UPDATES

സിനിമ

ഒരു FTII വിദ്യാര്‍ത്ഥിയുടെ ജന്മദിനക്കുറിപ്പ്: നമ്മുടെ വൃത്തികേടില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ല

Avatar

ഷിനി ജെ കെ

മിനിഞ്ഞാന്ന് (ജൂണ്‍ 4) എന്റെ ജന്മദിനമായിരുന്നു. ഓരോ ജന്മദിനത്തിന് ശേഷവും പ്രതീക്ഷിക്കാവുന്ന ഒരു സാധാരണ കുറിപ്പ്; രാത്രി വരെ അത് വേണ്ടെന്ന് വിചാരിച്ചു, രാത്രി കഴിഞ്ഞപ്പോള്‍ മറ്റൊരു വഴിയുമില്ലാതായി. Film and Television Institute of India, Pune (FTII)-ല്‍ എന്റെ അവസാന പ്രൊജക്റ്റ്; അതിന്റെ ഷൂട്ടിന്റെ അവസാന ദിവസമായിരുന്നു അന്ന്‍. ആണുങ്ങള്‍ മാത്രമുള്ള എന്റെ ഷൂട്ടിംഗ് സംഘം ഒരു കേക്ക് കൊണ്ടുവന്നു. വൈകിട്ട് എല്ലാ പണിയും തീര്‍ന്നപ്പോള്‍, ആളുകളെ അഭിമുഖീകരിക്കുമ്പോള്‍ എനിക്കുള്ള സഹജമായ വൈമുഖ്യത്തോടെ ഞാനത് മുറിച്ചു. ഞാനാണെങ്കില്‍ മാറ്റിവെച്ച ഷെഡ്യൂളുകളെ മറികടക്കാനും വേദനസംഹാരി കഴിച്ച് ആര്‍ത്തവവേദനയെ ഒഴിവാക്കാനുമുള്ള ശ്രമത്തിലായിരുന്നു. ആ സമയത്ത് ഒരു പാര്‍ട്ടി വല്ലാത്തൊരു ഭാരമാണ്. പക്ഷേ ആ ദിവസം എനിക്കു വിലപ്പെട്ടതാക്കിയത് ഒരപകടത്തെ മറികടന്ന് ഞങ്ങളുടെ ലൈറ്റ് ബോയ്സ് അപ്പയും മനോജും, പിന്നെ പ്രൊഡക്ഷന്‍ മാനേജര്‍ വിജയ് ദാദായും കൂടി അര്‍ദ്ധരാത്രി 1 മണിക്ക് കൊണ്ടുവന്ന ഒരു തടിയന്‍ ചോക്കലേറ്റ് കേക്കാണ്.

അതില്‍ ചിലതുണ്ട്; ഞാന്‍ അഭിമാനത്തോടെ ആഘോഷിക്കുന്ന സന്തോഷം. ഞാനവരുടെ വകുപ്പിലെ  ക്യാമറ വിദ്യാര്‍ത്ഥിയായിരുന്നില്ല. ഷൂട്ടിലല്ലാതെ അവരോടൊത്ത് അധികം സമയം ചെലവഴിച്ചിട്ടില്ല. ഞാനാഗ്രഹിച്ചാലും എനിക്കു നിഷേധിക്കാനാകാത്ത വംശ, വര്‍ഗ ഘടകങ്ങള്‍ അതിലുണ്ടായിരുന്നു താനും. വളര്‍ത്തുമൃഗങ്ങളെക്കുറിച്ചും അവയോടുള്ള വാത്സല്യത്തെക്കുറിച്ചും ഇംഗ്ലീഷില്‍ വാചാലരാകുന്ന ഒരു സംഘത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതായി തോന്നിയേക്കും; എന്റെ വര്‍ഗം, ഭാഷ, വംശീയത എന്നിവയെല്ലാം മറ്റ് പലതലത്തിലും അവകാശങ്ങള്‍ ഉണ്ടെങ്കിലും അവിടെ സ്വാധീനിക്കും. അവര്‍ക്ക് അവ മൃഗങ്ങളെക്കാളേറെ, ഏതാണ്ട് മനുഷ്യരെപ്പോലെ തന്നെയാണ്. അത്രയും  സ്നേഹഭരിതമായാണ് അവയെക്കുറിച്ച് സംസാരിക്കുന്നത്. മനുഷ്യരെക്കുറിച്ച് ഒരുപക്ഷേ അത്ര അടുപ്പത്തോടെ വാചാലരാകില്ല. വളര്‍ത്തുമൃഗങ്ങളെ മനുഷ്യരെപ്പോലെയല്ലാതെ വളര്‍ത്തുമൃഗങ്ങളായും എല്ലാവരെയും തുല്യരായും പരിഗണിക്കുന്ന ആളുകളുമായി അവര്‍ക്കുള്ള വ്യത്യാസമതാണ്. എന്നെ സംബന്ധിച്ച് ഭോലി ഭോലിയും, മിയ മിയയും, ലക്ഷ്മണ്‍ ലക്ഷ്മനുമാണ്, പക്ഷേ അവയെല്ലാം തുല്യമായി പ്രിയപ്പെട്ടവയുമാണ്. (ഭോലി ഞങ്ങളുടെ നായയും, മിയ പൂച്ചയും, ലക്ഷ്മണ്‍ FTII-യിലെ പ്രിയങ്കരനുമാണ്)

ലൈറ്റ് ബോയ്സിലേക്ക് മടങ്ങിവരാം. ആദ്യമായാണ് ഒരു പെണ്‍കുട്ടിയോട് ലിംഗവ്യത്യാസത്തെക്കുറിച്ച്, ശരീരത്തെക്കുറിച്ച്  ആകുലരാകാതെ അത്ര സ്വാതന്ത്ര്യത്തോടെ അവര്‍ സംസാരിക്കുന്നത് ഞാന്‍ കാണുന്നത്. ഞാന്‍ ചില പ്രത്യേക സദാചാര മൂല്യങ്ങളുള്ള, വാര്‍പ്പ് മാതൃകാ സ്ത്രീകളില്‍ പെടില്ലെങ്കിലും അവരെന്നെ അവരുടെ വീടുകളിലേക്ക്, അവരുടെ കുടുംബത്തെ കാണാനും വീട്ടിലുണ്ടാക്കിയ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാനും ക്ഷണിച്ചു. അവിടെ ഞങ്ങള്‍ വര്‍ഗത്തിന്റെയും വംശത്തിന്റെയും പേരില്‍ പരസ്പരം തിരിച്ചറിഞ്ഞു. തീര്‍ച്ചയായും ഞാന്‍ ഏതെങ്കിലുമൊരു പ്രത്യേക വംശത്തെയോ, വര്‍ഗത്തേയോ, ജാതിയെയോ കുറിച്ചല്ല സംസാരിക്കുന്നത്. പക്ഷേ പല രീതികളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, അന്യവത്കരിക്കപ്പെട്ട മനുഷ്യര്‍. (അതുകൊണ്ടാണ് ഞാന്‍ അവരെക്കാള്‍ ആനുകൂല്യങ്ങള്‍ (privilaged) ഉള്ളവളാണെന്ന് പറഞ്ഞത്). ഞാന്‍ എല്ലായ്പ്പോഴും ഈ ‘മല്ലു’ പ്രതിച്ഛായയില്‍ നിന്നും പുറത്തുകടക്കാന്‍ ആഗ്രഹിച്ചു. (കേരളീയ എന്നതിനെക്കാളേറെ മലയാളി). കാരണം ഞാന്‍ ഈ ‘മല്ലൂ’സിനെ കാണുന്നത് പൌരുഷം, വീഴ്ച്ചകളിലും വലിയ തെറ്റുകളില്‍പ്പോലും പരസ്പരം ന്യായീകരിക്കാനുള്ള സാഹോദര്യം, കാപട്യം എന്നിവയുമായൊക്കെ ബന്ധപ്പെടുത്തിയാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നത് ഞാന്‍ എത്ര ശ്രമിച്ചാലും എനിക്കെന്റെ മല്ലു / കേരള സ്വത്വത്തെ നിഷേധിക്കാനാകില്ല എന്നാണ്. ഇവിടെയാണ് രോഹിത് വെമൂല പറഞ്ഞ ‘നാമെല്ലാം നമ്മുടെ ഏറ്റവും അടുത്ത സ്വത്വങ്ങള്‍ മാത്രമായി ചുരുക്കപ്പെടുന്നു’ എന്ന പ്രസ്താവനയുമായി താദാത്മ്യപ്പെടുന്നത്. ഈ സ്വത്വങ്ങളില്‍ ഏതെങ്കിലുമൊന്നിനെ നമുക്ക് നിഷേധിക്കാനായാല്‍ അത് നമുക്ക് താങ്ങാനാകാത്ത ആഡംബരമായിരിക്കും.

ഒരു അപ്പര്‍ മിഡില്‍ ക്ലാസ് OBC ആയിരിക്കുക എന്നത് വലിയ പ്രശ്നങ്ങളുള്ള ഒരു സംഗതിയാണ്. പക്ഷേ ഞാനെപ്പോഴും എന്റെ ബൂര്‍ഷ്വാ പ്രവണതകളെ ബോധപൂര്‍വം ചുരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊരു വലിയ പണിയാണ്. അവിടെയാണ് എനിക്ക് ചാരുകസേര വിപ്ലവകാരികളും ഉത്തരാധുനികന്മാരും ഉപരിവര്‍ഗ ബുദ്ധിജീവികളും ദന്തഗോപുര ചലച്ചിത്രകാരന്മാരും ഒക്കെയായി പ്രശ്നങ്ങളുള്ളത്. നല്ലതിനായാലും ചീത്തയ്ക്കായാലും അവരെ നാടന്‍ കള്ളോ, വിയര്‍പ്പോ, വിലകുറഞ്ഞ സിഗരറ്റോ, ബീഡികളോ മണക്കില്ല. എന്നാല്‍ എല്ലാത്തിന്റെയും മിശ്രിതമായ ഉത്തരാധുനികതയുടെ ശ്വാസം മുട്ടിക്കുന്ന മണമുണ്ട്. മറ്റെന്തിന്റെയും സ്വത്വം ഇത്രയും പ്രശ്നവത്കരിക്കപ്പെട്ടിട്ടില്ല. അവര്‍ സോഷ്യല്‍ ഡെമോക്രാറ്റുകളേക്കാള്‍ മോശമാണ്. അവര്‍ക്ക് ഒന്നിലേറെ ആശയങ്ങളെ ചേര്‍ത്തുപിടിക്കാം, പക്ഷേ അവര്‍ക്ക് സ്വന്തമായി ഒരാശയം ഒരിക്കലും ഉണ്ടാകില്ല. നിങ്ങള്‍ക്ക് കാര്യങ്ങളെ പ്രശ്നവത്കരിക്കാം, ദോഷങ്ങള്‍ കണ്ടെത്താം. പക്ഷേ എന്തിലും നിരര്‍ത്ഥകത മാത്രം കണ്ടു പ്രവര്‍ത്തിക്കുന്നതേ നിര്‍ത്തുന്ന തലത്തിലെത്തിയാലോ. അല്ലെങ്കില്‍ സ്വന്തം മുറിയില്‍, സ്വന്തം കലയുടെ കാര്യം നോക്കി രാഷ്ട്രീയത്തെക്കുറിച്ചുള്ള സ്വകീയ ധാരണകളുമായി സുഖമായി ഇരുന്നാലോ.

‘പ്രവര്‍ത്തന’ത്തിലേക്ക് നിങ്ങളെ എടുത്തെറിയുന്നതിന്റെ പ്രസക്തിയെക്കുറിച്ച് പസോളിനി പറയുന്നു:

“യഥാര്‍ത്ഥ പ്രവര്‍ത്തിയെക്കാളേറെ മറ്റൊരു കവിതയുമില്ല
(പൂര്‍ണമായ ആവാഹനമുള്ള,
പദങ്ങളില്‍, അല്ലെങ്കില്‍ എഴുത്തുപുറങ്ങളില്‍,
അത് കണ്ടെത്തുമ്പോള്‍ നിങ്ങള്‍ വിറകൊള്ളുന്നു.)”

“… ജീവിതത്തോളം വിലപ്പെട്ടതായി മറ്റൊന്നുമില്ല.
അതുകൊണ്ടാണ് ഒരു കവിയായിട്ടുപോലും
ഞാന്‍ ജീവിക്കാനാഗ്രഹിക്കുന്നത്
കാരണം, ജീവിതത്തിന് അതിനോടുതന്നെ ഒറ്റയ്ക്ക് പ്രകടിപ്പിക്കാനാകും.
ഞാന്‍ ഉദാഹരണങ്ങളിലൂടെ സ്വയം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
എന്റെ ശരീരത്തെ സമരങ്ങളിലേക്ക് എടുത്തെറിയാന്‍.”
(Poet of Ashes)

സുഖകരമായ ഏത് നിലപാടും ഏതാണ്ട് നിഷ്പക്ഷ നിലപാടുപോലെയാണ്. ഒരു തോക്ക് അല്ലെങ്കില്‍ ക്യാമറയോ എന്ന് തെരഞ്ഞെടുക്കേണ്ട ഒരു ദിവസം വന്നാലും രണ്ടിനുമിടയ്ക്ക് നിങ്ങള്‍ക്കൊരു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ നിങ്ങള്‍ക്ക് ഒന്നു മാത്രം തെരഞ്ഞെടുക്കാന്‍ അവസരമുള്ള, അതും ക്യാമറയല്ല, തോക്ക് മാത്രം, അല്ലെങ്കില്‍ വേഗത്തിലോ പതുക്കെയോ എന്തായാലും ഒരു ഹീനമായ മരണം മാത്രം മുന്നിലുള്ള ഒരു ദിവസത്തെക്കുറിച്ച് സങ്കല്‍പ്പിച്ചാലോ.

“സ്വതന്ത്ര വിപണി സാമ്പത്തിക ശാസ്ത്രത്തിന്റെയും നിയന്ത്രണമില്ലാത്ത സാമ്പത്തിക വളര്‍ച്ചയുടെയും പ്രത്യയശാസ്ത്രങ്ങളായ, ആത്മീയമായി ശൂന്യമായ ആധുനികതയുടെയും ഉത്തരാധുനികതയുടെയും തത്വശാസ്ത്രങ്ങളിലും, കോര്‍പ്പറേറ്റ്, രാഷ്ട്രീയ ഭീകരതകള്‍ വളര്‍ത്തിയെടുത്ത നശ്വരതയുടെ മൂല്യങ്ങളിലുമാണ് നമ്മുടെ ഇപ്പോഴത്തെ തലമുറ ജീവിക്കുന്നത്. കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ചുള്ള സമഗ്രമായൊരു കാഴ്ച്ചപ്പാടിനെ നമ്മുടെ കൂട്ടായ ഓര്‍മ്മകളില്‍ നിന്നും ആധുനികതയുടെ ഹുങ്കാരങ്ങള്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നിറഞ്ഞ മനുഷ്യ ദുരിതത്തിന്റെ ആധിക്യവും സാംസ്കാരിക മാലിന്യത്തിന്റെ അളവും ഏറെ വിസ്മരിക്കപ്പെട്ടിരിക്കുന്നു.” (The Devil’s Century- Vincent Di Stefano)

വംശീയ സ്വത്വങ്ങളിലേക്ക് മടങ്ങിവന്നാല്‍, ഒരു തെക്കേ ഇന്ത്യന് (ഉദാഹരണമായി) പ്രായോഗികതകളെക്കുറിച്ച് നമുക്ക് ഏറെ ധാരണയില്ലാത്തതും അതുകൊണ്ട് ഫലം എന്തായിരിക്കും എന്നതുമായി നേരിട്ടു ബന്ധപ്പെടുത്താത്തതുമായ, പ്രകടനത്തെക്കാള്‍ വികാരമായ ഒന്നാണ് രാഷ്ട്രീയം. അതെന്തായാലും നമ്മുടെ ഉദ്ദേശമല്ല. മറിച്ച്, അത് സ്വയം നശിപ്പിക്കുന്ന രീതിയില്‍ നിങ്ങളെ അപകടകരമായ അവസ്ഥകളില്‍ എത്തിച്ചേക്കാം. അതൊരു തെക്കേ ഇന്ത്യന്‍ രീതിയാണ്: രണ്ടു തവണ അടിവരയിട്ട ഒരു പ്രസ്താവന.

മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ വൈരുദ്ധ്യത്തിന്റെ ഉത്തരാധുനിക ആശയങ്ങളില്‍ പെട്ടുപോയവരാണ്. അത് നിങ്ങളെ, ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന, എന്തിലും ദോഷം കാണുന്ന ഉപരിവര്‍ഗ ബുദ്ധിജീവികളാക്കുകയേ ഉള്ളൂ. ജനങ്ങളെ വിഭജിക്കാനുള്ള ‘ഒരു ബദലും ഇല്ല’ എന്ന നവ-ഉദാര പ്രചാരണവും ‘നിരവധി ബദലുകളുണ്ട്’ എന്നുള്ള പ്രചാരണവും എന്നെ സംബന്ധിച്ച് ഒന്നിന്റെതന്നെ പ്രതിഫലനമാണ്. ഞങ്ങളുടെ വൈരുദ്ധ്യങ്ങള്‍ മറ്റെവെടെനിന്നോ ആണ് വരുന്നത് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ എന്നെയും എന്റെ കൂടെയുള്ള സഖാക്കളേയും ഇതില്‍ നിന്നും വേര്‍തിരിക്കട്ടെ.

 

പസോളിനി ഗ്രാംഷിക്ക് എഴുതി;

“ആത്മവൈരുദ്ധ്യത്തിന്റെ അപവാദം – നിങ്ങളോടൊപ്പവും
നിങ്ങള്‍ക്കെതിരെയും ആയിരിക്കുക; നിങ്ങളോടൊപ്പം എന്റെ ഹൃദയത്തില്‍,
വെളിച്ചത്തില്‍, എന്റെ ഉള്‍പ്രേരണകളുടെ ഇരുട്ടില്‍ നിങ്ങള്‍ക്കെതിരെ.
എന്റെ പിതാവിന്റെ പ്രവര്‍ത്തിയോട് വഞ്ചകനാണെങ്കിലും-
എനിക്കറിയാം എന്റെ ചോദനകളുടെ ചൂടിലും, ലാവണ്യാസക്തികളിലും
ഞാന്‍ അതിനോടു കടപ്പെട്ടിരിക്കുന്നു എന്ന്;
നിങ്ങളുടെ സമയത്തിനു മുമ്പെ ഒരു തൊഴിലാളി ജീവിതത്തിലേക്ക് അടുത്ത,
ഞാനതിന്റെ സന്തോഷത്തെ, അതിന്റെ സമരത്തെയല്ല  മതമായെടുക്കുന്നു-അതിന്റെ പ്രകൃതത്തെ, അതിന്റെ ബോധത്തെയല്ല.”

ഈ ഭാഷ വളരെ ധാര്‍ഷ്ട്യം നിറഞ്ഞതായി തോന്നാം. പക്ഷേ ഈ ധാര്‍ഷ്ട്യം നേടിയെടുത്ത ഒന്നാണ്. അതെനിക്ക് വായനക്കാരന് മുന്നില്‍ നഗ്നമാകാനുള്ള സകല ശക്തിയും തരുന്നു.

നമുക്ക് ആദര്‍ശങ്ങളും യജമാനന്മാരും തലതൊട്ടപ്പന്‍മാരും ഇല്ലാത്തതിനാല്‍ നാം വിചിത്രസ്വഭാവികളും ധാര്‍ഷ്ട്യം നിറഞ്ഞവരും വൃത്തികെട്ടവരുമാണ്. നമ്മുടെ വൃത്തികേടില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ല. പെരുമാറ്റത്തിലും പ്രവര്‍ത്തിയിലുമുള്ള വിശുദ്ധിയുടെ ഗന്ധത്തെ ഞാന്‍ വെറുക്കുന്നു. അതൊരിക്കലും ഒരു തെക്കേ ഇന്ത്യന്‍ സ്വഭാവവിശേഷമല്ല.പക്ഷേ ആദര്‍ശത്തിലും പ്രത്യയശാസ്ത്രത്തിലും വിശുദ്ധിയുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു കാല്‍പനിക ചിന്തയാണ്. പക്ഷേ അതിനു പിന്നിലൊരു തോന്നലുണ്ട്. അപ്പോള്‍ ലക്ഷ്യം നീതീകരിക്കപ്പെടുന്നു.

FTII അതിന്റെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും നമുക്ക് സാധ്യതകളും പ്രതീക്ഷകളും അവശേഷിക്കുന്നുണ്ട്. എല്ലായ്പ്പോഴും രാഷ്ട്രീയമായി ശരിയായിരിക്കേണ്ടതിനെക്കുറിച്ച് നാം ആകുലരാകേണ്ടതില്ല. മുമ്പും പല സമയത്തും നമ്മള്‍ രാഷ്ട്രീയമായി ശരിയായിരുന്നില്ല. അങ്ങനെയാണ് ഒരു കലാ വിദ്യാലയത്തില്‍ രാഷ്ട്രീയ വ്യവഹാരം ഉരുത്തിരിയുന്നത്. അതൊരു തുറന്ന സംവാദത്തിനുള്ള സാധ്യതയെ പൂര്‍ണമായും തടസപ്പെടുത്തുന്നു എങ്കില്‍ രാഷ്ട്രീയ ശരിയുടെ ആധിക്യം ഒന്നിന്നും ഗുണം ചെയ്യില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്തതിനാലും ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെ വാലല്ലാത്തതിനാലും FTII-ക്കു ലോകത്തിന് മുന്നില്‍ പുതിയ ആശയം നല്‍കാന്‍ കൂടുതല്‍ മികച്ച അവസരമുണ്ട്. പൊതുസമൂഹത്തിന് മുന്നില്‍ സംസാരിക്കുമ്പോള്‍ നമുക്ക് രാഷ്ട്രീയകക്ഷിയുടെ നിലപാടിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. അത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. അതിലുള്‍ക്കൊണ്ട മൂലധനത്തിന്റെയും വിപണിയുടെയും അടിസ്ഥാനത്തില്‍ ചലച്ചിത്ര നിര്‍മ്മാണം ഭൌതികമായി, ഒരു ബൂര്‍ഷ്വ-ഉപരിവര്‍ഗ കലയാണ്. പക്ഷേ ഒരു പ്രതിരോധരൂപം എന്ന നിലയിലും ഒരു ആവിഷ്കാര മാധ്യമം എന്ന നിലയിലും അത് ഉരുത്തിരിഞ്ഞുവന്ന വഴികള്‍ അതിന്റെ പ്രസക്തിയെ സാധൂകരിക്കുന്നു. എല്ലാത്തിനുമുപരി ഏത് കലാരൂപത്തിനും അതിന്റെ ലക്ഷ്യത്തിനപ്പുറവും കാലത്തിനപ്പുറവും അതിന്റെതായ പ്രസക്തിയുണ്ട്. വര്‍ഗമടക്കമുള്ള ബഹുസ്വത്വങ്ങളെ നേരിടാനുള്ള സാധ്യതകള്‍ ചലച്ചിത്ര നിര്‍മാതാക്കളും ചലച്ചിത്ര വിദ്യാര്‍ത്ഥികളും എന്ന നിലയില്‍ നമുക്കുണ്ട്. പൊതുസമൂഹവുമായി ഇക്കാര്യങ്ങളൊക്കെ പങ്കുവച്ചതിനുശേഷവും നമ്മുടെ ആശയങ്ങളെ മൂര്‍ത്തമാക്കാന്‍ നമുക്ക് സാധ്യതകളുണ്ട്.

ഒരു രാസപ്രക്രിയയുടെ രാസത്വരകങ്ങളോ, അനിയന്ത്രിതമായ പ്രതിപ്രവര്‍ത്തന പരമ്പരയുടെ ഭാഗമോ ആയി നമ്മളെ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ഒരു ചരിത്രപരമായ കാലഘട്ടത്തിലാണ് നാമെന്ന് എനിക്കു തോന്നുന്നു. ഈ കാഴ്ച്ച അല്‍പ്പം മുകളില്‍ നിന്നേ സാധ്യമാകൂ, ഉള്ളില്‍ നിന്നും പറ്റില്ല. ഇതൊരു ചരിത്ര, സാംസ്കാരിക ഘട്ടത്തിന്റെ അന്ത്യമാകാം. പുതിയ ഒന്നിന്റെ ആരംഭവും. അതെന്തായിരിക്കണമെന്ന്  നിശ്ചയിക്കുന്നതിന്റെ ഇടയിലാണ് നാം. ഞാനെന്തായാലും എന്റെ റോള്‍ നിര്‍വഹിക്കാന്‍ തീരുമാനിച്ചു. സമയവും ഉത്തരവാദിത്തവും എന്നെ സംബന്ധിച്ച് കഴമ്പില്ലാത്ത മധ്യവര്‍ഗ ആശയങ്ങളല്ല. ഒരു ഉത്തരാധുനികനില്‍ നിന്നും വരുന്ന നിഷേധാത്മകമായ ആശയമാകും അത്. പക്ഷേ എന്നെ സംബന്ധിച്ചത് ആഡംബരമാണ്. ചരിത്രപരമായ ആ സമയത്തെ വിസ്മരിക്കുകയോ അതിനെ കുറച്ചു സമയത്തേക്ക് ഒരു ചലച്ചിത്രത്തില്‍ കൃത്രിമം കാണിക്കുകയോ ചെയ്യാം. പക്ഷേ നിങ്ങളുടെ ഗോഷ്ടികളില്‍, ഭാവങ്ങളില്‍, ശരീര വടിവുകളില്‍ എല്ലാമുള്ള ‘നരവംശശാസ്ത്രപരമായ സമയത്തെ’ നിങ്ങള്‍ക്ക്  നിഷേധിക്കാനാകില്ല. 50-60 കാലത്തെ ഒരു ഈസ്റ്റേണ്‍ ബ്ലോക് സിനിമ കാണുമ്പോള്‍ ചിന്തകളിലും മനുഷ്യരെന്ന നിലയിലും ഓരോ സമൂഹത്തിന്റെയും പരിണാമം നിങ്ങള്‍ക്ക് കാണാനാകും. അതിനെ നിങ്ങള്‍ ചിത്രീകരിക്കുന്ന സ്ഥലമോ സമയമോ വെച്ചു മാറ്റിമറിക്കാനാകില്ല. അതുകൊണ്ട് കുറഞ്ഞത്, സിനിമാക്കാരെ സംബന്ധിച്ചെങ്കിലും സമയം ഒരു കഴമ്പില്ലാത്ത സംഗതിയല്ല.

അപ്പോള്‍ എന്തെങ്കിലും അച്ചടക്ക നടപടിയുടെ പേരില്‍ അധികൃതര്‍ തരുമെന്ന് ഏതാണ്ടുറപ്പുള്ള നോട്ടീസ് കിട്ടും മുമ്പ് ഞാനെന്റെ എഡിറ്റ് ഷിഫ്റ്റിലേക്ക് കടക്കട്ടെ. ഞാന്‍ ഏറെ സ്നേഹിച്ചതും വെറുത്തതുമായ ഒരിടത്തുനിന്നും പുറത്തുപോകാനുള്ള സമയമാവുകയാണ്. ഒരു ജന്മദിനക്കുറിപ്പായി തുടങ്ങിയ ഈ എഴുത്തില്‍ നിന്നും ഞാന്‍ താത്ക്കാലം ഒന്നു മാറട്ടെ. എനിക്കു സുരക്ഷയും ആരോഗ്യവും ആശംസിച്ച എല്ലാ സുഹൃത്തുക്കളോടും സഖാക്കളോടും, ഈ പ്രക്ഷുബ്ധ കാലത്തില്‍ നമ്മുടെ ജീവിതങ്ങളില്‍ സന്തോഷം നിറയ്ക്കുന്ന ഏത് നിമിഷവും ആഘോഷിക്കാനുമായി എനിക്ക് പറയാനുള്ളത് ഇതാണ്.

(http://www.countercurrents.org ല്‍ പ്രസിദ്ധീകരിച്ചതിന്റെ സ്വതന്ത്ര പരിഭാഷ. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയാണ് ഷിനി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍