കഴിഞ്ഞ ദിവസമാണ് ഉദ്ദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്
ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി വിട്ട ദളിത് നേതാവ് ഉദ്ദിത്ത് രാജ്. ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ഉദ്ദിത്ത് രാജ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ബിജെപിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ദളിത് വിഭാഗത്തെ പൂര്‍ണമായി തകര്‍ക്കുകയാണ് ചെയ്തതെന്ന് സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ അഞ്ച് വര്‍ഷം ഉണ്ടായിരുന്നപ്പോള്‍ അസ്വസ്തനും നിരാശനായിരുന്നു. നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ ലോക്‌സഭയില്‍ ഉന്നയിച്ചെങ്കിലും ഒരു പരിഗണനയും ലഭിച്ചില്ല. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും ഒരു തരത്തിലും ബിജെപി അംഗീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് പാര്‍ട്ടി ഒരു വിവരവും അറിയിച്ചിരുന്നില്ല. പാചകക്കാരനോ, തോട്ടക്കാരനോ തരുന്ന പരിഗണനപോലും ബിജെപി തന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ദളിത് ദളിത് എന്ന് പറയുന്ന ബിജെപി യഥാര്‍ത്ഥത്തില്‍ ദളിത് വിരുദ്ധരാണ്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് സീറ്റ് നല്‍കുന്നതിനെക്കാള്‍ ഒരു സീറ്റ് നഷ്ടപ്പെടാനാണ് അവര്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി ബിജെപിയെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണ്. ഇനിയും അത്തരം നിലപാടുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ കൂടുതലായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനായിരുന്ന ഉദ്ദിത്ത് രാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി എസ് ടി ഓര്‍ഗനൈസേഷന്റെ ചെയര്‍മാനാണ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഉദ്ദിത്ത് രാജ്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍നിന്നാണ് ഉദ്ദിത്ത് രാജ് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സര്‍ക്കാരിന്റെ പല തീരുമാനങ്ങളോടുമുള്ള എതിര്‍പ്പ് അദ്ദേഹം നേരത്തെ തന്നെ പരസ്യപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിലെ ദളിത് മന്ത്രിമാര്‍ പരാന്ന ഭോജികളാണെന്നും സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം. ഗ്രീന്‍ ട്രൈബ്യൂണല്‍ ചെയര്‍മാനായി സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്്റ്റീസ് എ കെ ഗോയലിനെ നിയമിച്ചതിനെതിരെയും ഉദ്ദിത്ത് രാജ് പരസ്യമായി രംഗത്തുവന്നിരുന്നു