UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് രാഷ്ട്രീയവുമായി ബി ജെ പി അലിഗഢ് സര്‍വകലാശാലയിലേക്ക്

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നില്‍ ബീഫ് വീണ്ടും പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണ് അലിഗഢ് മേയര്‍ ശകുന്തള ഭാരതി. അത്യധികം അപലപനീയവും നിന്ദ്യവുമാണ് ഭാരതിയുടെ ശ്രമം. മെനുവില്‍ ബീഫ് ബിരിയാണി ഉണ്ടെന്ന കാരണം പറഞ്ഞ് അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ഒരു കന്റീന്റെ പ്രവര്‍ത്തനം നിര്‍ബന്ധിതമായി തടഞ്ഞിരിക്കുകയാണ് ഭാരതി.

ഐറ്റം മെനുവില്‍ നിന്ന് അപ്രത്യക്ഷമായി. കഴിക്കാന്‍ ആളില്ലാത്തതുകൊണ്ടാണെന്ന് കന്റീന്‍ കോണ്‍ട്രാക്ടര്‍ വിശദീകരണവും നല്‍കി. ലഭ്യമായിരുന്നപ്പോള്‍ത്തന്നെ അത് പോത്തിറച്ചി കൊണ്ടാണ് ഉണ്ടാക്കിയിരുന്നതെന്നും അറിയിച്ചു. പ്രശ്‌നം അവസാനിച്ചതായി പൊലീസും അറിയിച്ചു.

സംഭവത്തില്‍ ഹിന്ദു പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല. പക്ഷേ സംഭവം വിവാദമാക്കാനുള്ള മേയറുടെ ഉത്സാഹം കുലുക്കമില്ലാതെ തുടരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടന്നുകയറാന്‍ രാഷ്ട്രീയശക്തികള്‍ ശ്രമിക്കുമ്പോള്‍ വൈസ് ചാന്‍സറുടെ പദവി നിര്‍ണായകമാകുന്നു. ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ്‌കുമാര്‍ തന്റെ ജോലി ശരിയായി ചെയ്തിരുന്നെങ്കില്‍, സര്‍വകലാശാലാ ഭരണസംവിധാനം ഉപയോഗിച്ച് പ്രശ്‌നം സുതാര്യമായി പരിഹരിക്കുകയും പൊലീസിനെ അകത്തുകടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, അവിടെ ഈ പൊട്ടിത്തെറികളൊന്നും ഉണ്ടാകുമായിരുന്നില്ല.

ഇക്കാര്യത്തില്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയ്ക്ക് ഭാഗ്യമുണ്ട്. അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തില്‍ കൈകടത്താനുള്ള രാഷ്ട്രീകക്ഷികളുടെ ശ്രമത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് വൈസ് ചാന്‍സര്‍ സമീറുദ്ദീന്‍ ഷാ വ്യക്തമായി പറഞ്ഞുകഴിഞ്ഞു. ദേശവിരുദ്ധപ്രവൃത്തികളും ഭിന്നാഭിപ്രായവും രണ്ടാണെന്നു പറഞ്ഞ ഷാ ഭിന്നാഭിപ്രായം ജനാധിപത്യ അവകാശമാണെന്നു ചൂണ്ടിക്കാട്ടി. ക്യാംപസില്‍ ദേശവിരുദ്ധ – സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി എംപി സതീഷ് ഗൗതം അയച്ച കത്തിനോട് പ്രതികരിക്കുകയായിരുന്നു ഷാ. അവ രണ്ടും രണ്ടാണ് എന്നു മാത്രമല്ല ഇതുരണ്ടും തിരിച്ചറിയാനാകാത്തവര്‍ പാര്‍ലമെന്റില്‍ കടക്കാന്‍ യോഗ്യരുമല്ല.

ബിഫ്, വനിതകള്‍, ദേശദ്രോഹികള്‍ തുടങ്ങിയ വ്യാജ വിവാദങ്ങളെ ഉത്തരവാദിത്തത്തോടെ തള്ളിക്കളഞ്ഞ ഷാ തന്റെ വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കുന്ന ഏക കാര്യം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവിയാണെന്നും പറഞ്ഞു. നിലനില്‍ക്കാത്ത ചില സാങ്കേതികവാദങ്ങള്‍ ഉന്നയിച്ച് അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷസ്ഥാപനമല്ലെന്ന് ജനുവരിയില്‍  സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. അധികാരത്തിലെത്താന്‍വേണ്ടി നല്‍കിയ ‘എല്ലാവരെയും ഉള്‍ക്കൊള്ളുമെന്ന’ വാഗ്ദാനം മറന്നായിരുന്നു ഇത്.

ക്യാംപസിനുള്ളിലേക്ക് മേയറും എംപിയും നടത്തുന്ന സംശയകരമായ കടന്നുകയറ്റങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടവയാണ്. 19ാം നൂറ്റാണ്ടിലെ അവസാനപകുതിയില്‍ നിലവില്‍ വന്ന ഈ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനവും ജെഎന്‍യു പോലെതന്നെ പ്രതീകാത്മക മൂല്യമുള്ളതാണ്. ഇവിടത്തെ മൂന്നു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുസ്ലിമല്ല എന്നാണു കണക്ക്. ജെഎന്‍യു ഇടത്-സ്വതന്ത്ര ചിന്താഗതികള്‍ വളര്‍ത്തുമ്പോള്‍ എഎംയു സ്വതന്ത്ര മുസ്ലിം സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നു.

പ്രത്യേക പ്രസക്തിയുള്ള ഇത്തരം സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തില്‍ ഒരുവിധ ഒത്തുതീര്‍പ്പും ഉണ്ടായിക്കൂടാ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍