UPDATES

വായന/സംസ്കാരം

കുട്ടികള്‍ വിശന്നു മരിക്കുന്ന സമൂഹത്തില്‍ ബിരിയാണികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും

Avatar

ദീപ പ്രവീണ്‍

‘നമ്മള്‍ ഒരാളോട് നമ്മുടെ വേവലാതികള്‍ പറയുമ്പോള്‍, കേള്‍ക്കുന്ന ആള്‍ അതേ തോതിലല്ലെങ്കിലും അങ്ങിനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്ന് പോയിരിക്കുക എങ്കിലും വേണം. അല്ലാത്തവരോട് നമ്മളത് പറയരുത്. പറഞ്ഞാല്‍ നമ്മള്‍ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും..’

(ബിരിയാണി- സന്തോഷ് ഏച്ചിക്കാനം, മാതൃഭൂമി ആഴ്ചപ്പതിപ്പ്)

ദിവസങ്ങള്‍ക്കു മുന്‍പു രണ്ടു വയസുകാരന്‍ മകനെ ഉറക്കികിടത്തി ഒരു ലഘുവായനയ്ക്കു സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി തിരഞ്ഞെടുക്കുമ്പോള്‍ യാതൊരു മുന്‍വിധികളും ഉണ്ടായിരുന്നില്ല. വായിച്ചു കഴിഞ്ഞു കുഞ്ഞിനെ മാറോടു ചേര്‍ത്തു മുറുകെ പിടിച്ചു മണിക്കൂറുകളോളം ഉറങ്ങാതെ കിടന്നതിനു കാരണം ഗോപാല്‍ യാദവ് എന്നോടു സംവദിച്ച ജീവിതം, ‘അത്തരം ചില വേദനകളിലൂടെ ചെറുതായിട്ടൊന്നു കടന്നുപോയ ആളെന്ന നിലയില്‍’ എനിക്ക് കാണാന്‍ കഴിയുന്ന, അറിയാന്‍ കഴിയുന്ന ഒന്നാണ് എന്നതു കൊണ്ടാണ്.

വിവാദങ്ങളുടെ ബിരിയാണി
ഒരാഴ്ചയ്ക്ക് ഇപ്പുറം ബിരിയാണി വിവാദങ്ങളില്‍ നിറയുമ്പോള്‍, ബിരിയാണിയുടെ രാഷ്ട്രീയം ഇഴ കീറി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, കഥാകാരനില്‍ മുസ്ലിം വിരുദ്ധത ആരോപിക്കപ്പെടുപ്പെടുമ്പോള്‍, എഴുതപ്പെട്ട വരികള്‍ക്കു ചില സ്ഥാപിത താത്പര്യങ്ങള്‍ രാഷ്ട്രീയവ്യാഖ്യാനം കൊടുക്കുകയാണോ എന്ന് ഏതൊരു സാധാരണ വായനക്കാരനേയും പോലെ തോന്നിപ്പോകുന്നു.

ഒരു സാഹിത്യ സൃഷ്ടിയും രാഷ്ടീയവായനയ്ക്ക് അതീതമല്ല. കാലാനുസൃതവും പുരോഗമനപരവുമായ ചലനങ്ങള്‍ സമൂഹത്തില്‍ വരുത്താന്‍ കലാ/സാഹിത്യ സൃഷ്ടികള്‍ ലോകവ്യാപകമായി വഹിച്ച പങ്ക് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ ആശാന്റെ, എസ്.കെ പൊറ്റക്കാടിന്റെ, തകഴിയുടെ, പാറപ്പുറത്തിന്റെ, പി യുടെ; അങ്ങനെ എണ്ണമറ്റ മഹാരഥന്‍മാരുടെ തൂലിക കൊണ്ടുള്ള രാഷ്ട്രീയ ഇടപെടല്‍ വഹിച്ച പങ്ക് സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ്. പുതിയ കാലത്ത് അതു നവപ്രതിഭകളിലൂടെ തുടരുന്നു.

കവിതയുടെ രംഗത്ത് നവ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായ കുരീപ്പുഴ മാഷില്‍ തുടങ്ങി യുവ തലമുറയുടെ പ്രതിനിധിയായി പറയാവുന്ന ആര്യ ഗോപി വരെയുള്ള കവികള്‍, കഥയുടെ രംഗത്ത് ടി പദ്മനാഭനും എം. മുകുന്ദനും വരെയുള്ള കഥകള്‍, നിപിന്‍ നാരായണന്റെ വര; ഇതെല്ലാം വ്യക്തമായ രാഷ്ട്രീയവായനയും സാമൂഹിക ഇടപെടലും നടത്തുമ്പോള്‍, ചില കഥകളേയും എഴുത്തുകാരേയും അവരുടെ വരികളുടെ പേരില്‍ എന്തിനാണ് ക്രൂശിക്കുന്നത്? എന്‍ എസ് മാധവനും സന്തോഷ് ഏച്ചിക്കാനവും പെരുമാള്‍ മുരുഗനുമൊക്കെ ചില സ്ഥാപിതതാല്പര്യങ്ങളുടെ ബലിയാടുകളാകുകയാണോ?

ബിരിയാണിയുടെ രാഷ്ട്രീയം
വ്യക്തിയും അവന്‍ ജീവിക്കുന്ന സമൂഹവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്ത്, ആ സാമൂഹിക വ്യവസ്ഥയില്‍ അവന്റെ സ്ഥാനം എവിടെയാണ് എന്നു കണ്ടെത്താന്‍ ശ്രമിക്കുന്നതാണു രാഷ്ട്രീയം എന്നു നിര്‍വ്വചിക്കപ്പെടുമ്പോള്‍, സന്തോഷിന്റെ ബിരിയാണിയും വ്യക്തമായ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാല്‍ അതു ‘കലന്തന്‍ ഹാജി’ യെന്ന മുസ്ലിം പേരു പ്രതിനായകനായും(?) ‘ഗോപാല്‍ യാദവ്’ എന്ന ഹിന്ദു പേര് നായകനായും എത്തുമ്പോള്‍ വളരെ എളുപ്പം എത്തിച്ചേരാവുന്ന ഹിന്ദു – മുസ്ലിം വിരുദ്ധത മാത്രമാണോ അത്?

കലന്തന്‍ ഹാജി എന്ന പ്രതിനായകന്‍?
പലരും ആരോപിക്കുന്നതു പോലെ കലന്തന്‍ ഹാജിയാണോ ഈ കഥയിലെ യഥാര്‍ത്ഥ പ്രതിനായകന്‍? 

ആദ്യ വായനയിലും പുനര്‍വായനയിലും ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിലെ വരേണ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി അയാളെ വരച്ചു കാണിക്കുന്നു എന്നതിനപ്പുറം അയാള്‍ ഒരു പ്രതിനായകനായി തോന്നുന്നില്ല. സന്തോഷിലെ കഥാകാരന്‍ നാടും വീടും ഭാര്യാ-പുത്രീ സാമീപ്യവും അന്യമായി കഴിയുന്ന തന്റെ മുഖ്യ കഥാപാത്രത്തെ അനുവാചകനില്‍ ഏറ്റവും ശക്തമായി എത്തിക്കാന്‍ വരച്ചിട്ട അതിന്റെ നേര്‍ വിപരീതമായ (etxreme oppposite ) ഒരു പാത്രസൃഷ്ടിയാണു കലന്തന്‍ ഹാജിയുടേത്. നാലു ഭാര്യമാരും കുട്ടികളും സമ്പന്നതയും ഹാജിക്ക് നല്‍കുന്നതു വഴി വായനക്കാരനില്‍, സമൂഹത്തിന്റെ രണ്ടു തട്ടുകള്‍ തമ്മിലുള്ള അന്തരമാണ് കഥ സംവദിക്കുന്നത്.

കഥയിലെ മറ്റൊരു മുഖ്യകഥാപാത്രമായി ഹാജിയുടേ മകന്‍ സിനാനിനെ കഥാകാരന്‍ ഒരു കൈക്കോട്ടും കൊടുത്തു ഗോപാലിന്റെ അടുത്തേയ്ക്കു വിടുന്നതും ഗോപാലിന്റെ കുടുംബത്തെക്കുറിച്ച് അവനെക്കൊണ്ടു ചോദിപ്പിക്കുന്നതും വായനക്കാരന്റെ മനസ്സില്‍ രണ്ടു വ്യക്തിത്വങ്ങളുടെ വൈപരീത്യം വരച്ചിടുകയാണ്. അത് എഴുത്തുകാരന്റെ ക്രാഫ്റ്റ് ആണ് (മുന്‍പ് പല എഴുത്തുകാരും പരീക്ഷിച്ചു വിജയിച്ച ഒരു ഫോര്‍മുല കൂടിയാണിത്). 

എന്നാല്‍ കഥയിലെ യഥാര്‍ത്ഥ പ്രതിനായകന്‍, ദേശാതീതമായി താന്‍ ജീവിച്ച ഇടങ്ങളിലെല്ലാം ഗോപാലിനു അനുഭവിക്കേണ്ടി വന്ന സാമ്പത്തിക സാമൂഹിക ഉച്ചനീചത്വങ്ങളാണ്. ലാല്‍മാത്തിയായിലെ കല്‍ക്കരിഖനിയില്‍ തുടങ്ങുന്ന അടിച്ചമര്‍ത്തപെടുന്നവന്റെ, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവന്റെ വേദന ഇങ്ങു കേരളത്തില്‍ കലന്തന്‍ ഹാജിയുടെ പിന്നാമ്പുറത്ത് എത്തിയിട്ടും തുടരുകയാണ് എന്നു മാത്രം.

ഗോപാല്‍ അനുഭവിക്കുന്നത് അസ്തിത്വം ഇല്ലാതാകുന്നവന്റെ ദുഃഖം കൂടിയാണ്. സ്വന്തം വേരുകളും മണ്ണും വിട്ടു മറ്റേതോ ഭൂമികയില്‍ അന്യനായി ജീവിക്കേണ്ടി വരുന്നവന്റെ ദുഃഖം. ആനന്ദിലും മുകുന്ദനിലുമൊക്കെ നമ്മള്‍ ഈ അസ്തിത്വ പ്രതിസന്ധിയെ കുറിച്ചു വായിച്ചിട്ടുണ്ടെങ്കിലും ‘ലാല്‍മാത്തിയ തന്നെപ്പോലെ തന്നെ ബിഹാര്‍ വിട്ടുപോയതറിഞ്ഞു’ കണ്ണു നിറഞ്ഞ്, പൊട്ടിച്ചിതറി കിടക്കുന്ന മണ്‍കട്ടകളെ ബിഹാറും ജാര്‍ഖണ്ഡുമായി സങ്കല്‍പ്പിച്ച്, 

‘ഇതില്‍ എവിടെയാണ് ഞാന്‍’ എന്ന് ഗോപാല്‍ സ്വയം ചോദിക്കുന്നതാണു നോവലിലെ ഏറ്റവും ശക്തമായ ഭാഗം.

സ്വന്തം മണ്ണുവിട്ട് ജീവിക്കുന്ന അനേകായിരങ്ങള്‍ ഉള്ള നാടാണിത്, എന്നാല്‍ പിറന്ന മണ്ണിന്റെ, പൈതൃകത്തിന്റെ, സംസ്‌കൃതിയുടെയൊക്കെ ഭൂപടങ്ങള്‍ ആരൊക്കയോ മാറ്റി വരയ്ക്കുമ്പോള്‍, ഗോപാല്‍ ചോദിക്കുന്നത് നമ്മില്‍ പലര്‍ക്കും വേണ്ടിയാണ്.

ഈ വേര്‍തിരിവുകളില്‍ എവിടെയാണ് ഞാന്‍ ?

ഗോപാല്‍ യാദവ് എന്തിന്റെ, അല്ലെങ്കില്‍ ആരുടെ പ്രതിനിധിയാണ്?

അയാള്‍ തനതായ എത്‌നിക് വ്യക്തിത്വത്തിന്റെ പ്രതിരൂപം ആണോ? അതോ മുഖമില്ലാത്ത, പാര്‍ശ്വവത്ക്കരിക്കപ്പെട്ടു ജീവിക്കുന്ന സമൂഹങ്ങളില്‍ (ലാല്‍ മാത്തിയെന്നോ കേരളമെന്നോ വ്യത്യാസമില്ലാതെ) നിന്നെല്ലാം പീഡനങ്ങള്‍ക്ക് ഇരകളാകേണ്ടിവരുന്ന ഒരു വര്‍ഗ്ഗത്തിന്റെ നേര്‍ക്കാഴ്ചയോ?

ഒരു കഥയേയെയും കഥാപാത്രത്തേയും പലര്‍ക്കും പലതായി വായിക്കാം, വിമര്‍ശിക്കാം. നിക്ഷിപ്തതത്പര്യങ്ങളില്ലെങ്കില്‍ ഓരോ വായനയും വ്യക്ത്യാധിഷ്ഠിതമാണ്.

ബിരിയാണിയിലൂടെ വായിച്ചത്, അടിച്ചമര്‍ത്തപ്പെടുന്നവന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവന്റെ, പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവന്റെ വേദനയാണ്.

അസ്തിത്വ പ്രതിസന്ധിയുടെ രാഷ്ട്രീയമാണ്. വിശപ്പിന്റെ രാഷ്ട്രീയമാണ്. വിശന്നു മരിച്ച ഒരു കുഞ്ഞിന്റെ മുഖമാണതിന്.

വര്‍ഷങ്ങള്‍ക്കു മുന്‍പു ചങ്ങമ്പുഴ വാഴക്കുലയിലൂടെ മുന്നോട്ടു വെച്ച അതെ രാഷ്ട്രീയമാണ് ഇന്നു മറ്റൊരുതരത്തില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി പറയുന്നത്. അതിനെ ക്‌ളീഷേ എന്നു വിശേഷിപ്പിക്കുന്നവരോടു പറയാന്‍ ചങ്ങമ്പുഴയുടെ വരികള്‍ മാത്രം. 

അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ
മപരാധം, നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റലോകം കപട ലോകം !
നിസ്വാര്‍ത്ഥസേവനം. നിര്‍ദ്ദയ മര്‍ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!
നിഹതനിരാശാതിമിരം ഭയങ്കരം!
നിരുപാധികോഗ്രനിയമഭാരം!

വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിക്കപെട്ട ഈ വരികള്‍ ഇന്നും പല രൂപത്തിലുള്ള സാമൂഹ്യയാഥാര്‍ഥ്യമായി നില്‍ക്കുന്നിടത്തോളം കാലം ‘ബിരിയാണികള്‍’ നെഞ്ചിന്‍ക്കൂട്ടില്‍ ഒരു ദമ്മായി വെന്തു കൊണ്ടിരിക്കും. കുഴപ്പം ഏച്ചിക്കാനത്തിന്റെതല്ല, വിശന്നു മരിക്കുന്ന കുഞ്ഞുങ്ങളേ സൃഷ്ടിക്കുന്ന സമൂഹത്തിന്റേതാണ്.

(നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും,  ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli  Womens  Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍