UPDATES

ട്രെന്‍ഡിങ്ങ്

രണ്ട് പേരെ മറികടന്നു കരസേനാ മേധാവിയായുള്ള ബിപിന്‍ റാവത്തിന്റെ നിയമനം ഇന്ത്യന്‍ സൈന്യത്തില്‍ അപൂര്‍വം

ലെഫ്റ്റനന്‌റ് ജനറല്‍മാരായ പ്രവീണ്‍ ബക്ഷി, മലയാളി കൂടിയായ പിഎം ഹാരിസ് എന്നിവരെ മറികടന്നാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്.

ലെഫ്റ്റനന്‌റ് ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഡിസംബര്‍ 31ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. രണ്ട് സീനിയര്‍ സൈനികോദ്യോഗസ്ഥരെ മറികടന്നാണ് നിയമനം. ലെഫ്റ്റനന്‌റ് ജനറല്‍മാരായ പ്രവീണ്‍ ബക്ഷി, മലയാളിയായ പിഎം ഹാരിസ് എന്നിവരെ മറികടന്നാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. 1983-ല്‍ മാത്രമാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ സീനിയോറിറ്റി നോക്കാതെ കരസേനാ മേധാവിയെ നിശ്ചയിച്ചത്. സീനിയോറിറ്റി നോക്കിയാല്‍ ഈസ്‌റ്റേണ്‍ കമാന്‍ഡ് തലവനായ ജനറല്‍ ബക്ഷിയാണ് അടുത്ത കരസേനാ മേധാവിയാകേണ്ടത്. അത് കഴിഞ്ഞാല്‍ സേനാ മേധാവിയാകേണ്ടത് സതേണ്‍ കമാന്‍ഡ് തലവന്‍ പിഎം ഹാരിസാണ്.

സീനിയോറിറ്റി അവഗണിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദമാവാന്‍ ഇടയുണ്ട്. ജമ്മു കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി മേഖലകളിലും സംഘര്‍ഷ പ്രദേശങ്ങളിലും പ്രവര്‍ത്തന പരിചയമുള്ളതാണ് ബിപിന്‍ റാവത്തിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ചില കരസേനാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നാളെ ഒരു യുദ്ധമുണ്ടായാല്‍ അത് അതിനു കൂടുതല്‍ സാധ്യത മരുഭൂമികളും സമതലങ്ങളും കേന്ദ്രീകരിച്ചു ടാങ്ക് ഉപയോഗിച്ചാകാമെന്നും അപ്പോള്‍ എന്ത് ചെയ്യുമെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് മുന്‍ കമാന്‍ഡര്‍ ലെഫ്. ജനറല്‍ എച്ച്എസ് പനാഗ് പറയുന്നു.

army-2

ലെഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി

കരസേനാ മേധാവിയെ 60 ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കുക എന്നതാണ് പിന്തുടരുന്ന രീതി. എന്നാല്‍ ഇത്തവണ അതിന് വിരുദ്ധമാണ്. ഹാരിസിനെ തഴയുന്നത് മുസ്ലീം ആയതിനാലാണ് എന്ന വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം സമുദായത്തില്‍ പെട്ടയാള്‍ ആദ്യമായി ഇന്ത്യന്‍ കരസേനാ മേധാവിയാകുന്നതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതെന്ന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറിയും എഴുത്തുകാരനുമായ ഷെഹ്സാദ് പൂനെവാല അഭിപ്രായപ്പെട്ടു.

ഇന്ന്‍ ഇന്ത്യന്‍ സൈനിക നിരയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന രണ്ട് ജനറല്‍മാരാണ് ലെഫ്. ജനറല്‍ ബക്ഷിയും ലെഫ്. ജനറല്‍ ഹാരിസും. ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ ഏറ്റവുമധികം അനുഭവസമ്പത്തും പരിശീലനവും നേടിയിട്ടുള്ള ഓഫീസറാണ് ലെഫ്. ജനറല്‍ ബക്ഷി. അതുകൊണ്ടു തന്നെ ലെഫ്. ജനറല്‍ ബക്ഷി തന്നെയാകും അടുത്ത ആര്‍മി ചീഫ് എന്നായിരുന്നു പൊതുവേയുള്ള വിശ്വസം.

കോഴിക്കോട് ചെറൂപ്പ സ്വദേശിയായ പിഎം ഹാരിസ് 1978-ലാണ് കരസേനയുടെ ഭാഗമായത്. രാജ്യത്തെ മറ്റേതൊരു ദേശീയ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവിധ മതസ്ഥരുടെ പ്രാതിനിധ്യമുള്ള ഒന്നാണ് ഇന്ത്യന്‍ സൈന്യം. അതുകൊണ്ടു തന്നെ ലെഫ്. ജനറല്‍ ഹാരിസിന്റെ മതം ഇക്കാര്യത്തില്‍ പ്രശ്നമായിട്ടില്ലെന്ന് പറയുമ്പോഴും നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പല പ്രവര്‍ത്തികളും ഇത്തരത്തിലുള്ള സാധ്യതകള്‍ തളിക്കളയാന്‍ കഴിയില്ലെന്ന വിമര്‍ശനമാണ് പലരും ഉയര്‍ത്തുന്നത്.

army-3

ലെഫ്. ജനറല്‍ പി.എം ഹാരിസ്

നിലവില്‍ ആര്‍മി സ്റ്റാഫ് വൈസ് ചീഫായ ബിപിന്‍ റാവത്ത് ഇന്ത്യന്‍ കരസേനയുടെ 26ാമത് മേധാവിയായാണ് ചുമതലേല്‍ക്കുന്നത്. ഇലവന്‍ ഗൂര്‍ഖ റൈഫിള്‍സിലെ അഞ്ചാം ബറ്റാലിയനില്‍ അംഗമാണ് ബിപിന്‍ റാവത്ത്. 1978ല്‍ കരസേനാംഗമായ ബിപിന്‍ റാവത്ത് കോംഗോയില്‍ യുഎന്‍ സമാധാന സേനയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1983-ല്‍ ലെഫ്. ജനറല്‍ ബി.കെ സിന്‍ഹയെ മറികടന്ന്‍ ഇന്ദിരാ ഗാന്ധി ജനറല്‍ എ.എസ് വൈദ്യയെ കരസേനാ മേധാവിയായി നിയമിച്ചതിനോടാണ് ഇപ്പോഴത്തെ നിയമനത്തെ പലരും ഉപമിക്കുന്നത്. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ഇത്തരം നയങ്ങളെ സ്ഥിരമായി എതിര്‍ത്തവര്‍ തന്നെയാണ് അതേ നയം തന്നെ പിന്തുടരുന്നത് എന്നതും ശ്രദ്ധേയം. പാകിസ്താനില്‍ സീനിയോറിറ്റി ഉള്ളവരെ മറികടന്ന് രാഷ്ട്രീയ നേതൃത്വത്തിന് താത്പര്യമുള്ളവരെ നിയമിക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തില്‍ അത്തരം സംഭവങ്ങള്‍ വിരളമാണ്. അതുകൊണ്ട് തന്നെ നിലവിലെ നിയമനം സേനാവിഭാഗങ്ങള്‍ക്കിടയില്‍ ഏത് വിധത്തിലാണ് പ്രതിഫലിക്കുക എന്നു പറയാന്‍ കഴിയില്ല. ജൂനിയര്‍ ഉദ്യോഗസ്ഥന് കീഴില്‍ തുടരാന്‍ ലെഫ്. ജനറല്‍ ബക്ഷിയും ലെഫ്. ജനറല്‍ ഹാരിസും തയാറായേക്കില്ലെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ വളരെ പ്രൊഫഷണലായ രണ്ടു മുതീര്‍ന്ന ഓഫീസര്‍മാരെയായിരിക്കും ഇന്ത്യന്‍ സൈന്യത്തിന് നഷ്ടപ്പെടുക.

പുതിയ വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ ബീരേന്ദര്‍ സിംഗ് ധനോവയെ പ്രഖ്യാപിച്ചു. എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ വിരമിക്കുന്ന സാഹചര്യത്തിലാണിത്. വ്യോമസേനയുടെ 22ാമത് മേധാവിയായിരിക്കും ധനോവ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍