UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് കലോത്സവവേദിക്ക് സമീപം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ

കളക്ടര്‍ ഇടപെട്ട് വിലാപയാത്രയ്ക്ക് അനുമതി നല്‍കിയതോടെ കലോത്സവ വേദിക്ക് മുന്നിലെ സംഘര്‍ഷാവസ്ഥ അവസാനിച്ചു

കണ്ണൂരില്‍ ഇന്നലെ അര്‍ദ്ധരാത്രി ഒരു സംഘം ആളുകളുടെ വെട്ടേറ്റ് മരിച്ച ബിജെപി അണ്ടല്ലൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എ സന്തോഷിന്റെ മൃതദേഹം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയ്ക്ക് സമീപം പൊതുദര്‍ശനത്തിന് വച്ചു. കലോത്സവ വേദിക്ക് സമീപത്തുള്ള പഴയ ബസ് സ്റ്റാന്‍ഡിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.

കലോത്സവത്തിന്റെ പ്രധാന വേദിയായ കണ്ണൂര്‍ പോലീസ് ഗ്രൗണ്ടിന്റെ മുന്‍ഭാഗത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാനായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആദ്യ നീക്കം. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ മൂലം അത് പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റി. മൃതദേഹവുമായി കലോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിലൂടെ പോകുന്നതും പോലീസ് തടഞ്ഞു. എകെജി ആശുപത്രിക്ക് മുന്നില്‍ ഗതാഗതം തടഞ്ഞ പോലീസ് മൈതാനം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡിലേക്ക് മൃതദേഹം എത്തിക്കാന്‍ വഴിയൊരുക്കുകയായിരുന്നു.

അതേസമയം സന്തോഷിന്റെ നാടായ അണ്ടലൂരിലേക്കുള്ള വിലാപയാത്ര കലോത്സവത്തിന്റെ പ്രധാന വേദിയ്ക്ക് മുന്നിലൂടെ തന്നെ വേണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ വാശി പിടിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇത് അനുവദിക്കാനാകില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ സംസ്ഥാന നേതാവ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പോലീസിന് അരമണിക്കൂര്‍ സമയം അനുവദിക്കുമെന്നും അതിനുള്ളില്‍ വിലാപയാത്രയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ സ്വന്തംനിലയ്ക്ക് മുന്നോട്ട് നീങ്ങുമെന്നും കെ സുരേന്ദ്രന്‍ മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കി. അരമണിക്കൂറിന് ശേഷവും പോലീസ് അനുമതി നല്‍കിയില്ല.

ഒടുവില്‍ കളക്ടര്‍ സംഭവത്തില്‍ ഇടപെടുകയും ആംബുലന്‍സിനും ഏതാനും വാഹനങ്ങള്‍ക്കും മാത്രം കലോത്സവ വേദിയുടെ മുന്നിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. ആദ്യം വഴങ്ങിയില്ലെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് ഇത് അംഗീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറായതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരികയായിരുന്നു. എന്നാല്‍ പിന്നീടും മൃതദേഹം വഹിച്ച ആംബുലന്‍സും മറ്റ് വാഹനങ്ങളും പുറപ്പെടാന്‍ തയ്യാറാകാതിരുന്നതോടെ കളക്ടര്‍ ഇടപെട്ട് വിലാപയാത്രയ്ക്ക് അനുമതി നല്‍കി. പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ബിജെപി നേതാക്കള്‍ നല്‍കിയ ഉറപ്പിലായിരുന്നു കളക്ടറുടെ അനുമതി. ഇവിടുത്തെ മുന്‍ഗണന കലോത്സവത്തിന് എത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കൊപ്പമെത്തിയ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണെന്ന് കളക്ടര്‍ മീര്‍ മുഹമ്മദ് അറിയിച്ചു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ട്ം ചെയ്ത സന്തോഷിന്റെ മൃതദേഹം രണ്ടരയോടെയാണ് കണ്ണൂര്‍ നഗരത്തിലെത്തിച്ചത്. സുരേന്ദ്രനെ കൂടാതെ ബിജെപി ജില്ലാ നേതാക്കളായ ആര്‍ സത്യപ്രകാശ്, വല്‍സന്‍ തില്ലങ്കരി എന്നിവരും മൃതദേഹത്തെ അനുഗമിച്ചെത്തി. ഇതിനിടെ വടകരയിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതും സംഘര്‍ഷത്തിനിടയാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍