UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലക്കാട് ബിജെപിയില്‍ അടി തുടങ്ങി, കാലുവാരല്‍ ആരോപിച്ച് ശോഭ

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ഒരു താമര വിരിയിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ബിജെപിയുടെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍. നേമത്ത് വിജയിക്കുകയും മഞ്ചേശ്വരത്ത് ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെടുകയും മറ്റു ആറിടത്ത് രണ്ടാം സ്ഥാനത്ത് വരികയും ചെയ്തതിരുന്നു. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിന്റെ ആവേശം കെടുത്തിക്കൊണ്ട് തോറ്റ സ്ഥാനാര്‍ത്ഥികള്‍ പൊട്ടിത്തെറിച്ചു തുടങ്ങി.

പാലക്കാട് തോറ്റ ശോഭ സുരേന്ദ്രനാണ് കാലുവാരല്‍ ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ തന്നെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിച്ചു. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളില്‍ ശോഭ ലീഡ് നേടിയിരുന്നുവെങ്കിലും അവര്‍ പിന്നോക്കം പോകുകയും തോല്‍ക്കുകയും ചെയ്തു. പാലക്കാട് തന്നെ മനപ്പൂര്‍വം പരാജയപ്പെടുത്തിയതാണെന്ന് ശോഭ ആരോപിച്ചു. തന്നെ പരാജയപ്പെടുത്താന്‍ വിവാദ വ്യവസായി രാധാകൃഷ്ണനുമായി ചേര്‍ന്ന് സി കൃഷ്ണകുമാര്‍ ഒത്തുകളിച്ചുവെന്നും അവര്‍ പറയുന്നു.

ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. ആദ്യമായാണ് ബിജെപി ഒരു നഗരസഭയില്‍ അധികാരം നേടിയത്. അതിനാല്‍ പാലക്കാട് ബിജെപിക്ക് ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്നു. തന്റെ പ്രചാരണ്തതിനായി പ്രവര്‍ത്തകരെ ആരെയും എത്തിച്ചിരുന്നില്ലെന്ന് ശോഭ പറഞ്ഞു. അതേസമയം മലമ്പുഴയില്‍ പ്രചാരണം നടത്താന്‍ പ്രവര്‍ത്തകരെ കൂട്ടമായി എത്തിച്ചു. ഇതിന് പിന്നില്‍ കൃഷ്ണദാസാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് എതിരെ ഗൂഢനീക്കം നടത്തി പാര്‍ട്ടിയുടെ വിജയത്തിന് എതിരെ പ്രവര്‍ത്തിച്ച കൃഷ്ണദാസിന് എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് ശോഭ പരാതി നല്‍കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ സി കൃഷ്ണകുമാറിന് മുന്‍തൂക്കം ലഭിച്ചിരുന്നു. എന്നാല്‍ കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പാലക്കാട് ജില്ലയിലെ ബിജെപിയില്‍ വിഭാഗീയത രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശോഭ എത്തുന്നതിനുമുമ്പ് ഉദ്ഘാടനം ചെയ്ത് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ വിവാദത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

തന്റെ തോല്‍വിയില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ശോഭ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് പ്രചാരണത്തിന് എത്തിയ പാലക്കാട് ബിജെപി തോല്‍ക്കുകയായിരുന്നു. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനാണ് സി കൃഷ്ണകുമാര്‍. പാലക്കാട് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ അവസാനമായപ്പോഴേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എന്‍ കൃഷ്ണദാസ് ശോഭയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.

കോണ്‍ഗ്രസിലും സമാനമായ തെരഞ്ഞെപ്പ് അനന്തര പോരിന് തുടക്കം കുറിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍