UPDATES

മോദിക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ഷൂരി; ഇത് കോണ്‍ഗ്രസ് + പശു സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി നേതാവും വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന അരുണ്‍ ഷൂരി. സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുകയെന്നാല്‍ പത്രങ്ങളിലെ തലക്കെട്ടുകള്‍ കൈകാര്യം ചെയ്യുക എന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത് എന്ന് ഷൂരി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്തെ ജനം ഓര്‍ത്തു തുടങ്ങി. കോണ്‍ഗ്രസിനൊപ്പം പശുവും ചേര്‍ന്നതാണ് ഈ സര്‍ക്കാരിന്റെ നയങ്ങളുടെ പ്രത്യേകത. നയങ്ങള്‍ എല്ലാം ഒന്നാണ്, ഒരു പുസ്തക പ്രകാശ ചടങ്ങില്‍ ഷൂരി പറഞ്ഞു. മുന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫായ ടിഎന്‍ നൈനാന്റെ ‘ടേണ്‍ ഓഫ് ദ ടോര്‍ട്ടോയ്‌സ്’ എന്ന പുസ്തക പ്രകാശനവേളയില്‍ മന്‍മോഹന്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ഷൂരി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മുന്‍ വിദേശ കാര്യ സെക്രട്ടറി ശ്യാം ശരണും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും സന്നിഹിതരായിരുന്നു. 

മോദി സര്‍ക്കാരും മുന്‍ സര്‍ക്കാരും തമ്മിലെ പ്രധാനവ്യത്യാസമായി ഷൂരി ചൂണ്ടിക്കാണിച്ചത് തലക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നത് പോലെ ഈ സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നുവെന്നതായിരുന്നു. ഇപ്പോഴത്തെ പിഎംഒയെ പോലെ ദുര്‍ബലമായത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് മോദിയെ നേരിട്ട് ആക്രമിച്ച് കൊണ്ട് ഷൂരി പറഞ്ഞു. പ്രവൃത്തികളെല്ലാം പിഎംഒയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഷൂരി അധികാരമല്ല കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് ബ്രജേഷ് മിശ്ര, എല്‍കെ ഝാ തുടങ്ങിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കുള്ള പ്രാഗല്‍ഭ്യം ഇല്ല. അതിനാല്‍ കാര്യങ്ങളെല്ലാം തടസ്സപ്പെട്ട് കിടക്കുകയാണ് എന്ന് ഷൂരി ചൂണ്ടിക്കാണിച്ചു. വ്യവസായികള്‍ സര്‍ക്കാരിന് എതിരെ സംസാരിക്കാന്‍ ഭയപ്പെട്ടിരിക്കുകയാണ് എന്ന് ഷൂരി പറഞ്ഞു. ഒരു കാരണവുമില്ലാതെ ബാങ്കിങ് രംഗത്തെ പരിഷ്‌കരണങ്ങള്‍ ഒന്നര വര്‍ഷം വൈകിയിരിക്കുകയാണ്. ഈയിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച വ്യവസായികള്‍ മുഴുവന്‍ സത്യവും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്നതിനെ ചൊല്ലി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ അത്ഭുതപ്പെടുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ മുന്നില്‍ അവര്‍ സര്‍ക്കാരിന് 10-ല്‍ ഒമ്പത് മാര്‍ക്ക് നല്‍കുകയും ചെയ്തു.

 

ഒന്നും ചെയ്യാത്തതിനുള്ള ഒഴികഴിവായി പാര്‍ലമെന്റ് മാറിയിരിക്കുകയാണ് എന്ന് ഷൂരി ചൂണ്ടിക്കാണിച്ചു. എല്ലാവരുമായി പോരടിക്കുന്നതിന് പകരം എല്ലാരേയും സ്വീകരിക്കുകയാണ് വേണ്ടതെന്ന ഉപദേശവും ഷൂരി മോദിക്ക് നല്‍കി. ദല്‍ഹി-മുംബയ് വ്യവസായ ഇടനാഴി നിങ്ങള്‍ക്ക് നിര്‍മ്മിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അഞ്ച് മുഖ്യമന്ത്രിമാരുടെ പിന്തുണ ആവശ്യമാണ്, ഷൂരി ഓര്‍മ്മിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍