UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സത്ഭരണം ഇങ്ങനെയൊക്കെയാണ്

Avatar

സീതാറാം യെച്ചൂരി

പാര്‍ലമെന്റില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളെ നിര്‍ലജ്ജം ഉപയോഗിക്കുന്ന ബിജെപി സര്‍ക്കാര്‍, അതുവഴി പ്രതിപക്ഷം സംയുക്തമായി ഉയര്‍ത്തിയ കൊടിയ അഴിമതി ആരോപണങ്ങളുടെ കാര്‍മേഘത്തില്‍ നിന്നും പുറത്ത് കടക്കാമെന്നും അവയെ സംബന്ധിച്ച പാര്‍ലമെന്ററി പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്നും പ്രതീക്ഷിക്കുന്നു. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച രണ്ടാം യുപിഎ സര്‍ക്കാരില്‍ നിന്നും വ്യത്യസ്ഥമായി തങ്ങള്‍ ഒരു അഴിമതി മുക്ത സര്‍ക്കാരിനാണ് നേതൃത്വം നല്‍കുന്നതെന്ന് പാര്‍ലമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനത്തിന്റെ തലേദിവസം വൈകിട്ട് ഈ ബിജെപി സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊട്ടിഘോഷിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ഏതാനും നാളുകള്‍ക്ക് ശേഷമായിരുന്നു അത്. എന്നാല്‍, സമീപകാലത്ത് വെളിവായ ലളിത് മോദി കുംഭകോണം, മധ്യപ്രദേശിലെ വ്യാപം അഴിമതി, മഹാരാഷ്ട്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ക്ക് പങ്കുള്ള അഴിമതി, ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ പൊതുവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട അഴിമതികള്‍ ഇതെല്ലാം തന്നെ ഈ കെട്ടുകഥയെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. 

മുന്‍ ക്രിക്കറ്റ് ഐപിഎല്‍ ഏകഛത്രാധിപതിയും ഇന്ത്യന്‍ നിയമങ്ങളില്‍ നിന്നും പലായനം ചെയ്ത ആളുമായ ലളിത് മോദിക്ക് വിദേശകാര്യമന്ത്രിയും രാജ്സ്ഥാന്‍ മുഖ്യമന്ത്രിയും ചെയ്തു കൊടുത്ത അന്യായമായ സഹായങ്ങളിലൂടെ ഇരുവരും സ്വന്തം സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്തതിനെ കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളുടെ പേരിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടപടികള്‍ തടസപ്പെടുന്നത്. ഇരുവരുടെയും ശിപാര്‍ശകള്‍, ഇന്ത്യന്‍ നിയമങ്ങളുടെ അധികാരപരിധിക്ക് അതീതമായി നില്‍ക്കുന്നതിന് ഈ ഒളിച്ചോട്ടക്കാരനെ സഹായിച്ചതായി ആരോപിക്കപ്പെടുന്നു. ഒരു വിദേശ സര്‍ക്കാരില്‍ (യുകെ) നിന്നും നിയമപരമായ യാത്ര രേഖകള്‍ സംഘടിപ്പിക്കുന്നതിനും ഇന്ത്യന്‍ നിയമങ്ങളില്‍ നിന്നും ഒളിച്ചോടി ജീവിക്കുന്ന ഇയാളെ ഇരുവരുടേയും ശുപാര്‍ശകള്‍ സഹായിച്ചെന്ന ആരോപണവും നിലവിലുണ്ട്. 

രോഗബാധിതയായി പോര്‍ച്ചുഗലില്‍ കഴിയുന്ന ഇയാളുടെ ഭാര്യയെ സന്ദര്‍ശിക്കുക എന്ന മാനുഷിക പരിഗണനയുടെ പേരിലാണ് വിദേശകാര്യ മന്ത്രി ഈ സഹായങ്ങള്‍ ചെയ്തതെന്ന വാദഗതി ഉയര്‍ത്തിയാണ് പാര്‍ലമെന്റിന് പുറത്ത് ബിജെപി ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇയാളുടെ ഭാര്യയുടെ ചികിത്സാരേഖകളില്‍ ഇന്ത്യന്‍ നിയമത്തിന്റെ ഹസ്തങ്ങളില്‍ നിന്നും ഒളിച്ചുപാര്‍ക്കുന്ന ഇയാള്‍ തന്നെ ഒപ്പിടണമെന്ന ന്യായീകരണവും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇത്തരം ചികിത്സകളില്‍, പോര്‍ച്ചുഗലില്‍ പങ്കാളിയുടെ സമ്മതപത്രം ആവശ്യപ്പെടാറില്ലെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇനി അങ്ങനെയൊരു സമ്മതിപത്രം ആവശ്യമായിരുന്നെങ്കില്‍ തന്നെയും, പൊതു യാത്രാനുമതിക്കായി ശുപാര്‍ശ ചെയ്യുന്നതിന് പകരം ലണ്ടനില്‍ നിന്നും പോര്‍ച്ചുഗലിലേക്കുള്ള ഒരു താല്‍ക്കാലിക യാത്രാനുമതി അനുവദിക്കുകയും അതിന് ശേഷം അഭയാര്‍ത്ഥി ഇന്ത്യയില്‍ മടങ്ങിയെത്തി ഇവിടുത്തെ നിയമങ്ങള്‍ക്കനുസരിച്ച് വിചാരണയ്ക്ക് വിധേയനാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യാനാകുമായിരുന്നു എന്നും നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപം കുംഭകോണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളില്‍ നടപടി വേണമെന്ന ആവശ്യവും ഇപ്പോഴത്തെ പാര്‍ലമെന്റ് തടസപ്പെടുത്തലിന് പിന്നിലുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധിപ്പേരുടെ ജീവനപഹരിച്ച ക്രിമിനല്‍ ഗൂഢാലോചനയുടെയും അഴിമതിയുടെയും മാരകമായ ഒരു മിശ്രിതത്തെയാണ് ഈ കുംഭകോണം പ്രതിനിധാനം ചെയ്യുന്നത്. 

തങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ അനുവദിക്കാന്‍ (ഔദാര്യപൂര്‍വം!) തയ്യാറായിട്ടും അതിന് വഴങ്ങുന്നില്ല എന്നതാണ് ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍, പാര്‍ലമെന്റ് ചര്‍ച്ചകള്‍ ഒരു അന്വേഷണത്തിന് പകരമാവില്ല എന്ന കൃത്യമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ഒരു ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്ന ഗൗരവതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഏത് സര്‍ക്കാര്‍ ജീവനക്കാരനും അനുസരിക്കേണ്ട ചട്ടമെന്ന നിലയില്‍, അത്തരം ഒരു അന്വേഷണത്തിന്റെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി ആരോപണവിധേയനായ വ്യക്തി ആ സമയത്ത് അധികാരത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട്. ഈ ബിജെപി സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷം ആവശ്യപ്പെടുന്ന കൃത്യമായ കാര്യവും ഇതാണ്. ഒന്നുമല്ലെങ്കിലും താനൊരു ‘പ്രധാനമന്ത്രി’ അല്ലെന്നും ‘പ്രധാന സേവകന്‍’ മാത്രമാണെന്നും ചുവപ്പ് കോട്ടയുടെ മുകളില്‍ നിന്നും പ്രഖ്യാപിച്ച ആളാണ് പ്രധാനമന്ത്രി മോദി! അതുകൊണ്ട് തന്നെ, ഇത്തരം കേസുകളില്‍ ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ അനുസരിക്കേണ്ടി വരുന്ന കീഴ്‌വഴക്കങ്ങള്‍ തീര്‍ച്ചയായും മന്ത്രിമാര്‍ക്കും ബാധകമാണ്. 

അവര്‍ നേരത്തെ ഉന്നയിച്ച അതേ അളവുകോലുകള്‍ ഇവിടെയും പ്രയോഗിക്കണമെന്നാണ് പ്രതിപക്ഷം മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ മുന്‍കാല വാഗ്‌ധോരണികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ബിജെപി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് നേരെ ഘടകവിരുദ്ധമായ നിലപാടാണെന്നത് ശ്രദ്ധേയമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സമാനമായ തടസപ്പെടുത്തലുകള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന് വന്നപ്പോള്‍, ലോക്‌സഭയിലെ അന്നത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിദേശകാര്യ മന്ത്രിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ധനകാര്യ മന്ത്രിയും സ്വീകരിച്ച നിലപാടുകളെ കുറിച്ച് പൊതുവേദികളില്‍ നിരവധി ചര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിന് പകരം എണ്ണ കുംഭകോണത്തില്‍ (വോള്‍ക്കര്‍ വെളിപ്പെടുത്തലുകള്‍), 2005ല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസപ്പെടുകയും അതിനെ തുടര്‍ന്ന് അന്നത്തെ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ് രാജി വയ്ക്കുകയും ചെയ്തിരുന്നു. ഇന്നത്തെ വിദേശകാര്യ മന്ത്രി അന്ന് പറഞ്ഞതിങ്ങനെ: ‘പ്രതിപക്ഷം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാത്തതിനാലാണ് ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ തയ്യാറായിരിക്കുന്നത്…നട്‌വര്‍ സിംഗ് സ്ഥാനം രാജി വയ്ക്കാതെ നടത്തുന്ന ഒരു അന്വേഷണവും നിഷ്പക്ഷമായിരിക്കില്ല’ (2005, നവംബര്‍ നാല്). പിന്നീട് 2012 സെപ്തംബറില്‍ കല്‍ക്കരി അഴിമതി ആരോപണത്തിന്റെ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ് ഇങ്ങനെ പറഞ്ഞു, ‘അദ്ദേഹം (ഡോ മന്‍മോഹന്‍ സിംഗ്) രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തെഹല്‍ക്ക വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കപ്പെട്ട കാര്യം ഞാന്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ശവപ്പെട്ടി കുംഭകോണത്തിന്റെ സമയത്തും അവര്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയും ഞങ്ങളെ ശവപ്പെട്ടി കള്ളന്മാര്‍ എന്ന് വിളിക്കുകയും ചെയ്തു.’ കൂടാതെ ‘സര്‍ക്കാരിന്റെ ‘അമിതസംസാരവും’ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും എന്നതാണ് ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചകളുടെ അര്‍ത്ഥം. 184 (ചട്ടം) പ്രകാരം ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍, ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ വിജയിക്കുമായിരുന്നു. ഭൂരിപക്ഷം എന്നത് രാജ്യത്തെ കൊള്ളയടിക്കാനുള്ള സമ്മതപത്രമല്ല,’ എന്നും ‘പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കാതിരിക്കുക എന്നത് മറ്റേത് ജനാധിപത്യ പ്രതിഷേധത്തിനും സമാനമായ ഒരു രൂപമാണ്,’ അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ബിജെപി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ ‘നിഷേധമാണ്’ എന്ന അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വേഷങ്ങള്‍ പരസ്പരം മാറപ്പെട്ടിരിക്കുന്നു! പാര്‍ലമെന്റിലെ സ്ഥായിയായ അഴിമതി വിരുദ്ധ ശബ്ദമായി നിലനിന്നിരുന്നതും, തുടര്‍ന്ന് നിലനില്‍ക്കുന്നതും സിപിഎമ്മിന്റെയും ഇടതുപക്ഷങ്ങളുടേതുമാണ്. 

ഈ സാഹചര്യത്തില്‍, ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നവഉദാരീകൃത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അഴിമതിക്ക് വളക്കൂറുള്ള മണ്ണായി തീരുന്നുവെന്ന കാര്യം ഒരിക്കല്‍ കൂടി ഊന്നിപ്പറയേണ്ടിയിരിക്കുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പാക്കിയതിനേക്കാള്‍ കൂടുതല്‍ ആക്രമണോത്സുകതയോടെയാണ് ഈ മോദി സര്‍ക്കാര്‍ നവഉദാരീകൃത സാമ്പത്തിക നയങ്ങളെ പിന്തുടരുന്നത്: അതുകൊണ്ട് തന്നെ യുപിഎ സര്‍ക്കാരിന്റെ സമയത്ത് സാധാരണമായിരുന്ന കുംഭകോണങ്ങള്‍, മോദി സര്‍ക്കാരിന്റെ കാലത്ത് തുടരുകയോ അല്ലെങ്കില്‍ വര്‍ദ്ധിതോര്‍ജ്ജം കൈവരിക്കുകയോ ചെയ്യും. 

ഇനി, സഭയുടെ (രാജ്യസഭ) നേതാവ് കൂടിയായ ഇപ്പോഴത്തെ ധനമന്ത്രിയുടെ അവസ്ഥ കൂടി പരിശോധിക്കാം. മൂടി തുറക്കുമ്പോള്‍ ചാടി വീഴുന്ന പാവയെ പോലെ പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ട്, അദ്ദേഹം ‘ക്രമപ്രശ്‌നങ്ങള്‍’ തലങ്ങും വിലങ്ങും ഉന്നയിക്കുകയാണ്. നടപ്പ് സമ്മേളനത്തില്‍ അദ്ദേഹം ഓരോ സമയം ക്രമപ്രശ്‌നം ഉന്നയിച്ചപ്പോഴും, അദ്ദേഹം ‘അക്രമപ്രശ്‌നങ്ങളാണ്’ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷ നേതാക്കള്‍ നിര്‍ബന്ധിതരാവുകയും സഭാനടപടികള്‍ തടസപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്താകട്ടെ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സഭാനടപടികള്‍ തടസപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ: ‘പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നത് വഴി രാജ്യത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ലഭ്യമാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. സുതാര്യമായ ഒരു സമീപനം സ്വീകരിക്കാതെ പാര്‍ലമെന്റിനെ ഉപയോഗിക്കാന്‍ (ചര്‍ച്ചയ്ക്ക്) സര്‍ക്കാരിനെ അനുവദിക്കാന്‍ ഞങ്ങളുടെ തന്ത്രം ഞങ്ങളെ അനുവദിക്കുന്നില്ല…ചര്‍ച്ചകളിലൂടെ ഒരു രക്ഷാമാര്‍ഗ്ഗം സര്‍ക്കാരിന് തുറന്നു നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ കൂടാതെ, ‘പാര്‍ലമെന്റിലെ ഒരു ദിവസത്തെ സംവാദത്തിലൂടെ മാത്രം വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ (2012 ഓഗസ്റ്റ് 26) എന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. 

എന്നാല്‍ നടപ്പ് സമ്മേളനത്തില്‍, ‘എന്തുകൊണ്ടാണ് നിങ്ങള്‍ ചര്‍ച്ചകളില്‍ നിന്നും ഒളിച്ചോടുന്നത്?…നിങ്ങള്‍ക്ക് ചര്‍ച്ചകളെ പേടിയാണ്,’ (2015, ജൂലൈ 21) എന്ന ആരോപണം പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ ഇതേ വ്യക്തിക്ക് യാതൊരു മടിയും ഉണ്ടായില്ല. ‘ചര്‍ച്ച ആരംഭിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. നിങ്ങളുടെ പക്കല്‍ ഒരു തെളിവുമില്ല. അതുകൊണ്ട്, വെറുതെ ബഹളമുണ്ടാക്കാന്‍ മാത്രമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, അല്ലാതെ നിങ്ങള്‍ക്ക് ചര്‍ച്ചയില്‍ താല്‍പര്യമില്ല….’ (2015 ജൂലൈ 22) എന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. 

ഇതിലും വലിയ ഇരട്ടത്താപ്പ് ഉണ്ടാവാനുണ്ടോ?

15-ാം ലോക്‌സഭയുടെ കാലത്തുണ്ടായ പാര്‍ലമെന്റ് നടപടികളുടെ തടസപ്പെടുത്തല്‍, ഡി രാജ, ദയാനിധി മാരന്‍, ശശി തരൂര്‍, പികെ ബന്‍സാല്‍, അശ്വനി കുമാര്‍ മുതലായ മന്ത്രിമാരുടെ രാജിയിലാണ് കലാശിച്ചത്. (ബിജെപി സര്‍ക്കാര്‍ യുപിഎ സര്‍ക്കാരല്ലെന്നും അതിനാല്‍ ഒരു മന്ത്രിയും രാജി വെക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിക്കുന്നു!) ബിജെപിയുടെ ഇപ്പോഴത്തെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതിനായി ഇനിയും കുറച്ചുകൂടി പിന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അന്നത്തെ വാര്‍ത്ത വിനിമയമന്ത്രി സുഖ് റാമിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് 1995ല്‍ അടല്‍ ബിഹാരി വാജ്‌പേയ് ഇങ്ങനെ പറഞ്ഞു: ‘ചര്‍ച്ചയ്ക്ക് വേണ്ടി ഒരു ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.’ 

രണ്ട് തെറ്റുകള്‍ ചേര്‍ന്നാല്‍ ഒരു ശരിയുണ്ടാവില്ല. അവര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ എന്തു പറഞ്ഞു എന്നത് വച്ച് ബിജെപിയോട് കണക്കുതീര്‍ക്കലല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍, ഭരണഘടന പ്രകാരം പാര്‍ലമെന്റിനുള്ള ചില ഉത്തരവാദിത്വങ്ങള്‍ അടിവരയിടേണ്ടത് അത്യന്താപേക്ഷിതമാണ്. 

എക്‌സിക്യൂട്ടീവ്, ലജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയുടെ അധികാരം വേര്‍തിരിക്കുകയും ഈ മൂന്ന് സംവിധാനങ്ങളും സംയുക്തവും പങ്കാളിത്തപരവുമായ പങ്കുകള്‍ നിര്‍വഹിച്ചുകൊണ്ട് ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട രീതികളെ കുറിച്ച് വിവരിക്കുകയും ചെയ്യുമ്പോഴും ജനേച്ഛയുടെ നിര്‍ണായകത്വത്തെ നമ്മുടെ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ‘നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നടപ്പിലാക്കുകയും നമുക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു,’ എന്ന് ആമുഖത്തില്‍ ഈ സങ്കല്‍പത്തെ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ പരമാധികാരവും അതിന്റെ പ്രാമുഖ്യവുമാണ് നമ്മുടെ ഭരണഘടന സംവിധാനം എന്ന ശാശ്വത സന്ദേശമാണ് ഈ പ്രസ്താവന നല്‍കുന്നത്. തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളിലൂടെയാണ് ജനങ്ങള്‍ ഈ പരമാധികാരം നിര്‍വഹിക്കുന്നത്. തിരിച്ച്, പാര്‍ലമെന്റിനോട് വിശ്വാസ്യത പുലര്‍ത്താന്‍ സര്‍ക്കാരുകളെ പ്രേരിപ്പിച്ചുകൊണ്ട് ജനങ്ങളോടുള്ള ഉത്തരവാദിത്വം ജനപ്രതിനിധികള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. പൊതുകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഭരണഘടനാപരമായി ലജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം എന്നത് അന്തിമമായി ജനങ്ങളോട് പുലര്‍ത്തുന്ന വിശ്വാസ്യതയാണ്. യഥാര്‍ത്ഥത്തില്‍ ഈ വിശ്വാസ്യതയാണ് ജനാധിപത്യ സംവിധാനത്തെ മറ്റ് ഭരണനിര്‍വഹണ ക്രമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. 

സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലുള്ള വിശ്വാസ്യത ഉറപ്പാക്കുന്നതില്‍ പാര്‍ലമെന്റ് പുലര്‍ത്തുന്ന കാര്യക്ഷമതയാണ് ‘സത്ഭരണത്തിന്റെ’ പരമപ്രധാന ഘടകം. ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പ്രദാനം ചെയ്ത ‘മരവിപ്പിനും’ ‘നിശബ്ദതയ്ക്കും’ പകരമായി തങ്ങള്‍ കാര്യക്ഷമമായ ഭരണനിര്‍വഹണം നടപ്പിലാക്കുമെന്ന് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി മോദിയും ബിജെപിയും ചര്‍വിതചര്‍വണം നടത്തുകയുണ്ടായി. എന്നാല്‍, സര്‍ക്കാരിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്ന പാര്‍ലമെന്റിന്റെ ഏറ്റവും പരമപ്രധാനമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ അനുവദിക്കാതിരിക്കുന്നതിലൂടെ, ‘നല്ല ഭരണനിര്‍വണം’ എന്ന സങ്കല്‍പത്തിനെ വിലകുറച്ച് കാണിക്കുക മാത്രമല്ല, അതിനെ തള്ളിക്കളയുക കൂടിയാണ് അവര്‍ ചെയ്യുന്നത്. 

അതുകൊണ്ട് തന്നെ, ഒരു എക്‌സിക്യൂട്ടീവ് ലെജിസ്ലേച്ചര്‍ വിചാരണയിലൂടെ മാത്രമേ പാര്‍ലമെന്റിന് എക്‌സിക്യൂട്ടീവ് വിശ്വാസ്യത ഉറപ്പാക്കാന്‍ സാധിക്കൂ. ഒരു യാന്ത്രിക ചര്‍ച്ചയ്ക്ക് അപ്പുറം, ആരോപണങ്ങളെ കുറിച്ച് ഒരു അന്വേഷണത്തിന് എക്‌സിക്യൂട്ടീവിനെ പ്രേരിപ്പിക്കുന്നതിലൂടെ മാത്രമേ അത് ഉറപ്പാക്കാന്‍ സാധിക്കൂ. എന്നാല്‍, ‘ചര്‍ച്ചയ്ക്ക് വേണ്ടി ഒരു ചര്‍ച്ച’ സംഘടിപ്പിക്കുക എന്ന മുഖംമൂടിക്കുള്ളില്‍ നിന്നുകൊണ്ട് വിശ്യാസ്യതയില്‍ നിന്നും രക്ഷപ്പെടാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ബിജെപി സര്‍ക്കാരാണ് ഇപ്പോള്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത്. 

കൂടാതെ, വിദേശകാര്യ മന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും നടത്തിയ ശുപാര്‍ശകള്‍ അഴിമതിയല്ലെന്നാണ് ബിജെപി വാദിക്കുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ‘ഒരു പൊതുസേവകന്‍ എന്ന നിലയില്‍ ഒരു സ്ഥാനം വഹിക്കുമ്പോള്‍, പൊതുതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും വ്യക്തിക്ക് സാമ്പത്തിക ഗുണമോ അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്തുക്കളോ ലഭ്യമാക്കാന്‍ സഹായിക്കുന്നത്,’ അഴിമതിയുടെ പരിധിയില്‍ വരുമെന്ന് 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) (iii) വകുപ്പ് പറയുന്നു. ഈ പലായനക്കാരന്റെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ നിയമപ്രകാരം അസാധുവായിരിക്കുന്ന അവസരത്തില്‍, ഇന്ത്യന്‍ നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അയാള്‍ വിദേശത്ത് ഒളിവില്‍ പാര്‍ക്കുമ്പോള്‍, ഒരു വിദേശ രാജ്യത്ത് നിന്നും അയാള്‍ക്ക് യാത്ര രേഖകള്‍ സംഘടിപ്പിച്ച് നല്‍കുന്നത്, ‘പൊതുതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി’ അയാള്‍ക്ക് ‘ചില വിലപിടച്ച രേഖകള്‍’ തരപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നുതന്നെയാണ്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് സ്പഷ്ടമായ അഴിമതിയാണ്. 

ഈ സാഹര്യത്തില്‍, പാശ്ചാത്യ ജനാധിപത്യം ഇത്തരം സാഹര്യങ്ങള്‍ എങ്ങനെ നേരിടുന്നു എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. യുകെയിലെ ടോണി ബ്ലെയര്‍ മന്ത്രിസഭയില്‍ നിന്നുള്ള പീറ്റര്‍ മണ്ഡേല്‍സണിന്റെ രാജിയെ കുറിച്ച് പരിശോധിക്കുന്നതാവും ഉചിതം. ഹിന്ദുജ സഹോദരന്മാരില്‍ ഒരാളായ ശ്രീചന്ദിന് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കിയതിന് പ്രതിഫലമായി മണ്ഡേല്‍സണ്‍ അവരില്‍ നിന്നും ‘മില്യേനിയം ഡോമി’നായി സംഭാവന കൈപ്പറ്റിയെന്ന് 2001ന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1981ലെ ബ്രിട്ടീഷ് നാഷണലിന്റെ ആക്ട് പ്രകാരം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതിന് ശേഷം അത് ലഭ്യമാകാന്‍ ശരാശരി 20 മാസം ആവശ്യമാണെങ്കിലും, ശ്രീചന്ദിന് അത് ആറ് മാസത്തിനുള്ളില്‍ ലഭിച്ചു. യുകെ ഹോം ഓഫീസിലെ ഇമിഗ്രേഷന്‍ മന്ത്രിയോട് മണ്ഡേല്‍സണ്‍ ശുപാര്‍ശ ചെയ്തതിന്റെ ഫലമായാണ് ചട്ടം ലംഘിച്ച് പാസ്‌പോര്‍ട്ട് സമയപരിധിക്ക് മുമ്പ് ലഭ്യമായത്. പുറത്ത് വന്ന വാര്‍ത്ത ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വന്‍ബഹളത്തിന് കാരണമായി. മണ്ഡേല്‍സണ്‍ രാജിവെക്കേണ്ടി വന്നെങ്കിലും നിയമത്തില്‍ നിന്നും ഒളിച്ചോടി ജീവിക്കുന്ന ആളല്ലാത്തതിനാല്‍ ശ്രീചന്ദ് ഹിന്ദുജയ്‌ക്കെതിരെ നിയമനടപടികളൊന്നും ഉണ്ടായില്ല. മാത്രമല്ല, എന്തെങ്കിലും വ്യക്തിപരമായ ലാഭം ഇല്ലാത്ത ഒരു ദേശീയ കെട്ടിടമായിരുന്നു ‘മില്യേനിയം ഡോം’ എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഇപ്പോള്‍ ഇവിടെ നടക്കുന്ന സംഭവവികാസങ്ങളില്‍ നിന്നും വ്യത്യസ്ഥമായി, ശ്രീചന്ദ് ഹിന്ദുജയും മണ്ഡേല്‍സണും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ‘ചങ്ങാത്തബന്ധം’ ഉണ്ടായിരുന്നതായി ആരോപണവും ഉണ്ടായിരുന്നില്ല (വിദേശകാര്യ മന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ലളിത് മോദിയുമായുള്ള തങ്ങളുടെ അടുപ്പത്തെ കുറിച്ച് പരസ്യമായി സമ്മതിച്ചിട്ടുണ്ട്). ശുപാര്‍ശ ചെയ്തതിലെ അനൗചിത്യം എന്ന ഒറ്റക്കാരണത്താലാണ് മണ്ഡേല്‍സണ്‍ രാജിവെക്കേണ്ടി വന്നത്. 

ഇവിടെ ഇന്ത്യയില്‍, ഇതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുന്നു! ഇതാണ് തങ്ങള്‍ നടപ്പിലാക്കുമെന്ന് 2014ല്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച് ‘സത്ഭരണം’.ഇത്തരം വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടാന്‍ അനുവദിച്ചുകൂടാ. മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനോടും അതുവഴി പൊതുജനത്തോടും വിശ്വാസ്യത പുലര്‍ത്തേണ്ടിയിരിക്കുന്നു.

(പാര്‍ലമെന്‍റ് സ്തംഭനവുമായി ബന്ധപ്പെട്ട് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍