UPDATES

പലയിടത്തും വോട്ടുകൂടി, എന്നിട്ടും ബിജെപിയ്ക്ക് സംസ്ഥാനത്തേറ്റത് വലിയ പരാജയം

കാസര്‍കോട് കാര്യമായ വോട്ട് വര്‍ധന ബിജെപിയ്ക്കുണ്ടായില്ല,

ഇത്തവണയില്ലെങ്കില്‍ പിന്നെ ഒരിക്കലും സാധ്യമല്ലെന്നായിരുന്നു    ബിജെപിയെ സംബന്ധിച്ച് കേരളത്തിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌
ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാനത്തെമ്പാടും നടത്തിയ സമരം പാര്‍ട്ടിയെ ഇത്തവണ വിജയത്തിലെത്തിക്കുമെന്ന് കാര്യത്തില്‍ ബിജെപിയ്ക്ക് സംശയമുണ്ടായിരുന്നില്ല

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയത്. മിസ്സോറാം ഗവര്‍ണര് സ്ഥാനത്തുനിന്ന് രാജിവെപ്പിച്ച് കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കുമ്പോള്‍ തിരുവനന്തപുരം മണ്ഡലം പിടിച്ചുകഴിഞ്ഞുവെന്ന മട്ടിലായിരുന്നു ബിജെപി നേതാക്കളുടെ പ്രകടനം. ശക്തമായ പ്രചാരണം, വീടുകള്‍ തോറും ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം എന്നിവ കുമ്മനത്തിന് അനുകൂലമായി മാറുമെന്ന് അവര്‍ പ്രചരിപ്പിച്ചു. തിരുവനന്തപുരത്ത് വ്യത്യസ്ത സാമുദായിക വിഭാഗങ്ങളെയും കൂടെ അണിനിരത്താന്‍ കഴിഞ്ഞുവെന്നയിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ വലിയ തിരിച്ചെടിയാണ് കുമ്മനം രാജശേഖരന് നേരിട്ടത്. 2014 ല്‍ നാല് നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴക്കൂട്ടം,വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലായിരുന്നു അന്ന് ബിജെപിയ്ക്ക് ലീഡ് നേടാനായത്. എന്നാല്‍ ഇത്തവണ ഇതുവരെ നേമം മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡ് നേടിയത്.

കഴിഞ്ഞതവണ പതിനാലായിരത്തില്‍പരം വോട്ടിനാണ് ബിജെപിയ്ക്ക് സീറ്റ് നഷ്ടമായതെങ്കില്‍ ഇത്തവണ 60,000ത്തില്‍ പരം വോട്ടുകള്‍ക്കാണ യുഡിഎഫിലെ ശശിതരൂര്‍ മുന്നിലെത്തിയത്.

പത്തനംതിട്ടയിലാണ് ബിജെപിയ്ക്ക് വലിയ തിരിച്ചടി നേരിട്ടത്.

ശബരിമല സമരത്തിന്റെ നായകനെ തന്നെ പത്തനംതിട്ടയില്‍ രംഗത്തിറക്കി പ്രചണ്ഡമായ പ്രചാരണം നടത്തിയെങ്കിലും കെ സുരേന്ദ്രന് മുന്നാം സ്ഥാനത്തുമാത്രമാണ് എത്താന്‍ കഴിഞ്ഞത്. ഒരു നിയമസഭ മണ്ഡലത്തില്‍ മാത്രമാണ് ഇവിടെ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്തിയത്. അടുരില്‍. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞുവെന്ന ആശ്വാസം ബിജെപിയ്ക്ക് പത്തനം തിട്ടിയിലുണ്ട്, കഴിഞ്ഞ തവണ എം ടി രമേശ് മല്‍സരിച്ചപ്പോള്‍ 1,38,954 വോട്ടുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഇത്തവണ അത് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 2,91,554 വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് സ്വാഭാവികമായും വലിയ നേട്ടംതന്നെയായി അവതരിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയും. അടുര്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും പാര്‍ട്ടിക്ക് കഴിഞ്ഞു.

തൃശ്ശൂരില്‍ സുരേഷ് ഗോപി മല്‍സരിച്ചത് പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് വേണം കരുതാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.02681 വോട്ടുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഇത്തവണ വോട്ടെണ്ണല്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ അത് 2,93,257 വര്‍ധിച്ചു. തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തുവാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു. ഇവിടെ മന്ത്രി സുനില്‍ കുമാറാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
പാലക്കാടാണ് ബിജെപി ശ്രദ്ധകേന്ദ്രീകരിച്ച മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രന്‍ മല്‍സരിച്ചപ്പോള്‍ 1,36,587 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ സി കൃഷ്ണകുമാറിന് വോട്ടെണ്ണല്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ 2,17,747 വോട്ടുകളായി അത് വര്‍ധിപ്പിച്ചു. എന്നാല്‍ ഒരിടത്തും രണ്ടാം സ്ഥാനം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും രണ്ടാം സ്ഥാനം ബിജെപിയ്ക്കായിരുന്നു. കാസര്‍കോട് മണഡലത്തില്‍ കഴിഞ്ഞതവണത്തെതിനെക്കാള്‍ കാര്യമായി വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ മല്‍സരിച്ചപ്പോള്‍ കെ സുരേന്ദ്രന് ലഭിച്ചത്. 1,72,826 വോട്ടുകളാണ്. ഇത്തവണ നേരിയ വര്‍ധനയുണ്ടായത്. 1,73934 വോട്ടുകളാണ് ഇവിടെ ഇതു ലഭിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തില്‍ മുന്നാം സ്ഥാനത്തുപോയി. സിറ്റിംങ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ ഇവിടെ പരാജയപ്പെട്ടത്.

സംസ്ഥാനത്ത് വോട്ടിംങ് ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും തിരുവനന്തപുരത്തെ പരാജയം ബിജെപിയ്ക്ക് കനത്ത തിരിച്ചടി തന്നെയാണ്. അതേ ചൊല്ലിയാവും വിഭാഗീയമായ ബിജെപിയുടെ കേരള ഘടകത്തിലെ അടുത്ത തര്‍ക്കം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടാണ് ബിജെപിയ്ക്ക് ലഭിച്ചത്. 2016 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 14 ശതമാനമായി വര്‍ധിച്ചു. ഇത്തവണ ഇതുവരെയുള്ള സൂചന പ്രകാരം 12 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം

പുതിയ സംഭവവികാസങ്ങള്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റത്തിന് കാരണമാകുമെന്നാണ് സൂചന.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍