UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരുന്നു, രണ്ടാം വിമോചന സമരം; ഇത്തവണ ബിജെപി വക

Avatar

കെ .എ . ആന്റണി

ഇങ്ങനെ പോയാല്‍ പിണറായി സര്‍ക്കാരിന് അല്‍പായുസ്സേ ഉണ്ടാകൂ എന്നാണു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പറയുന്നത്. കേരളത്തില്‍ വീണ്ടും ഒരു വിമോചന സമരം നയിക്കാന്‍ ഗോപാലകൃഷ്ണനും കൂട്ടര്‍ക്കും തിടുക്കമായി എന്നുസാരം. കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്നും നോക്കിയും കണ്ടും നിന്നില്ലെങ്കില്‍ പ്രത്യേക ഭരണഘടനാവകുപ്പ് എടുത്തു പ്രയോഗിച്ച് പിണറായി സര്‍ക്കാരിനെ പിരിച്ചുവിടും എന്നൊക്കെയാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ഇതേ ആഗ്രഹം കുമ്മനംജി അടക്കം മറ്റു ചിലര്‍ക്കും ഉണ്ടെന്നാണു കേള്‍ക്കുന്നത്. പെട്ടെന്ന് ഇങ്ങനെയൊക്കെ പറയാന്‍ കാരണം രണ്ടു നാള്‍ മുന്‍പ് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യലയമായ മാരാര്‍ജി ഭവനുനേരെ ആരോ ബോംബ് എറിഞ്ഞതാണ്. മാരാര്‍ജി ഭവന് ബോംബെറിഞ്ഞതാരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ബോംബെറിഞ്ഞതിനു പിന്നില്‍ സിപിഎം നേതാവ് വി ശിവന്‍കുട്ടിയാണെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് കണ്ടെത്തിക്കഴിഞ്ഞു! ആ നിലയ്ക്ക് രണ്ടാം വിമോചന സമരം ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതത്തിനു വകയുള്ളു!

കണ്ണൂരില്‍ ബോംബേറ് ഒരു സ്ഥിരം കലാപരിപാടിയാണ്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് എന്നുവേണ്ട സകലമാന രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും ഇടയ്ക്കിടെ ബോംബ് വന്നു വീഴും. രാഷ്ട്രീയ പ്രവര്‍ത്തകരുടെ വീടുക്കള്‍ക്കു നേരെയും ബോംബ് ആക്രമണം നടക്കാറുണ്ട്. ബോംബ് നിര്‍മാണത്തിനിടയിലും ബോംബേറ് കൊണ്ടും ആളുകള്‍ മരിക്കാറുണ്ട്. ഈ കലാപരിപാടി ഒന്ന് അവസാനിച്ചുകാണാന്‍ കണ്ണൂര്‍ക്കാര്‍ ആശിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഒന്നും അവസാനിക്കുന്ന ലക്ഷണമില്ല. ദുര്‍വിധി എന്ന് കരുതി വീണ്ടും ആശയോടെ കാത്തിരിക്കുക തന്നെ.

സംസ്ഥാനമൊട്ടാകെ സംഘര്‍ഷം ഉണ്ടാക്കി ഓണാഘോഷം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാണ് കുമ്മനത്തിന്റെ ആരോപണം. ഇതില്‍ അല്‍പം വാസ്തവം ഇല്ലാതില്ല. പക്ഷേ സിപിഎം മാത്രമല്ല, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും സംഘര്‍ഷം സൃഷ്ടിക്കുന്ന കാര്യത്തില്‍ പിന്നിലല്ല എന്നുമാത്രം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ പള്ളിക്കുന്നില്‍ നിന്നും സംഘര്‍ഷം നിലനില്‍ക്കുന്ന ഇരിട്ടിക്കടുത്ത മുഴക്കുന്ന് പഞ്ചായത്തില്‍ നിന്നും ബോംബുകള്‍ പിടികൂടിയ സംഭവങ്ങള്‍ വരാനിരിക്കുന്നത് സംഘര്‍ഷത്തിന്റെ നാളുകളാണെന്ന പ്രതീതി ജനിപ്പിക്കുന്നു.

അടുത്തു തന്നെ നരേന്ദ്ര മോദിയും അമിത് ഷായുമൊക്കെ ബിജെപി ദേശീയ സമിതി യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തുന്നുണ്ട്. അതിനു മുമ്പായി തന്നെ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് പിണറായി ഭരണത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൂടെന്നില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍