UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിപിന്‍ ചന്ദ്രമാര്‍ വിടപറയുമ്പോള്‍ ആദിത്യനാഥുമാര്‍ അപ്പോസ്തലന്മാരാവുന്നു

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ ചരിത്രകാരന്മാര്‍ക്കിടയിലെ കുലപതിയും വര്‍ഗീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആധികാരിക ശബ്ദവുമായ ബിപിന്‍ ചന്ദ്ര, ദീര്‍ഘകാലമായി പിന്തുടരുന്ന അസുഖങ്ങളെ തുടര്‍ന്ന് ഗുര്‍ഗാവില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ച നിര്യാതനായി. അദ്ദേഹത്തിന് 86 വയസായിരുന്നു.

ചരിത്രമെഴുത്തിനും വിദ്യാര്‍ത്ഥികളുടെ നിരവധി തലമുറയ്ക്കുമുള്ള വലിയ നഷ്ടം മാത്രമല്ല അദ്ദേഹത്തിന്റെ മരണം സൃഷ്ടിക്കുന്നത്. ദാരിദ്ര്യത്തെയും നിരക്ഷരതയെയും കുറിച്ചുണ്ടായിരുന്ന ആശങ്കകള്‍ ‘ലൗ ജിഹാദിനും’ ‘ഘര്‍ വാപസി’ യ്ക്കും വഴി മാറുന്ന വിധത്തില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്ന ഇന്ത്യന്‍ സമീപകാല ചരിത്രത്തിന്റെ ഉദയത്തില്‍ പ്രതീകാത്മകം കൂടിയാണ് അത്. വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള അക്കാദമിക് ചര്‍ച്ചകളുടെ സ്ഥാനത്ത് വിഡ്ഢിത്തവും അപകടകരവുമായ ചര്‍ച്ചകള്‍ നടക്കുന്ന, രാജ്യത്തെ ഏറ്റവും സാക്ഷരരെന്ന് അഭിമാനിക്കുന്ന സംസ്ഥാനം പോലും ഉത്തരവാദിത്വമുള്ള മദ്യപാനത്തിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് പകരം മാഫിയകള്‍ക്ക് മടങ്ങിവരാന്‍ വഴിയൊരുക്കുന്ന ഈ കാലത്ത്, ഇത്തരം ഇന്ത്യയില്‍ നിന്നും നമുക്ക് രക്ഷപ്പെടാനുള്ള ഒരാശ്വാസമായി വര്‍ത്തിയ്ക്കാന്‍ ചന്ദ്രയ്ക്ക് സാധിക്കുമായിരുന്നു.

ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയുടെ ചരിത്ര പഠന കേന്ദ്രത്തിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയിലും നാഷണല്‍ ബുക് ട്രസ്റ്റിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയിലും ഭൂരിപക്ഷം ഇന്ത്യക്കാരുടെയും തങ്ങളുടെ ആദ്യകാല അക്കാദമിക് ജീവിതത്തില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ ചന്ദ്രയ്ക്ക് സാധിച്ചിരുന്നു. ആയിരങ്ങളുടെ ചരിത്ര വീക്ഷണങ്ങളെ നിര്‍ണയിച്ച പ്രധാനപ്പെട്ട പാഠങ്ങളില്‍ അദ്ദേഹം എഴുതിയ പുസ്തകങ്ങളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം വെറും ഒരു പാഠപുസ്തക എഴുത്തുകാരന്‍ മാത്രമായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, സാമ്പത്തിക ദേശീയത, മഹാത്മഗാന്ധി തുടങ്ങി സമകാലീന ഇന്ത്യയ്ക്ക് രൂപം നല്‍കിയ മറ്റ് പല ഘടകങ്ങളെയും സംബന്ധിച്ചിടത്തോളമുള്ള ആധികാരികതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

ഇന്ത്യന്‍ വര്‍ഗീയതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും ശ്രദ്ധേയം. ഇന്ത്യയിലെ വിവിധ മതങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളിലെ വിള്ളലുകള്‍ക്കുള്ള അടിസ്ഥാന കാരണങ്ങളുടെ അന്വേഷണത്തില്‍, തന്റെ മതവിശ്വാസങ്ങള്‍ ഇടപെടാന്‍ ഉയര്‍ന്ന ഹൈന്ദവകുലത്തില്‍ പിറന്ന ഈ ഹിമാചല്‍ പ്രദേശുകാരന്‍ അനുവദിച്ചില്ല. ഇന്ത്യയുടെ നാനാത്വത്തെ വാഴ്ത്തുകയും ആഘോഷിക്കുകയും ചെയ്യുമ്പോഴും, വര്‍ഗീയതയെ കുറിച്ചും അത് ഇന്ത്യയെ ഒരു ആധുനിക രാജ്യമാക്കി മാറ്റുന്നതില്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ കുറിച്ചും അദ്ദേഹം ആഴത്തില്‍ ആശങ്കാകുലനായിരുന്നു.

അക്കാദമിക് രംഗത്ത് വലിയ സ്വീകരണം ലഭിച്ച ‘കമ്മ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ’ എന്ന പുസ്തകം 1984ലും ‘കമ്മ്യൂണലിസം: എ പ്രൈമര്‍’ 2004-ലും അദ്ദേഹം പ്രസിദ്ധീകരിച്ചു. 2004-ല്‍ എഴുതിയ പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ വാദിക്കുന്നു: ‘ഒരേ മതവിഭാഗത്തിലുള്ള ആളുകള്‍ക്ക് ഒരേ സാമൂഹിക-സാമ്പത്തിക താല്‍പര്യങ്ങളാണുള്ളതെന്ന് ചില വ്യക്തികളോ സംഘടനകളോ വിശ്വസിക്കുമ്പോഴാണ് വര്‍ഗീയ പ്രത്യയശാസ്ത്രം ഉദയം കൊള്ളുന്നത്. വര്‍ഗീയ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും അത് പ്രവര്‍ത്തിപദത്തില്‍ എത്തിയ്ക്കാനും വ്യക്തിയോ സംഘടനയോ ശ്രമിക്കുന്നതോടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. വിവിധ മതാടിസ്ഥാനത്തിലുള്ള സമൂഹങ്ങള്‍ക്ക് അവരുടേതായ പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ടെങ്കിലും, ആ താല്‍പര്യങ്ങളൊക്കെ അനുരജ്ഞനത്തില്‍ എത്തിയ്ക്കാമെന്നും യോജിപ്പിയ്ക്കാമെന്നുമുള്ള കാഴ്ചപ്പാടിലേക്ക് വര്‍ഗീയതയുടെ ഈ ഘട്ടത്തില്‍ ഒരാള്‍ മാറുന്നു. മത വൈരുദ്ധ്യങ്ങളെ മതേതര വൈരുദ്ധ്യങ്ങളായി മാറ്റുകയും ഇവ പരസ്പരം പൊരുത്തമില്ലാത്തതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതോടെ മൂന്നാം ഘട്ടം ആരംഭിക്കുന്നു. ഈ കലുഷിതഘട്ടത്തില്‍ ‘എതിരാളികള്‍ക്കെതിരെ’ ഭാഷയിലും രേഖകളിലും പെരുമാറ്റത്തിലും ആക്രമണത്തിന്റെ സൂചനകള്‍ കടന്നുവരികയും പരസ്പര ശത്രുത വര്‍ദ്ധിക്കുകയും ചെയ്യുന്നു.’ 

ചന്ദ്ര ക്രോഢീകരിക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് ഇന്ന് രാജ്യത്തെമ്പാടും നമ്മുടെ ദൈനംദിന ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ തന്റെ സമുദായത്തിന്റെ പൊതു ലാഭങ്ങളാണെന്ന മൂഢവിശ്വാസത്തില്‍ ജീവിക്കുന്ന സമുദായ നേതാക്കള്‍ കേരളത്തിലുണ്ട്. അതുകൊണ്ടാണ് ബാറുകള്‍ അടച്ചുപൂട്ടുന്നത് ഹിന്ദുക്കള്‍ക്കെതിരായ നീക്കമാണെന്ന് ചിലര്‍ വാദിക്കുന്നത്. ബാറുകള്‍ അടച്ചുപൂട്ടുന്നത് തങ്ങളുടെ സമുദായത്തിന് ഗുണകരമാണെന്ന് മറ്റ് ചിലര്‍ വാദിക്കുന്നു.

സമീപകാലങ്ങളില്‍, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വാദങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയ്ക്കുണ്ടായ വളര്‍ച്ചയും പ്രാദേശിക സാമുദായിക പാര്‍ട്ടികളുടെ ഇതിനോടുള്ള പ്രതികരണവുമാണ് ഇന്ത്യയുടെ കിഴക്ക്, വടക്ക്, മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വര്‍ഗ്ഗീയത വളരുന്നതിന് കാരണമായത് എന്ന കാര്യം അത്ര യാദൃശ്ചികമല്ല. വിവേകശൂന്യമായ വാദങ്ങളിലും ജനങ്ങളെ വിഭജിപ്പിക്കുന്നതിലും സാധാരണക്കാരെ വരുതിയില്‍ നിറുത്തുന്നതിലും ദരിദ്രരെ അടിച്ചമര്‍ത്തുന്നതിലും ഊന്നിയാണ് ഇരുവിഭാഗങ്ങളും തങ്ങളുടെ രാഷ്ട്രീയ ലാഭം കെട്ടിപ്പടുക്കുന്നത്.

ഗോരഖ്പൂരില്‍ നിന്നുള്ള ബിജെപി എംപി യോഗി ആദിത്യനാഥിനെ പോലെ ഈ യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കുന്ന മറ്റൊരാള്‍ ഇന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനത്തിലെ തങ്ങളുടെ പിന്തുടര്‍ച്ചാവകാശികളില്‍ ഒരാള്‍ ഇദ്ദേഹമാണെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ട് ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാനുള്ള ചുമതല മോദിയും അമിത് ഷായും ഇദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. വര്‍ഗീയ വിഷപാത്രമായ ആദിത്യനാഥിനെ മോദി തള്ളിപ്പറയാത്തിടത്തോളം കാലം, ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗീയ വികാരങ്ങള്‍ക്ക് ഭാഗികമായി സംഭാവന നല്‍കുന്നതിലുള്ള ഉത്തരവാദിത്വത്തില്‍ നിന്നും മോദിയെ കുറ്റവിമുക്തനാക്കാന്‍ വിവേകമുള്ള ഒരു വായനക്കാരനും സാധിക്കില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

നരേന്ദ്ര ദാബോല്‍ക്കര്‍ എന്ന ബൗദ്ധിക രക്തസാക്ഷി
പഠനമുറികളിലേക്ക് ഒളിച്ചു കടത്തുന്ന (കാവി) ചരിത്രം
കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍
ദിനനാഥ് ബത്ര എന്ന സംഘി അഥവാ സ്വയം പ്രഖ്യാപിത സെന്‍സര്‍
നീ മരിച്ചാല്‍ ഞാന്‍ ലഡു തിന്നും പടക്കം പൊട്ടിക്കും

ഈ സമീപ ദിവസങ്ങളില്‍ ആദിത്യനാഥ് പറഞ്ഞു: ‘ജനസംഖ്യയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ 40 ശതമാനത്തില്‍ കൂടുതലുള്ള ഒരിടത്തും മറ്റ് സമുദായങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഇത്തരം സ്ഥലങ്ങളിലാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ വ്യാപിക്കുന്നത്.’ ഇത്തരം സ്ഥലങ്ങളില്‍ നിന്നും മറ്റ് സമുദായക്കാര്‍ പലായനം ചെയ്യുകയാണെന്നും ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തുടച്ചുമാറ്റപ്പെടുകയാണെന്നും ഇദ്ദേഹം തട്ടിവിടുന്നുണ്ട്.

ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മതപുനര്‍പരിവര്‍ത്തനം സംഘടിപ്പിക്കുകയും ആഭാസകരമായി സംസാരിക്കുകയും വിദ്വേഷം വിളമ്പുകയും ചെയ്യുകയാണ് ഇദ്ദേഹത്തിന്റെ സാധാരണ വിനോദങ്ങള്‍. നിര്‍ഭാഗ്യവശാല്‍ മോദിയുടെ കീഴിലുള്ള ബിജെപിയുടെ ഉത്തര്‍പ്രദേശിലെ അപ്പോസ്തലനായി ഇദ്ദേഹം മാറുന്നു. 

ബിപിന്‍ ചന്ദ്രയെ സംബന്ധിച്ചിടത്തോളം വിട പറയാന്‍ ഇതിലും ‘നല്ല’ അല്ലെങ്കില്‍ മോശം സമയം ഇല്ലായിരുന്നു എന്ന് പറയാം. ഇന്ത്യന്‍ വര്‍ഗീയ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുകയും അതില്‍ ആകുലനാവുകയും ചെയ്തിരുന്നു ആ വന്ദ്യവയോധികന്‍. ഒരു കമ്മ്യൂണിസ്റ്റ്, ഒരു സ്വതന്ത്രചിന്തകന്‍, ഒരു മികച്ച അക്കാദമിക് ഒക്കെയായിരുന്നു അദ്ദേഹം. ഇതിലെല്ലാമുപരിയായി വലിയ ലിബറല്‍ മുല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന യഥാര്‍ത്ഥ ഇന്ത്യക്കാരന്‍. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്, ഇന്ത്യയിലെമ്പാടും നടപ്പിലാവുന്ന പുതിയ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നിരിക്കണം. തന്റെ അക്കാദമിക് നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കപ്പെട്ടതായി, താന്‍ നിസഹായനായതായി ചന്ദ്രയ്ക്ക് തോന്നിയിരിക്കണം. കാരണങ്ങളില്ലാതെയല്ല അദ്ദേഹം കഴിഞ്ഞ ശനിയാഴ്ച നമ്മോട് വിടപറയാന്‍ തീരുമാനിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍