UPDATES

ട്രെന്‍ഡിങ്ങ്

ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപിയുടെ അടുത്ത അടവ്; അയോധ്യയില്‍ നിന്നും രാമേശ്വരത്തേക്ക് ട്രെയിന്‍

അഖിലേഷ് യാദവ് സര്‍ക്കാര്‍ അയോധ്യയുടെ പേരില്‍ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പദ്ധതിയാണ് നടപ്പാകുന്നത്‌

അയോധ്യയില്‍ നിന്നും ആദ്യമായി ദക്ഷിണേന്ത്യയിലേക്ക് നേരിട്ട് ഒരു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. തമിഴ്‌നാട്ടിലെ തീര്‍ത്ഥാടനകേന്ദ്രമായ രാമേശ്വരത്തേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂലൈ 29ന് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് അയോധ്യയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ലല്ലു സിംഗ് അറിയിച്ചു.

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാനുള്ള ബിജെപി തീരുമാനത്തിനിടെയുള്ള ഈ നീക്കം രാഷ്ട്രീയപരമായി ഏറെ നിര്‍ണായകമാണ്. കൂടാതെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും കേന്ദ്രമായി രാമജന്മഭൂമിയെ മാറ്റാന്‍ സാധിക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ ആരാധിക്കപ്പെടുന്ന രാമാനന്തസ്വാമി ക്ഷേത്രം രാമേശ്വരത്താണ്. ലങ്കയിലേക്ക് കടലിന് കുറുകെ രാമന്‍ പാലം നിര്‍മ്മിച്ചെന്ന് കരുതപ്പെടുന്നതും ഇവിടെയാണ്.

അതേസമയം ഈ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്നും വിശ്വാസികള്‍ക്ക് ശ്രീരാമന്റെ രണ്ട് പ്രധാന ക്ഷേത്രങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും ലല്ലു സിംഗ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയുടെ വികസനത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. താനും സംസ്ഥാന ബിജെപി നേതൃത്വവും മുന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന് മുന്നിലേക്ക് ഈ നിര്‍ദ്ദേശം വച്ചെങ്കിലും തള്ളിക്കളയുകയായിരുന്നെന്നും ലല്ലു സിംഗ് പറയുന്നു. അയോധ്യയുടെ പേരില്‍ തെറ്റായ നിര്‍ദ്ദേശങ്ങള്‍ വച്ച് ഫണ്ട് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അന്നത്തെ അഖിലേഷ് യാദവ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍