UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ശത്രുസ്നേഹി’ മാണിക്കുവേണ്ടി സമുദായ നേതാക്കളുടെ വെളിപാടുകള്‍

Avatar

ശരത് കുമാര്‍ 

‘യേശു ദൈവാലയത്തില്‍ ചെന്നു, ദൈവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും പുറത്താക്കി, പെണ്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു. അവരോട്: എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹകളാക്കി തീര്‍ക്കുന്നു എന്ന് പറഞ്ഞു.’ (മത്തായി 21:12)

പ്രമുഖ ഇറ്റാലിയന്‍ ചലച്ചിത്രകാരനായ പിയര്‍ പോളോ പാസോളിനിയുടെ ‘ഗോസ്ഫല്‍ അക്കോര്‍ഡിംഗ് ടു സെയ്ന്റ് മാത്യു’ (1964) എന്ന ചലച്ചിത്രത്തില്‍ ഇതിലും ആക്രമണോത്സുകനായ ഒരു യേശുവിനെ കാണാം. ഒരു വലിയ വടിയുമായി ആരാധനാലയത്തില്‍ വ്യാപാരം നടത്തുന്നവരെ അടിച്ചോടിക്കുകയാണ് ചിത്രത്തില്‍ അദ്ദേഹം. എക്കാലത്തെയും മികച്ച 45 ചലച്ചിത്രങ്ങളില്‍ ഒന്ന് എന്ന് വത്തിക്കാന്‍ വാഴ്ത്തിയ ഈ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഒരു കുഞ്ഞാടിനെ മാധ്യമാക്രമണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പൗവ്വത്തില്‍ പിതാവ് തന്നെ നേരിട്ട് രംഗപ്രവേശം ചെയ്തത് കാണുമ്പോഴാണ്. പ്രതി നിരപരാധിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ള പിതാവ്, മാധ്യമങ്ങളെയാണ് വിഷയത്തില്‍ കുറ്റപ്പെടുത്തുന്നത്. ഇന്നലെ (ജനുവരി 30) ദീപിക പത്രത്തില്‍ പേര് വച്ചെഴുതിയ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘മാധ്യമങ്ങളുടെ പുതിയ മേച്ചില്‍സ്ഥലമാണ് കുറ്റാരോപണങ്ങളും പരാതികളും. തീര്‍ച്ചയായും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. വിവരാവകാശ നിയമം തന്നെ ഇന്ന് നിലവിലുണ്ടല്ലോ. പക്ഷേ, അവിടെയും പൊതുസമൂഹത്തെ നയിക്കുന്നവരെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധതയും ജാനാധിപത്യബോധവും പ്രകടമാക്കേണ്ടതുണ്ട്. മാധ്യമക്കാര്‍ ആരോപണക്കാരും വിധിയാളന്മാരുമായി മാറുന്നത് ശരിയല്ല. ബാര്‍ കോഴക്കേസില്‍ ഇതാണോ സംഭവിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ടല്ലോ. ശരിയായ തെളിവകുളില്ലാതെ ഒരു മനുഷ്യനെ തുടര്‍ച്ചയായി വേട്ടയാടുന്നതില്‍ എന്തോ അപാകതയുണ്ടെന്നാണ് അവര്‍ പറയുന്നത്.’

ജനാധിപത്യത്തില്‍ ആരോപണങ്ങളുടെ അന്വേഷിക്കാനും വിലയിരുത്താനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട് എന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മറക്കുന്നില്ല. ബാര്‍ കോഴക്കേസില്‍ തുടക്കം മുതല്‍ ഒരു വശത്തുനിന്നും കേള്‍ക്കുന്ന ന്യായവാദങ്ങളില്‍ ഒന്ന് ധനമന്ത്രി കെ എം മാണി നിരപരാധിയാണെന്നാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അത് പറയുന്നത് മനസിലാക്കാം. എന്നാല്‍, അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് തന്നെ സംസ്ഥാന മുഖ്യമന്ത്രിയാണ് ആദ്യമായി ഈ വാദം മുന്നോട്ട് വച്ചത്. അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരാണ് ഈ കേസ് അന്വേഷിക്കേണ്ടത് എന്നിരിക്കെ അവര്‍ക്ക് ഈ പ്രസ്താവന നല്‍കുന്ന സൂചന എന്തായിരിക്കും? സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോപണ വിധേയന്‍ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഏത് തരം നീതിയാണ് നടപ്പിലാവുക? ഇതേ വാദം തന്നെ ദൈവാലയത്തിന്റെ ഉള്ളിലിരുന്ന് ഒരു തിരുമേനിയും പറയുന്നു. 

ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് പ്രതിപക്ഷമല്ല എന്ന് കൂടി ഓര്‍ക്കണം. ആദ്യം ആരോപണം ഉന്നയിച്ചത് കോഴ നല്‍കിയെന്ന് പറയുന്ന ആളുകള്‍ തന്നെയാണ്. പിന്നീട് ഭരണമുന്നണിയിലെ ഒരു പ്രമുഖ നേതാവ് അതിലും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. അല്ലെങ്കില്‍ എത്തിക്കപ്പെട്ടു. നാളിതുവരെ ആരോപണം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല. ഉന്നയിച്ചിരിക്കുന്നതോ സംസ്ഥാന ബജറ്റ് വിറ്റ് കാശുമേടിച്ചു എന്ന ഗുരുതരമായ ആരോപണവും. അതും കാശ് കൊടുത്ത ആളുടെ പേര് വരെ വെളിപ്പെടുത്തിക്കൊണ്ട്. എന്ത് അന്വേഷണമാണ് അതിന്റെ പേരില്‍ ഇവിടെ നടന്നിട്ടുള്ളത്? അന്വേഷണം പോകട്ടെ, ആരോപണം കഴമ്പില്ലാത്തതാണെങ്കില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്നും പുറത്താക്കാനും മാനനഷ്ടക്കേസ് കൊടുക്കാനും ആരോപണ വിധേയര്‍ തയ്യാറാവേണ്ടതല്ലെ? അതിന് പകരം ഞാന്‍ പുണ്യാളനാണ് ശത്രുക്കളോട് പോലും സ്‌നേഹത്തോടെ പെരുമാറൂ എന്നൊക്കെയുള്ള തത്വശാസ്ത്രങ്ങള്‍ വിളമ്പുകയല്ലല്ലോ ചെയ്യേണ്ടത്? ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശം ഉണ്ടെല്ലോ. കെ എം മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ മാത്രമാണെങ്കില്‍ അവരുടെ ആഭ്യന്തര പ്രശ്‌നമായി ഇതിനെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ അദ്ദേഹം സംസ്ഥാന ധന, നിയമ മന്ത്രിയാണ്. ഭരണഘടന പദവി വഹിക്കുന്ന ആളാണ്. ആ പദവിക്കെതിരെ ഇതുവരെ ഒരു സംസ്ഥാന ധനമന്ത്രിയും നേരിടാത്ത ആരോപണങ്ങള്‍ നേരിടുന്ന ആളാണ്. അപ്പോള്‍ നിങ്ങള്‍ തെളിവ് കൊണ്ടുവന്നാല്‍ ഞങ്ങള്‍ പരിശോധിക്കാം എന്ന് അഴകൊഴമ്പന്‍ നയമല്ലല്ലോ ഒരു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ടത്. മറിച്ച്, ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിച്ച് കണ്ടുപിടിക്കുകയല്ലേ? അതിന് ആദ്യം വേണ്ടത് ആരോപണവിധേയന്‍ ആ ഭരണഘടന സ്ഥാപനത്തില്‍ നിന്നും മാറി നില്‍ക്കുയല്ലേ?

അതിന് പകരം കെ എം മാണിക്കെതിരായ വ്യക്തി വിരോധമാണ് ആരോപണങ്ങളുടെ പിന്നിലെന്ന് പാടി നടക്കുക. സകല പള്ളികളിലും മറ്റ് ജാതി സംഘടനകളുടെ ഓഫീസുകളിലും കയറിയിറങ്ങി തനിക്കനുകൂലമായി പ്രസ്താവനകള്‍ ഇറക്കിക്കുക, ഇതൊന്നുമല്ലല്ലോ സാര്‍ നേരായ വഴി.

ബാലകൃഷ്ണപിള്ള അനുനയിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ ജനത്തിന് ബോധ്യമാകും എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന്. കൂടുതല്‍ അന്വേഷണത്തിനൊന്നും പോകേണ്ട കാര്യമില്ലല്ലോ. മാണിയുടെയും ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ തീരുന്ന കേസല്ലേ ഇതിലുള്ളു. എന്നിട്ടും എന്തേ നിയമം നിയമത്തിന്റെ വഴിക്ക് പോകാതിരിക്കുന്നത്?

ഏതായാലും മാണി എന്ന പൊന്നിന്‍കുടത്തിനെ രക്ഷിക്കാന്‍ പൗവ്വത്തില്‍ പിതാവ് മുതല്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരും എഡ്എന്‍ഡിപി മുതലാളി വെള്ളാപ്പള്ളി നടേശനുള്‍പ്പെടെയുള്ളവര്‍ ഒറ്റ സ്വരത്തില്‍ രംഗത്തെത്തുമ്പോഴാണ് അഴിമതിയുടെ ആഴങ്ങള്‍ വ്യക്തമാകുന്നത്. വ്യക്തമായ ഒരു തെളിവുമില്ലാതെ ഒരു മനുഷ്യന്‍ എട്ട് വര്‍ഷം വെറുതെ ജയിലില്‍ കിടന്ന നാടാണിത്. അവസാനം കോടതി മദനിയെ കുറ്റവിമുക്തനാക്കുമ്പോള്‍ അദ്ദേഹത്തിന് ജീവിതത്തിന്റെ വിലപ്പെട്ട എട്ട് വര്‍ഷങ്ങളാണ് നഷ്ടമായത്. ഇപ്പോള്‍ വീണ്ടും ജയിലില്‍ ആയിട്ടുമുണ്ട്. ഈ കേസിന്റെ വിധി എന്താവുമെന്ന് വ്യക്തമല്ലെങ്കിലും.

ഒരു സംസ്ഥാനത്തിന്റെ ബജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തി കോഴ മേടിക്കുക എന്നാല്‍ ആ നാടിന്റെ സമ്പദ് വ്യവസ്ഥിതി തകര്‍ക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ അത് രാജ്യദ്രോഹ കുറ്റമാണ്. അതായത് മാണിക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങള്‍ വെറും അഴിമതിയുടെ കള്ളികളില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് സാരം. എന്നിട്ടും ആര്‍ക്കും കുലുക്കമില്ല എന്ന് മാത്രമല്ല, നമ്മുടെ മതനേതാക്കള്‍ എല്ലാം ഒറ്റക്കെട്ടായി അതിനെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങുകയും ചെയ്യുന്നു. കേരളം പതിച്ചിരിക്കുന്ന ധാര്‍മിക വ്യതിയാനങ്ങളുടെ ആഴം മനസിലാക്കാന്‍ ഇതിലും നല്ല ഒരു ഉദാഹരണം ഇല്ലതന്നെ. അതുകൊണ്ടാണ് ബാര്‍ കോഴ വിവാദം സോളാര്‍ കേസിനെക്കാള്‍ ഗൗരവതരമാകുന്നതും.

വീണ്ടും ദൈവാലയങ്ങള്‍ വാണിഭക്കാരുടെ ഇടത്താവളങ്ങളാവുകയാണ്. അതിന് ജാതി, മത വ്യത്യാസമില്ല. അവ വീണ്ടും പ്രാര്‍ത്ഥനാലയങ്ങളാകുവാന്‍ മറ്റൊരു യേശുക്രിസ്തു അവതരിക്കേണ്ടി വരുമോ? അരമനകളില്‍ ഇരുന്ന് ഇഷ്ട രാഷ്ട്രീയങ്ങള്‍ക്ക് വേണ്ടി ഇടയലേഖനങ്ങള്‍ ഇറക്കുമ്പോള്‍, പശ്ചിമഘട്ടത്തിലെ ഖനനലോബികള്‍ക്ക് വേണ്ടി കേരളത്തിന്റെ അജണ്ട നിശ്ചയിക്കുമ്പോള്‍, പൂട്ടിയിട്ടില്ലാതിരുന്ന 312 ബാറുകള്‍ക്ക് വേണ്ടി നിലപാടുകളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍, ഒരു രാജ്യത്ത് ജീവിച്ച്, അവിടുത്തെ സകല സൗകര്യങ്ങളും അനുഭവിക്കുമ്പോഴും സ്വത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം കാനോണ്‍ നിയമം പൊടി തട്ടിയെടുക്കുമ്പോള്‍, മറ്റൊരു കര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുക മാത്രമായിരിക്കും വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കരണീയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍