UPDATES

പക്ഷിപ്പനി സ്ഥിരീകരിച്ചു; കുരീപ്പുഴ ഫാമിലെ ടര്‍ക്കി കോഴികളെ കൊന്നു തുടങ്ങി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കൊല്ലം കുരീപ്പുഴയിലെ സര്‍ക്കാര്‍ വക ടര്‍ക്കി ഫാമില്‍ ടര്‍ക്കി കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് ടര്‍ക്കികള്‍ ചത്തത് എച്ച് 1 ഇനത്തില്‍ പെട്ട വൈറസ് ബാധമൂലം ആണെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഫാമില്‍ അവശേഷിക്കുന്ന 6475 കോഴികളെ കൊന്നുതുടങ്ങി. ജില്ലാ കളക്ടര്‍ കൗശികിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗം ബാധിച്ച ടര്‍ക്കി കോഴികളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ലെന്നു ജില്ല കളക്ടര്‍ അറിയിച്ചു. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികള്‍, താറാവുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെയും കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്.. ഇവക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും.  ഫാമിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ് ഇറച്ചി വ്യാപാരവും മുട്ട വ്യാപാരവും നിരോധിച്ചിട്ടുണ്ട് . 

കഴിഞ്ഞ കുറച്ചു നാളുകളായി ഫാമില്‍ ആയിരക്കണക്കിനു ടര്‍ക്കികകളാണ് ചത്തത്. അഷ്ടമുടിക്കായലനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ ഫാമിനരികത്ത് എത്തുന്ന ദേശാടന പക്ഷികള്‍ വഴിയാണ് പക്ഷിപ്പനി ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

അതേ സമയം രോഗം ബാധിച്ച ടര്‍ക്കി കോഴികളെ കൊല്ലാന്‍ അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ചത് വിവാദമായിട്ടുണ്ട്. വിദഗ്ദപരിശീലിനം ലഭിച്ചവരെ ഈ ജോലിക്ക് നിയോഗിക്കേണ്ട സ്ഥാനത്ത് യാതൊരു മുന്‍പരിചയവും ഇല്ലാത്ത അന്യസംസ്ഥാനക്കാരെ നിയോഗിച്ചത് ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്നാണ് ആരോഗ്യവകുപ്പും നാട്ടുകാരും പറയുന്നത്. എന്നാല്‍ ആവശ്യമായ മുന്‍കരുതലും പരിശീലനവും നല്‍കിയിട്ടാണ് ഇവരെ കോഴികളെ കൊല്ലാന്‍ നിയോഗിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍