UPDATES

ട്രെന്‍ഡിങ്ങ്

ആദിവാസികള്‍ക്കിടയില്‍ നിന്ന് ആദ്യമായി രാഷ്ട്രപതിയുണ്ടാകുമോ ?: ദ്രൗപദി മുര്‍മുവിനെ ബിജെപി പരിഗണിക്കുന്നു

അദ്വാനിയെ മോദിയും അമിത് ഷായും പരിഗണിക്കുന്നേയില്ല എന്നാണ് വിവരം. മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയേയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനേയുമാണ് ബിജെപി കൂടുതല്‍ പരിഗണിക്കുന്നതെന്നാണ് സൂചന.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂണില്‍ അവസാനിക്കുകയാണ്. പുതിയ രാഷ്ട്രപതി ആരായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. എല്‍കെ അദ്വാനിയെ ബിജെപി തഴയാനാണ് സാദ്ധ്യതയെന്നാണ് റിപ്പോര്‍ട്ട്. അദ്വാനിയെ മോദിയും അമിത് ഷായും പരിഗണിക്കുന്നേയില്ല എന്നാണ് വിവരം. മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയേയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനേയുമാണ് ബിജെപി കൂടുതല്‍ പരിഗണിക്കുന്നതെന്നാണ് സൂചന. മറ്റ് രണ്ട് പേരും പട്ടികയിലുണ്ട്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുമുവും. ഇക്കൂട്ടത്തില്‍ ദ്രൗപദി മുമുവിന്റെ പേരാണ് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത്. കാരണം ദ്രൗപദി രാഷ്ട്രപതിയാവുകയാണെങ്കില്‍ രാജ്യത്ത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയായിരിക്കും.

ദളിത് വിഭാഗങ്ങളില്‍ നിന്ന് കെആര്‍ നാരായണന്‍ രാഷ്ട്രപതിയായിട്ടുണ്ടെങ്കിലും ആദിവാസികള്‍ക്കിടയില്‍ നിന്ന് ഒരു രാഷ്ട്രപതി ഇന്ത്യക്കുണ്ടായിട്ടില്ല. രാഷ്ട്രപതി സ്ഥാനത്ത് ദളിത്, വനിതാ പ്രതിനിധികള്‍ വന്നുകഴിഞ്ഞു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിലൂടെ ഉണ്ടാക്കിയെടുക്കാവുന്ന പ്രതിച്ഛായയെ കുറിച്ച് ബിജെപി ആലോചിച്ചാലും ഇല്ലെങ്കിലും ആര്‍എസ്എസ് ആലോചിച്ചിട്ടുണ്ടാവും. പ്രത്യേകിച്ചും ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ബിജെപിയും സംഘപരിവാറും വലിയ വിമര്‍ശനവും പ്രതിഷേധവും നേരിടുന്ന ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍. ഒഡീഷയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണ് 59കാരിയായ ദ്രൗപദി മുമു. 1997ല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ദ്രൗപദി മുമു, ഒഡീഷയില്‍ കൗണ്‍സിലറായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിയും ആര്‍എസ്എസും തമ്മില്‍ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടവരുടെ പേരുകള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. അതേസമയം ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകൂ.

മുരളി മനോഹര്‍ ജോഷി, 1944ല്‍ 10ാം വയസ് മുതല്‍ ആര്‍എസ്എസ് അംഗമാണ്. അയോദ്ധ്യ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ സജീവമായ നേതൃത്വം. അയോദ്ധ്യ പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ ബിജെപി ദേശീയ പ്രസിഡന്റായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത നടപടിയുമായി ബന്ധപ്പെട്ട് വിവാദനായകനും ആ കേസിലെ പ്രതിയുമായി. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന ജോഷി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള മൂന്ന് മന്ത്രിസഭകളില്‍ (1996, 98, 99) ജോഷി അംഗമായിരുന്നു. മോദി സര്‍ക്കാരില്‍ നല്ല മന്ത്രിയെന്ന് പേരിടുത്ത സുഷമ സ്വരാജിനെ ഉയര്‍ത്തിക്കാട്ടാനും സാദ്ധ്യതയുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ നല്ല ബന്ധം പുലര്‍ത്തുന്ന സുഷമ ബിജെപിയുടെ ഒരു ചോയ്‌സാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍