UPDATES

വാര്‍ത്തകള്‍

അമിത് ഷായ്ക്ക് റാം മാധവിന്റെ തിരുത്ത്; ബിജെപിയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി

ബിജെപിയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു അമിത്ഷായും മോദിയും പറഞ്ഞത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവ്. എന്നാല്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് തനിച്ച് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നതിനിടെയാണ് റാം മാധാവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ അത് വലിയ സന്തോഷമായിരിക്കും. എന്തായാലും എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം ബ്ലൂം ബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കേ ഇന്ത്യയിലുണ്ടാക്കിയ നേട്ടം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കില്‍ ആ നഷ്ടം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും നികത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ബിജെപിയുടെ പ്രധാന നേതാവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പറയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. 2014 ല്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന സൂചനയാണ് തനിക്ക് ലഭിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പശ്ചിമ ബംഗാളില്‍ 23 സീറ്റെങ്കിലും ബിജെപിയ്ക്ക് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിന് പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് 20 സീറ്റെങ്കിലും പാര്‍ട്ടിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒഡീഷയാണ് പാര്‍ട്ടിക്ക് മേല്‍ക്കൈ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞ മറ്റൊരു സംസ്ഥാനം.

പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെയും നിലപാട്. ആര്‍എസ്എസ്സ് നേതാവായിരുന്ന റാം മാധാവ് മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ബിജെപിയിലെത്തിയത്. ബിജെപി ജനറല്‍ സെക്രട്ടറിയായി നിയമിതനായ റാം മാധാവാണ് കശ്മീരില്‍ പിഡിപിയുമായി സഖ്യ സര്‍ക്കാര്‍ രൂപികരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍