UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്; വാചക കസര്‍ത്ത് നിര്‍ത്തൂ, കുറ്റക്കാരെ ശിക്ഷിക്കൂ

Avatar

അഴിമുഖം പ്രതിനിധി

യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഇപ്പോഴും കരുതുന്നത് ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകാന്‍ കഴിയുമെന്നാണോ? അഴിമതിക്കെതിരെ നടപടിയെടുക്കും എന്ന് പ്രസംഗിച്ചിരുന്ന മോദി പ്രധാനമന്ത്രിയായിട്ട് രണ്ട് വര്‍ഷം തികയാന്‍ ഇനി നാളുകള്‍ മാത്രമാണുള്ളത്. എന്നിട്ടും കോണ്‍ഗ്രസിന് എതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മാത്രമേ മോദിക്കാകുന്നുള്ളൂ. നടപടി എടുക്കുന്നില്ല. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി പുറത്തു വന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. അവര്‍ കരാര്‍ റദ്ദാക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോള്‍ വീണ്ടും അഗസ്റ്റ അഴിമതി വിഷയം ഉയരുകയും ബിജെപി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ഉന്നയിക്കുകയും കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബത്തെ നേരിട്ട് ആക്രമിക്കുകയും ചെയ്യുന്നു. അധികാരം കൈയില്‍ ലഭിച്ച് രണ്ടു വര്‍ഷം ആയിട്ടും കോണ്‍ഗ്രസിന് എതിരായ അഴിമതി ആരോപണങ്ങളില്‍ നടപടി എടുക്കാന്‍ മോദി സര്‍ക്കാരിന് ആകുന്നില്ല. അഗസ്റ്റ വിഷയം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഇതേ കാരണത്താല്‍ ബിജെപി ഒറ്റപ്പെട്ടു. തമ്മില്‍ തല്ലുമെങ്കിലും ബിജെപിയുടെ ഉറ്റ സഖ്യകക്ഷിയായ ശിവസേന പോലും ഇക്കാര്യത്തില്‍ അവരെ ഒറ്റപ്പെടുത്തി. വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസിന് എതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന് പകരം അഴിമതി നടത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നതെന്ന് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്റില്‍ സോണിയ ഗാന്ധിക്ക് എതിരായ ബിജെപിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ, അഭിഷേക് സിംഗ്വി എന്നിവരെയാണ് നിയോഗിച്ചിരുന്നത്. അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലുടനീളം ബിജെപിയും കോണ്‍ഗ്രസും പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിരുന്നു.

സോണിയ ഗാന്ധിക്ക് ഹെലികോപ്റ്റര്‍ അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഈ ആരോപണത്തെ ഏറ്റുപിടിച്ച് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായില്ല. ഇത് കോണ്‍ഗ്രസിന് ആശ്വാസമായി. പകരം അവര്‍ ചെയ്തത് അഴിമതിയെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറയുകയായിരുന്നു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ശിവസേന എംപി സഞ്ജയ് റൗത്ത് വരെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ അകാലി ദളാകട്ടെ ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല. ബിജെപിയുടെ യുദ്ധത്തില്‍ പോരടിക്കാന്‍ തങ്ങളില്ലെന്ന നിലപാടാണ് അകാലി ദള്‍ നേതാക്കള്‍ സ്വീകരിക്കുന്നത്.

അഴിമതിയെ രാഷ്ട്രീയ വല്‍ക്കരിക്കാതെ കൃത്യമായ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയോട് ആവശ്യപ്പെടുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന പ്രായോഗിക നിലപാടാണ് എല്ലാ പ്രതിപക്ഷ നേതാക്കളുമെടുത്തത്. കൂടാതെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലെ സിബിഐ അന്വേഷണം അവര്‍ ആവശ്യപ്പെട്ടത് മോദി സര്‍ക്കാരിനോടുള്ള അവിശ്വാസം പ്രകടിപ്പിക്കലുമായി. അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ സ്വാധീനിക്കുമെന്നതിനാല്‍ ന്യായമായ അന്വേഷണം നടക്കില്ലെന്ന് രാജ്യസഭയില്‍ ബി എസ് പി നേതാവ് മായാവതി പറയുകയും ചെയ്തു. മായാവതി പ്രകടിപ്പിച്ച അഭിപ്രായം മറ്റു നേതാക്കളും പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു.

യുപിഎ സര്‍ക്കാരിന്റെ അഴിമതിയില്‍ മടുത്ത് ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റിയവരോടുള്ള വഞ്ചനയാണ് ഇപ്പോഴും അഴിമതിയില്‍ നടപടി എടുക്കാതെ മോദി പ്രസംഗം മാത്രം നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍