമാണ് ബയോമെട്രിക് സംവിധാനം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ദരിദ്രര്‍ക്ക് അര്‍ഹതപ്പെട്ട സബിസിഡി ധ്യാന്യങ്ങള്‍ മറ്റുവഴികളിലൂടെ ചോര്‍ന്നുപോകുന്നതായി അഹമ്മദാബാദ്, പഞ്ചമഹല്‍ ജില്ലകളിലെ ഗ്രാമീണര്‍ പരാതിപ്പെടുന്നു. മാത്രമല്ല, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ നിശ്ചയിക്കുന്നതിലും വലിയ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. കൂടാതെ വിരലടയാളം യോജിക്കാതെ വരുന്ന സംഭവങ്ങള്‍ 30 ശതമാനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് അര്‍ഹതപ്പെട്ട ഉപഭോക്താക്കളില്‍ മൂന്നിലൊന്ന് കാര്‍ഡ് ഉടമകള്‍ക്കും അര്‍ഹതപ്പെട്ട സമയത്ത് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് സാരം. ഇത്തരം സാഹചര്യങ്ങളില്‍ കടയുടമകള്‍ തന്നെ സാധനങ്ങളുടെ പട്ടിക തയ്യാറാക്കുകയും അതുവഴി തട്ടിപ്പിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

pds2

വിരലടയാളം യോജിക്കാത്ത സാഹചര്യങ്ങളില്‍ ഒറ്റനേരം മാത്രം ഉപയോഗിക്കാവുന്ന ഒരു പാസ്വേര്‍ഡ് ഉപഭോക്താവന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഗുജറാത്തിലെ 200 ഗ്രാമ പഞ്ചായത്തുകളിലെങ്കിലും മൊബൈല്‍, ഇന്റര്‍നെറ്റ് ലഭ്യത വളരെ പരിതാപകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വ്യക്തമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ അഭാവത്തില്‍ രണ്ട് രീതിയിലും ഭക്ഷ്യധാന്യങ്ങളുടെ വിതരണം സംഭവിക്കുന്നു. ബയോമെട്രിക് സംവിധാനത്തിലൂടെയും പഴയത് പോലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയും. ഇത് പ്രാന്തവല്‍കൃതരായ ഉപഭോക്താക്കളെ കൂടുതല്‍ തട്ടിപ്പിന് ഇരയാക്കുന്നതായും ആക്ഷേപമുണ്ട്.

ഗുജറാത്തില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം തട്ടിപ്പ് കൂടുകയാണുണ്ടായതെന്ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ രീതിക ഘേരെ ചൂണ്ടിക്കാട്ടുന്നു. ഔദ്ധ്യോഗിക രേഖകള്‍ പ്രകാരം 1.2 കോടി റേഷന്‍ കാര്‍ഡുകളില്‍ ഒക്ടോബറില്‍ റേഷന്‍ വാങ്ങിയത് 87 ലക്ഷം കാര്‍ഡ് ഉടമകള്‍ മാത്രമാണ്. ആ മാസത്തെ റേഷന്‍ വാങ്ങാത്തതാണോ അതോ ബാക്കിയുള്ള വ്യാജ റേഷന്‍ കാര്‍ഡുകളാണോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയും ലഭ്യമല്ല. റേഷന്‍ വാങ്ങുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഭക്ഷ്യധാന്യങ്ങള്‍ നീക്കിവെക്കുന്നതില്‍ സര്‍ക്കാര്‍ കുറവൊന്നും വരുത്തിയിട്ടില്ല. നീക്കിവെപ്പില്‍ കുറവ് വരാതിരിക്കുമ്പോള്‍ ബാക്കിവരുന്ന ഭക്ഷ്യധാന്യം എങ്ങോട്ട് പോകുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയമില്ലെന്ന് ഘേരെ ചൂണ്ടിക്കാണിക്കുന്നു.

ബയോമെട്രിക് സംവിധാനത്തിലേക്ക് നീങ്ങിയ മറ്റ് സംസ്ഥാനങ്ങളും സമാനമായ സ്ഥിതിവിശേഷമാണ് അനുഭവിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ പൊതുവിതരണത്തിലെ തട്ടിപ്പ് തടയാനാവില്ലെന്ന് കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. നിരവധി റേഷന്‍ കാര്‍ഡുകളിലേക്ക് സ്വന്തം ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതായി രാജസ്ഥാന്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബോധ് അഗര്‍വാളും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഏഴായിരത്തിലേറെ തട്ടിപ്പുകള്‍ സംസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സുതാര്യമായ നടപടികളില്ലാതെ പൊതുവിതരണ സമ്പ്രദായത്തിലെ തട്ടിപ്പുകള്‍ തടയാനാവില്ലെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍