UPDATES

മണ്ഡലങ്ങളിലൂടെ

വയനാട്ടില്‍ രാഹുലിനെതിരെ നേര്‍ക്കുനേര്‍ പോരാടാന്‍ ബിജെപി എന്തുകൊണ്ട് മടിച്ചു? കെട്ടിവച്ച കാശ് നഷ്ടപ്പെടുമെന്ന ഭീതിയോ?

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സ്മൃതി ഇറാനി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ആദ്യം വാര്‍ത്ത പരന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുകയാണ്. രാഹുലിനെ സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യം ശക്തമായിരുന്നു. അമേഥിയിലെ പരാജഭീതി മൂലമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. അതിനാല്‍ തന്നെ രാഹുലിനെതിരെ കരുത്തുറ്റ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ വയനാട്ടിലും അവര്‍ നിര്‍ത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. വയനാട് നിലവില്‍ ബിഡിജെഎസിന് നല്‍കിയ സീറ്റാണെങ്കിലും ആവശ്യമെങ്കില്‍ അത് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിക്കുകയും ചെയ്തതാണ്.

എന്നാല്‍ വയനാട് സീറ്റ് ഏറ്റെടുക്കാന്‍ തയ്യാറാകാതെ അവിടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചത്. നേരത്തെ തുഷാര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തൃശൂര്‍ ഒഴിവാക്കിയാണ് വയനാട്ടില്‍ മത്സരിക്കുന്നത്. തൃശൂര്‍ സീറ്റും ബിഡിജെഎസിന് നല്‍കിയിരുന്നതാണെങ്കിലും ഇപ്പോള്‍ അത് ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി വിജയ പ്രതീക്ഷ പുലര്‍ത്തുന്ന അഞ്ച് സീറ്റുകളില്‍ ഒന്നാണ് തൃശൂര്‍. എന്നാല്‍ ഇവിടെ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് പുതിയ തീരുമാനം. അതേസമയം രാഹുലിനെ എതിര്‍ക്കുന്ന ബിജെപി എന്തുകൊണ്ട് സ്വന്തം സ്ഥാനാര്‍ത്ഥിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നില്ലെന്നാണ് ചോദ്യം. രാഹുലിനെ രാഷ്ട്രീയമായി നേരിടാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയല്ലേ ഇവിടെ വരേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ ഇവിടെ കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നതാണ് ഇതിന് കാരണമായി എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നത്.

മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടുകളാണെന്നും രാഹുല്‍ ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നിന്നും തോല്‍വി ഭയന്ന് ഒളിച്ചോടുകയാണെന്നും ബിജെപി ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്. അതേസമയം ബിജെപി വയനാട്ടില്‍ മത്സരിക്കാത്തതും ഇതേ കാരണത്താല്‍ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി ഒരു സാഹചര്യവശാലും ഇവിടെ ജയിക്കില്ലെന്ന് മാത്രമല്ല, കെട്ടിവച്ച കാശ് പോലും കിട്ടുകയുമില്ല. അതേസമയം ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും അവര്‍ ചിന്തിക്കുന്നു. എസ് എന്‍ ഡി പി ഇവിടെ ശക്തമാണെന്നതാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പല രാഷ്ട്രീയ പാര്‍ട്ടികളിലായി ചിതറിക്കടക്കുന്ന ഈഴവ വോട്ടുകള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സ്മൃതി ഇറാനി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. തൊട്ടുപിന്നാലെ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്ത വന്നു. ഇവര്‍ രണ്ട് പേരും വന്നില്ലെങ്കിലും ഏതെങ്കിലും ഹൈ പ്രൊഫൈല്‍ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നെങ്കിലും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിയാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. എസ്എന്‍ഡിപി വോട്ടുകളില്‍ വിശ്വസിച്ചാണ് തുഷാര്‍ വയനാട്ടിലെ മത്സരം രാഹുലും താനും തമ്മിലായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥികളാരെങ്കിലും മത്സരിച്ചാല്‍ ചാവേറുകളാകുമെന്ന ഭീതിയാണ് ബിജെപിക്കുള്ളത്. രാഹുലിന്റെ വിജയം ഉറപ്പുള്ള വയനാട്ടില്‍ ബിജെപിക്കാരെ ആരെയും അത്തരത്തില്‍ ചാവേറാക്കാന്‍ പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നുമില്ല.

ഇതേ പരാജയ സൂചന തന്നെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാക്കുകളിലുമുള്ളത്. തൃശൂരില്‍ വിജയിക്കുന്ന സീറ്റ് കളഞ്ഞാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് തുഷാര്‍ പറഞ്ഞത്. എന്തായാലും രാഹുലിനോട് തോറ്റാലും അടുത്ത സര്‍ക്കാര്‍ എന്‍ഡിഎയുടേത് തന്നെയാണെങ്കില്‍ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്താനും ഒരു മന്ത്രിസ്ഥാനം ഉറപ്പിക്കാനും തുഷാറിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍