UPDATES

ബീഫ് രാഷ്ട്രീയം

ജനം എന്തു കഴിക്കണമെന്നത് ബിജെപിയല്ല തീരുമാനിക്കേണ്ടത്

ഇറച്ചിക്കച്ചവടം മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ വ്യാപാരനേട്ടങ്ങള്‍ ഉണ്ടാക്കുന്നതുമാണ്; ഒപ്പം അതവരുടെ ഭക്ഷണശീലത്തിന്റെ ഭാഗവുമാണ്.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവാദമായി മാറിയിരിക്കുന്നു. രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് കേന്ദ്ര സര്‍ക്കാരിനെതിരേ ഉയരുന്നത്. ഈ സാഹചര്യത്തില്‍ 2017 മാര്‍ച്ച് 29 നു ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ പുന: പ്രസിദ്ധീകരിക്കുന്നു.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാലും പശു/പോത്തിറച്ചി നിരോധനം ഉണ്ടാകില്ലെന്ന് ബിജെപി വ്യക്തമാക്കിയത് സ്വാഗതാര്‍ഹമാണെങ്കിലും ഇതേ വിഷയത്തില്‍ അവര്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ഉത്തര്‍പ്രദേശിലെ സ്ഥിഗതികള്‍ ആശങ്കാജനകമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മേഘാലയ, നാഗാലാണ്ട്, മിസോറം സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമൂഹം ബീഫ് കഴിക്കുന്നവരായതുകൊണ്ടാണ് ഈ ഉറപ്പ് നല്കിയത്. പക്ഷേ ബിജെപി വ്യത്യസ്ത സമുദായങ്ങള്‍ക്ക് വ്യത്യസ്ത മാദണ്ഡം ഉപയോഗിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

മുസ്ലീങ്ങളും ബീഫ് കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ യുപി അടക്കം പലയിടത്തും പോലീസും സ്വയം പ്രഖ്യാപിത ഗോ രക്ഷ ഗുണ്ടാ സംഘങ്ങളും ഇറച്ചി വില്‍പ്പനക്കാരെ തടയുകയും കച്ചവടം തടസപ്പെടുത്തുകയുമാണ്. പശു വിശുദ്ധ മൃഗമാണെന്നും അതുകൊണ്ടു അതിനെ കൊല്ലുകയോ അതിന്റെ മാംസം കഴിക്കാനോ പാടില്ലെന്നാണ് ഹിന്ദുത്വ വാദികളുടെ വാദമെങ്കില്‍ ഭൂപ്രദേശങ്ങളിലെ വ്യത്യാസവും ഭക്ഷണ ശൈലികളും അതില്‍ മാറ്റമുണ്ടാക്കാന്‍ പാടില്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കക്ഷി എന്ന നിലയില്‍ ബിജെപി ചെയ്യേണ്ടത് ജങ്ങളുടെ ഭക്ഷണശീലങ്ങളെ അതിന്റെ വഴിക്കു വിടുക എന്നതാണ്.

പല സംസ്ഥാനങ്ങളും പശുക്കളെ കശാപ്പുചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെമ്പാടും ന്യൂനപക്ഷങ്ങളും ധാരാളം ഹിന്ദുക്കളും ബീഫ് തിന്നുന്നവരാണ്. വടക്കേ ഇന്ത്യയില്‍ ബീഫ് എന്നു പൊതുവേ പറഞ്ഞാലും പോത്തിറച്ചിയാണ് വ്യാപകമായി കഴിക്കുന്നത്. ഇപ്പോള്‍ അതിനെതിരെയും ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങള്‍ക്കും നിരവധിയായ സമുദായങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന ഭക്ഷണ ശീലങ്ങളാണ് ഉള്ളത്. അവരെല്ലാം ഒരു പ്രത്യേക കുറിപ്പടി അനുസരിച്ച് ഭക്ഷണം കഴിക്കണമെന്ന നിര്‍ദേശം അടിച്ചേല്‍പ്പിക്കുന്നത് അവരുടെ മൌലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. അനധികൃത ഇറച്ചിക്കച്ചവടക്കാര്‍ മാത്രമല്ല, നിയമപരമായ അനുമതിയോടെ ഇറച്ചിക്കച്ചവടം നടത്തുന്നവരും യു പിയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അവരുടെ പ്രതിഷേധങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സൂക്ഷ്മമായി കാണുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളം, ഗോവ എന്നിവടങ്ങളിലും ഇറച്ചിക്കച്ചവടം മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ വ്യാപാരനേട്ടങ്ങള്‍ ഉണ്ടാക്കുന്നതുമാണ്; ഒപ്പം അതവരുടെ ഭക്ഷണശീലത്തിന്റെ ഭാഗവുമാണ്.

ഫാസിസം പല രൂപത്തിൽ വരും; അത് പശുവിന്റെ രൂപത്തിലും വരും
എത്രകാലം നമ്മളിങ്ങനെ ബീഫ് ഫ്രൈ ഉണ്ടാക്കിക്കളിക്കും?

ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാല്‍ ജനങ്ങള്‍ക്ക് മേല്‍ സ്വന്തം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്വയം പ്രഖ്യാപിത നിയമപാലന ഗുണ്ടാ സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്കുക എന്നതാണ്. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് യുപിയിലെ ദാദ്രിയില്‍ ഒരു മുസ്ലീമിനെ ഗോ രക്ഷകര്‍ എന്നവകാശപ്പെട്ട ആള്‍ക്കൂട്ടം അടിച്ചുകൊന്നത് ഇതിന്റെ അപകടകരമായ പ്രത്യാഘാതമായിരുന്നു. ഭക്ഷണ ശീലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമേ ആകാന്‍ പാടില്ല. നിങ്ങള്‍ക്കിഷ്ടമുള്ളത് കഴിക്കാന്‍ അനുവദിക്കും എന്നു ബിജെപി പറയുന്നത് അവരുടെ ഒരു ഔദാര്യപ്രകടനം എന്ന നിലയ്ക്കാവേണ്ട ഒരു കാര്യവുമില്ല. അതൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യവുമല്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്തായാലും അത് അവരുടെ ഗുണത്തിനെന്ന പോലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാകും. ഇറച്ചിക്കച്ചവടത്തിന്റെയും ഇറച്ചി കഴിക്കുന്നതിന്റെയും പേരിലുള്ള സങ്കുചിത മുതലെടുപ്പ് എത്രയും വേഗം അവസാനിക്കുന്നുവോ, അത്രയും വേഗം പ്രധാനമന്ത്രി അവകാശപ്പെടുന്ന വികസനത്തിന്റെ യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കാനാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍