UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പക്ഷിപ്പനി: ഈ മൃഗസംരക്ഷണ വകുപ്പ് എന്താണ് ചെയ്യുന്നത്? ജനമറിയേണ്ട കാര്യങ്ങള്‍

Avatar

 

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി വ്യാപിച്ചിരിക്കുന്നു. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. മനുഷ്യരുടെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും നമ്മുടെ ആരോഗ്യ വകുപ്പും സംവിധാനങ്ങളും പൊതുജനാരോഗ്യ മേഖലയില്‍ എത്രത്തോളം സെന്‍സിറ്റീവ് ആണ് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എന്താണ് കേരളത്തിലെ മൃഗസംരക്ഷണ വകുപ്പില്‍ നടക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധരോടും ഉദ്യോഗസ്ഥരോടും സംസാരിച്ച് ടീം അഴിമുഖം തയാറാക്കിയ കാര്യങ്ങള്‍. ഔദ്യോഗിക വക്താക്കള്‍ അല്ലാത്തവര്‍ പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയോ പക്ഷികളെ കൊന്നൊടുക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയോ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 

 

പക്ഷിപ്പനിയെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന കൊന്നൊടുക്കലും സാമ്പത്തികസഹായം നല്‍കലും, എന്ന നടപടികള്‍ ഫലം കാണുമോ? ഈ സര്‍ക്കാര്‍ പൊതുജനാരോഗ്യത്തിനുവേണ്ടിയും ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടിയും എന്തുചെയ്യുന്നു? അഥവാ വളരെപ്പെട്ടെന്ന് പറഞ്ഞും കൊന്നും തീര്‍ക്കാവുന്നതാണോ നമ്മുടെ ഭക്ഷ്യസുരക്ഷാ ആശങ്കകള്‍? ഈ ആശങ്കകള്‍ ഒക്കെത്തന്നെയാണ് അഴിമുഖവുമായി സംസാരിച്ച ഭൂരിഭാഗം പേരും പങ്കുവച്ചത്. ഒരു വാര്‍ത്താസമ്മേളനവും നഷ്ടപരിഹാരപ്രഖ്യാപനവും അതിനുമപ്പുറം ഡിസാസ്റ്റര്‍ ടൂറിസവും എന്ന മട്ടില്‍ അല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതും പ്രധാനപ്പെട്ട കാര്യമാണെന്ന്‍ ഞങ്ങള്‍ സംസാരിച്ചവര്‍ പങ്കുവച്ചു. 

 

ഇപ്പോള്‍ രണ്ടുജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍നിന്ന് മനസിലാവുന്ന കുറച്ചുകാര്യങ്ങള്‍. 

1. വളരെ വൈകി മാത്രമേ രോഗത്തെ സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ധാരണയുണ്ടാവുന്നുള്ളൂ.  

 

2. രോഗത്തെ സംബന്ധിച്ച വ്യക്തതയില്ലായ്മയും അതുമൂലം നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് സാമ്പത്തികസഹായമുണ്ടാവുമോ എന്ന ഭീതിയും സ്ഥിതി വഷളാക്കുന്നു.

 

3. മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്, സര്‍ക്കാര്‍ ഇത്തരം രോഗങ്ങളുടെ ആവിര്‍ഭാവത്തെ ഒട്ടും ജാഗ്രതയോടെ കാണുന്നില്ല എന്നതാണ്. 

 

4. പൊതുജനാരോഗ്യനയത്തില്‍ ജന്തുജന്യമായ ഭക്ഷ്യവസ്തുക്കളെ സംബന്ധിക്കുന്ന നടപ്പിലാവുന്ന ഒരു നിര്‍ദേശവുമില്ല. 

 

5. എല്ലാ രോഗങ്ങളും പറഞ്ഞുവരുമ്പോള്‍ അതിര്‍ത്തികടന്നുവരുന്നവയാണ്

 

6. ചെക്ക്‌പോസ്റ്റുകള്‍ ഒരു ചുക്കും നോക്കുന്നില്ല. നികുതിപോലും യഥാവിധി ലഭിക്കുന്നുമില്ല; എന്നാല്‍ കൈമടക്കുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ യഥാവിധി ചെല്ലുന്നുമുണ്ട്.  

നമുക്ക് പേടിക്കാന്‍ കാരണങ്ങളുണ്ട്. പക്ഷിപ്പനി പക്ഷികളില്‍നിന്ന് മറ്റു പക്ഷികളിലേക്കും അതുപോലെ മനുഷ്യരിലേക്കും പടരാനിടയുള്ള, അന്തരീക്ഷം വഴി പടര്‍ന്നുപിടിക്കുന്ന ഒരു രോഗമാണ്. അന്തരീക്ഷം വഴി പടര്‍ന്നുപിടിക്കുന്ന രോഗം എന്നനിലയില്‍ അത് ഒരു എപിഡെമിക് ആയിത്തീരുന്നതുമാണ്. മോര്‍ബിഡിറ്റിയും മോര്‍ട്ടാലിറ്റിയും വളരെ കൂടുതലായുള്ള ഒരു രോഗവുമാണ്. വളരെ സ്‌തോഭജനകമായ പൊതുജനാരോഗ്യപ്രാധാന്യമുള്ള സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും. എങ്കിലും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ടെലിവിഷന്‍ ചര്‍ച്ചകളോ, വാര്‍ത്താസമ്മേളനങ്ങളിലൂടെ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരങ്ങളോ അല്ലാതെ മറ്റൊന്നും നമ്മുടെ വന്യമായ ഭാവനയില്‍പ്പോലുമില്ല.

യഥാര്‍ത്ഥത്തില്‍ മനുഷ്യസമൂഹം, മൃഗങ്ങളുമായും കൃഷിയുമായും നേരിട്ടും അല്ലാതെയും ഇടപെടുന്ന ഒരേ ഇക്കോസിസ്റ്റത്തിലാണ് ഉള്ളത് എന്നത് കൊണ്ടുതന്നെ ഒരു പൊതുജനാരോഗ്യചിന്ത എന്നനിലയില്‍ ഏക ആരോഗ്യം അഥവാ One health policy നമ്മുടെ സര്‍ക്കാരിന് ഉണ്ടാവേണ്ടതാണ്.

കുറച്ചുനാളുകള്‍ക്കുമുമ്പ് ഇറച്ചിക്കോഴിയിലെ ആന്റിബയോട്ടിക്ക് ആയിരുന്നു നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. പച്ചക്കറികളിലെ കീടനാശിനിയുടെ അംശം ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അല്ലാതായി. ആളുകള്‍ അതിനേക്കുറിച്ച് അലസരായിരിക്കുന്നു, ചിലപ്പോള്‍ ഒരു മഞ്ജുവാര്യരുടെ സിനിമാക്കഥയാണ് പച്ചക്കറിയിലെ വിഷപ്രയോഗം. അതേ നാട്ടില്‍ത്തന്നെ എന്‍ഡോസള്‍ഫാന്‍ രക്തസാക്ഷികള്‍ വെറുതേ ജീവിക്കുന്നു. ആര്‍ക്കും ഒന്നും ഓര്‍മ്മയില്ല. 

കേരളം അതിവേഗം നഗരവല്‍ക്കരിക്കപ്പെടുകയാണ്. കൃഷിയോ മൃഗസംരക്ഷണമോ ഫാമിങ്ങോ ഇല്ലാതായാല്‍പ്പോലും ഭക്ഷ്യഉപഭോക്തൃസുരക്ഷയെ മുന്‍നിര്‍ത്തി നമുക്ക് പലതും ചെയ്യാനുണ്ട്. അത് ഇപ്പോഴത്തേത് പോലെ പേടിപ്പിക്കുന്ന ഒരു സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യമല്ല; അതിന് ഉള്‍ക്കാഴ്ചയും ആസൂത്രണവും സംവിധാനങ്ങളും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണം; അത് ഉണ്ടായിരുന്നെങ്കില്‍ എന്നെ ഇക്കാര്യങ്ങള്‍ ഒക്കെ ഒരു പരിധി വരെയെങ്കിലും നമുക്ക് തടയാന്‍ കഴിയുമായിരുന്നു. 

നിലവില്‍ നമ്മുടെ കര്‍ഷകര്‍ ഇറച്ചിക്കോഴികളെയോ മുട്ടക്കോഴികളെയോ വളര്‍ത്തുന്നുണ്ട്. അവര്‍ ബാങ്ക് ലോണെടുത്തിട്ടാവും ഇവയൊക്കെ ചെയ്യുന്നത്. അഥവാ അവര്‍ കാര്‍ഷിക ലോണെടുക്കാതെ മറ്റ് വ്യക്തിഗത വായ്പകളാവും എടുക്കുന്നുണ്ടാവുക. ഫാമുകള്‍ക്ക് ലൈസന്‍സിങ്ങ് സമ്പ്രദായം നിര്‍ബന്ധിതമാക്കേണ്ടത് പഞ്ചായത്തീരാജ് നിയമത്തിനുശേഷം പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്. ലൈസന്‍സില്ലാത്ത ഫാമുകളെ പൂട്ടിക്കലല്ല, അവര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ സഹായിക്കുകയാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. ലൈസന്‍സ് ഉള്ള ഫാമുകളിലെ മൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യസ്ഥിതി മോണിട്ടര്‍ ചെയ്യാന്‍ മൃഗസംരക്ഷണവകുപ്പിലെ ഹെല്‍ത്ത് വിഭാഗത്തിനെ ചുമതലപ്പെടുത്തണം. നിലവില്‍ മൃഗസംരക്ഷണവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ തരണം ചെയ്യാനും ഒരു രോഗം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ അത് നിയന്ത്രിക്കാനുള്ള അടിയന്തരനടപടികള്‍ ഏറ്റെടുക്കാന്‍ സ്വമേധയാ സജ്ജമാവും വിധം ഒരു ടാസ്‌ക് വിങ്ങ് നിലവിലുണ്ടാവണം.

 

താലൂക്ക് തലത്തില്‍ നിലവിലുള്ള ഓണ്‍ലൈന്‍ രോഗവിവരറിപ്പോര്‍ട്ടിങ്ങ് സമ്പ്രദായം (National Animal Disease Reporting System- NADRS) ഇത്തരം ലൈസന്‍സ് ഉള്ള ഫാമുകളിലെ ആരോഗ്യവിവരത്തെ ഉള്‍ക്കൊള്ളിക്കുകയും അത്തരം റിപ്പോര്‍ട്ടിങ്ങ് വഴി ഈ ഫാമുകളിലെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും രോഗവിമുക്തമാണെന്ന് സ്വയം ഉറപ്പുവരുത്തുന്നവയുമാവും. അതുപോലെ സംശയാസ്പദമായ രീതിയില്‍ ഒരു ഫാമിലെ മൃഗങ്ങളോ പക്ഷികളോ ചത്തൊടുങ്ങുന്നു എങ്കില്‍ അവിടെ നിന്നും സാമ്പിളുകള്‍ ലഭ്യമാവുന്നതിലെ താമസം വലിയ പ്രശ്‌നമാണ്. എത്ര വൈകുന്നോ കാര്യങ്ങള്‍ അത്രയും മോശമാവും, അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നമുക്ക് ഒരു ഫയര്‍ അലാം ആവശ്യമാണ്. റീജണല്‍ ലാബറട്ടറികളില്‍ പക്ഷിപ്പനി പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തണം എന്ന് കേന്ദ്രസര്‍ക്കാര്‍ 2004-ല്‍ത്തന്നെ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതിന് ഫണ്ടും ലഭിക്കുന്നതാണ്. പത്ത് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍, 2014ല്‍, ഇതാദ്യമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അത് സ്ഥിരീകരിക്കാന്‍ നമുക്ക് ഭോപ്പാലിലെ ലാബോറട്ടറിയില്‍ പോകേണ്ടി വന്നു. പത്തു കൊല്ലം കഴിഞ്ഞിട്ട് പോലും കേരളത്തില്‍ ഇവ്വിധം ഒരു ലാബറട്ടറി സ്ഥാപിക്കാന്‍ നമുക്കായില്ല. ഒന്നുമില്ലെങ്കില്‍ നമ്മള്‍ ഭക്ഷ്യപ്രിയരായ, ഉപഭോക്തൃവോട്ടര്‍മാരുടെ സാക്ഷരകേരളമാണെന്നോര്‍ക്കണം.

കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ഇതൊക്കെ ചെയ്യാനാണ് മൃഗസംരക്ഷണവകുപ്പ് എന്നൊരു വകുപ്പുള്ളത്. എന്നാല്‍ താലൂക്ക് തലത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ പുനഃസംഘടന സംബന്ധിച്ചു പോലും സര്‍ക്കാര്‍ ഉത്തരവ് ഒരു വര്‍ഷത്തിലേറെയായി മോര്‍ച്ചറിയിലാണ്. വകുപ്പിലെ ഏറ്റവും വലിയ വിഭാഗം ജീവനക്കാരായ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ ജോലിയെന്താണെന്ന് അവര്‍ക്കുപോലും നിശ്ചയമില്ല, അവരുടെ മേല്‍ ആര്‍ക്കും നിയന്ത്രണവുമില്ല. പഞ്ചായത്തിനുപോലും ഒരു റോളുമില്ല. 

 

കഴിഞ്ഞ വര്‍ഷം മറ്റൊരു പകര്‍ച്ചവ്യാധി മൃഗങ്ങളില്‍ പൊട്ടിപുറപ്പെട്ടിരുന്നു; കുളമ്പുരോഗം. നിലവില്‍ ഏറെ ഫണ്ട് ചെലവിട്ട് നടത്തിക്കൊണ്ടിരുന്ന ഒരു പദ്ധതിയാണ് കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് പദ്ധതി. കുളമ്പുരോഗം പ്രതിരോധകുത്തിവെപ്പിലൂടെ ഇല്ലാതാക്കാന്‍ ലോകത്ത് ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് ഇവിടെ കുത്തിവയ്പ്പിലൂടെ കുളമ്പുരോഗത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. 

ഏതു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാലും സര്‍ക്കാര്‍ ആശ്വാസ വാഗ്ദാനവും സഹായ പ്രഖ്യാപനവുമായി രംഗത്തെത്തും. അതാണ് ഇവിടെ സര്‍ക്കാര്‍ പ്രവൃത്തിക്കുന്നു എന്നതിന്റെ തെളിവ്; അല്ലെങ്കില്‍ അതുമാത്രമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കുളമ്പുരോഗബാധയുടെ നഷ്ടപരിഹാരം പോലും പൂര്‍ണ്ണമായി വിതരണം ചെയ്തിട്ടില്ല. പല മൃഗാശുപത്രികളിലും അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. അപ്പോഴാണ് പക്ഷിപ്പനിയുടെ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത്. കന്നുകാലികള്‍ക്ക് പേവിഷബാധയേറ്റാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം പോലും യഥാസമയം വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന ഒരു കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയും കേരളത്തിലില്ല. (ഇടതുഭരണകാലത്ത് ഉണ്ടായിരുന്നത് എന്നേ ഇല്ലാതായി) അതുമാത്രമല്ല, പ്രതിരോധകുത്തിവെപ്പ് ലഭ്യമായ ഒരു രോഗത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ല. നഷ്ട പരിഹാരം നല്കിയാല്‍ ഖജനാവ് കാലിയായിപ്പോവും ഈ കന്നാലികളെക്കാരണം എന്ന പേടിയും സര്‍ക്കാരിന് വേണ്ടാത്തതാണ്. ലോകബാങ്ക് ഇത്തരം കര്‍ഷകദുരന്തനിവാരണഫണ്ട് രൂപീകരിക്കാമെന്ന് സര്‍ക്കാരുകളോട് 2006-ല്‍ത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. അവര്‍ വ്യക്തമാക്കി, നമ്മള്‍ കേട്ടിരുന്നു- അത്ര മാത്രമേ സംഭവിച്ചുള്ളൂ. ഇക്കൂട്ടത്തില്‍, മൃഗസംരക്ഷണത്തിനുവേണ്ടി ഒരു സര്‍വകലാശാല കൂടിയുള്ള നാടാണ് നമ്മുടേത് എന്നും ഓര്‍ക്കണം. 

 

കര്‍ഷകരെ സംബന്ധിച്ചിടത്തോളം വ്യാപകമായ നാശനഷ്ടം സംഭവിക്കുന്നതോ വാര്‍ത്താപ്രാധാന്യം നേടാത്തതോ ആയ അനേകം പ്രശ്‌നങ്ങളുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അത്തരമൊരു പ്രഖ്യാപനമുണ്ടായിരുന്നു. കര്‍ഷകക്ഷേമവകുപ്പ് രൂപീകരിക്കുകയും പദ്ധതിനിര്‍വ്വഹണവും കാര്‍ഷികദുരന്തനിവാരണവും പ്രത്യേകവിഭാഗങ്ങളായി വകുപ്പ് പുനഃസംഘടിപ്പിക്കുക എന്നൊക്കെ. കര്‍ഷകരജിസ്‌ട്രേഷന്‍ വഴി മൃഗസംരക്ഷണപ്രവൃത്തനങ്ങളിലെ സാമ്പത്തികസഹായം കുറച്ചുകൂടി എളുപ്പത്തിലാക്കാനും ലക്ഷ്യമിട്ടിരുന്നു. പക്ഷെ ഒന്നും നടന്നില്ല. 

 

ഇപ്പോള്‍ ആകെയുള്ള പരിപാടി പക്ഷികളെ കൊല്ലലും അവ കത്തിക്കലുമാണ്. ഓരോ വര്‍ഷവും ഓരോ തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ മനുഷ്യരെയും മൃഗങ്ങളെയും ഒക്കെ കാത്തിരിക്കുന്നുണ്ട്; അവ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. നോക്കുകുത്തിയായ ഒരു സര്‍ക്കാരും അതിനു പറ്റുന്ന ജനങ്ങളുമായി നാം നാളെ നാളെ എന്നു പറഞ്ഞ് ജീവിച്ച് പോകുന്നു എന്നു മാത്രം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍