UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ: പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് താമരശേരി ബിഷപ്പ്; സര്‍ക്കാര്‍ ദുഃഖിക്കേണ്ടിവരും

Avatar

കെ.പി.എസ്.കല്ലേരി

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കത്തിനിന്നപ്പോള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ജനാനിയേല്‍ സഭയുടെ വത്സല പുത്രനായ സാക്ഷാല്‍ കെ.എം.മാണിക്കെതിരേയും. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ധനമന്ത്രി കോഴ വാങ്ങിയെന്ന ആരോപണം ശരിയാണെന്ന് വിശ്വസിക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമര്‍ശം സംസ്ഥാന രാഷ്ട്രീയത്തിലും സഭയ്ക്കുള്ളിലും കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. ഇന്നലെ കോട്ടയത്ത് കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് ബിഷപ്പ് സര്‍ക്കാരിനെതിരേയും മാണിയെന്ന് പേരെടുത്ത് പറയാതെ ധനമന്ത്രിയേയും ആരോപണത്തിന്റെ മുനയില്‍ നിര്‍ത്തിയത്.

“ബാറുകാരില്‍ നിന്ന് കോഴവാങ്ങിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ താന്‍ അത് വിശ്വസിച്ചില്ല. എന്നാല്‍ തന്നെക്കൊണ്ട് ഇത് വെറും ആരോപണമല്ല എന്ന് വിശ്വസിപ്പിച്ചത് സര്‍ക്കാരിന്റെ പുതിയ നിലപാടുമാറ്റമാണ്. 20കോടിയോളം കോഴ വാങ്ങിയതായിട്ടാണ് ആരോപണമുയര്‍ന്നത്. ഇത് മന്ത്രിസഭയില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. അതിലൊരുഭാഗമായിരിക്കാം ധനമന്ത്രിക്കും കിട്ടിയത്.” ഇതായിരുന്നു ബിഷപ്പിന്റെ കോട്ടയം പ്രസംഗം.

“കോട്ടയത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. അതേസമയം ധനമന്ത്രി കെ.എം.മാണി കോഴവാങ്ങിയിട്ടുണ്ടെന്ന് ഞാനെവിടേയും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ നിലപാട് മാറ്റം കണ്ടാല്‍ അങ്ങനെ വിശ്വസിക്കേണ്ടിവരുമെന്നും ലക്ഷക്കണക്കായ ജനങ്ങള്‍ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാനാവില്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നു.” വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ അഴിമുഖവുമായി സംസാരിക്കുകയായിരുന്നു ബിഷപ്പ്.

“ഇഷ്ടമുണ്ടായിട്ടല്ല ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും സമ്പൂര്‍ണ മദ്യനിരോധനത്തിന് തയ്യാറായത്. വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ എടുത്ത കടുത്ത നിലപാടും സഭയുടേയും മദ്യവിരുദ്ധ സംഘടനകളുടേയും നിരന്തര സമ്മര്‍ദ്ദവും സംസ്ഥാനത്തിന്റെ പൊതുആവശ്യമായി വന്നപ്പോഴാണ് പെട്ടന്നൊരു ദിവസം ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും നിലപാട് മാറ്റേണ്ടിവന്നത്. അല്ലാതെ ഒരിക്കലും അത്മാര്‍തഥയോടെ എടുത്ത നിലപാടായിരുന്നില്ല അത്. അങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ നിലിവിലുള്ള മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പറയില്ലായിരുന്നല്ലോ.” ബിഷപ്പ് പറഞ്ഞു. 

കോഴ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ..?
തീര്‍ച്ചയായും. ഞാന്‍ പറഞ്ഞത് മാണിസാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്നല്ല. അങ്ങനെ വ്യക്തിപരമായൊരു ആരോപണവും തനിക്കില്ല. മാണിസാര്‍ പണം വാങ്ങിയെന്നാണ് ഞാന്‍ പറഞ്ഞതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നതാണ്. നിലവിലള്ള മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം കാണുമ്പോള്‍ ബാറുകാര്‍ ആരോപിച്ചതുപോലുള്ള കോഴവാങ്ങല്‍ വിശ്വസിക്കേണ്ടിവരുമെന്നാണ് പറഞ്ഞത്. കാരണം നേരത്തെ ഇങ്ങനെ ഒരാരോപണമുണ്ടായപ്പോള്‍ മദ്യനിരോധനവുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുന്നതാണ് നമ്മള്‍ കണ്ടത്. അപ്പോള്‍ ജനം കോഴവാങ്ങിയെന്ന ആരോപണത്തെ തള്ളിക്കളഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നിരന്തരം കോടതിയില്‍ തോല്‍ക്കുകയും നിരോധിച്ച ബാറുകളെല്ലാം വീണ്ടും തുറക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനകൂടി വന്ന സാഹചര്യത്തില്‍ അങ്ങനെ സംശയിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ഇവിടുത്തെ ലക്ഷക്കണക്കായ സാധാരണക്കാരുടെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു.

ഇത്തരമൊരു പ്രസ്താവന സഭയ്ക്കുള്ളില്‍ പ്രശ്‌നമായിട്ടുണ്ടോ..?സഭയ്ക്കുള്ളില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷെ പലരും വിളിച്ചു ചോദിച്ചു അങ്ങനെ പറയണമായിരുന്നോ എന്ന്. പക്ഷെ ഞാന്‍ എന്റെ പ്രസംഗത്തിന്റെ സാഹചര്യവും നിലപാടും വിശദീകരിച്ച് കൊടുത്തപ്പോള്‍ അവര്‍ക്കത് ബോധ്യമായിട്ടുണ്ട്. പിന്നെ മാധ്യമങ്ങളതിനെ വിവാദമാക്കുന്നതില്‍ ഞാനെന്ത് ചെയ്യാനാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുണ്ടായ ഘട്ടം മുതല്‍ യുഡിഎഫ് നിലപാട് ബിഷപ്പിനെതിരാണ്..?
സത്യം പറയുന്നവര്‍ക്കെതിരേ അനിഷ്ടമുണ്ടാവും. ഗാഡ്ഗിലും കസ്തൂരിരംഗനുമൊക്കെ കത്തിനിന്നപ്പോള്‍ സാധാരണക്കാരുടെ പക്ഷത്തായിരുന്നില്ല സര്‍ക്കാര്‍. അതുകൊണ്ടാണ് പരസ്യമായ സമരങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കേണ്ടിവന്നത്. ഞങ്ങള്‍ക്ക് ഇടത്-വലത് നിലപാടൊന്നുമില്ല. ശരിയുടെ പക്ഷമാണ് ഞങ്ങളുടേത്. മലയോര ജനതയ്ക്കും കേരള സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പക്ഷം നോക്കാനില്ല. സര്‍ക്കാര്‍ ഈ നിലപാടുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ അത് യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.

കസ്തൂരിരംഗനും മദ്യനിരോധനവുമടക്കമുള്ള വിഷയത്തില്‍ കേരള കോണ്‍ഗ്രസ് പിറകോട്ട് പോകുന്നതായി തോന്നുന്നുണ്ടോ…?
ശരിയാണ്. ഇത്തരം സമരങ്ങളെല്ലാം ധാര്‍മികമായി ഏറ്റെടുത്ത് മുന്നില്‍ നില്‍ക്കേണ്ടവരാണ് കേരള കോണ്‍ഗ്രസ്. പക്ഷെ പലപ്പോഴും ഇത്തരം ഘട്ടങ്ങളിലെല്ലാം കേരള കോണ്‍ഗ്രസ് പിറകിലായിപ്പോകുന്നു. പല സര്‍ക്കാര്‍ നിലപാടുകളേയും പ്രതിരോധിക്കേണ്ട ബാധ്യതകൂടിയുള്ള കേരളാ കോണ്‍ഗ്രസ് അധികാരത്തിന്റെ ഭാഗമായപ്പോള്‍ കോണ്‍ഗ്രസിന്റെ നിഴലായി പോകുന്നതില്‍ സങ്കടമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍