UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ബിജെപിയുടേത് ഇരട്ടത്താപ്പ്: സിപിഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന

നിങ്ങളുടെ കളിയും പദ്ധതിയും വ്യക്തമാണ്. അക്രമം അഴിച്ചുവിടുകയും സിപിഎം അക്രമം നടത്തുന്നതായി ചിത്രീകരിക്കുകയും ഇത്തരം ആക്രമണങ്ങള്‍ തടയുന്നില്ലെന്ന് പറഞ്ഞ് കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുക.

കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരും ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വം എടുക്കുന്ന സമീപനം ഇരട്ടത്താപ്പ് നിറഞ്ഞതാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ജൂലായ് 31ന് സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസാരിച്ചു. മൂന്ന് ജില്ലകളില്‍ ഇത്തരം സമാധാന യോഗങ്ങള്‍ വിളിക്കാന്‍ അടക്കമുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച് ധാരണയായി. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇരു വിഭാഗങ്ങളും ധാരണയിലെത്തി. അക്രമമഴിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ പൊലീസ് നടപടിയെടുക്കുമെന്ന് തീരുമാനിച്ചു. ഓഗസ്റ്റ് ആറിന് സര്‍വകക്ഷി യോഗവും നിശ്ചയിച്ചു. ഇങ്ങനെയെല്ലാമുള്ളപ്പോളാണ് കേരളത്തിലെ സിപിഎമ്മിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര മന്ത്രിയുമെല്ലാം രംഗത്തെത്തിയിരിക്കുന്നത്.

കേരള മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്ന സമാധാന ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ ആരോപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങളെ അംഗീകരിക്കുമ്പോള്‍ ബിജെപി നേതാവായ മറ്റൊരു കേന്ദ്ര കാബിനറ്റ് മന്ത്രി ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. സമാധാന ശ്രമങ്ങളിലും രാഷ്ടീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും ബിജെപിക്ക് താല്‍പര്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2016 മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം മുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ ആക്രമിക്കാന്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ സിപിഎം പ്രവര്‍ത്തകരും അല്ലാത്തവരുമടക്കം 13 പേരാണ് ആര്‍എസ്എസ് – ബിജെപി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 200ലധികം സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് – ബിജെപി അക്രമത്തില്‍ പരിക്കേറ്റു. 165ലധികം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍, 51 പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങിയവ ആക്രമിക്കപ്പെട്ടു.

നിങ്ങളുടെ കളിയും പദ്ധതിയും വ്യക്തമാണ്. അക്രമം അഴിച്ചുവിടുകയും സിപിഎം അക്രമം നടത്തുന്നതായി ചിത്രീകരിക്കുകയും ഇത്തരം ആക്രമണങ്ങള്‍ തടയുന്നില്ലെന്ന് പറഞ്ഞ് കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുക. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. പ്രകടനപത്രികയില്‍ പറഞ്ഞ വികസന പരിപാടികളും പദ്ധതികളും നടപ്പാക്കിക്കൊണ്ട് വളരെ ഗൗരവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോളാണ് ഇതെല്ലാം നടക്കുന്നത്. സമാധാനാന്തരീഷം തര്‍ക്കുന്ന ഇത്തരം ശ്രമങ്ങളെ സാമുദായിക സൗഹാര്‍ദ്ദത്തിന് പേര് കേട്ട കേരള ജനത പരാജയപ്പെടുത്തും.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടവര്‍:

1. സിവി രവീന്ദ്രന്‍, പിണറായി, കണ്ണൂര്‍
2. സിവി ധന്‍രാജ്, കണ്ണൂര്‍
3. ശശികുമാര്‍, തൃശൂര്‍
4. ടി സുരേഷ് കുമാര്‍, തിരുവനന്തപുരം
5. മോഹനന്‍, കണ്ണൂര്‍
6. അനന്ദു, ആലപ്പുഴ
7. മുഹമ്മദ് മുഹസിന്‍, ആലപ്പുഴ
8. ജി ജിഷ്ണു, ആലപ്പുഴ
9. ഷിബു, ആലപ്പുഴ
10. പി മുരളീധരന്‍, മലപ്പുറം
11. റിയാസ് മൗലവി, കാസര്‍ഗോഡ്
12. ഫൈസല്‍, മലപ്പുറം
13. സുരേഷ്, തൃശൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍