UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പടയില്‍ തോറ്റ ബിജെപിക്കുള്ളില്‍ കലഹം മുറുകുമ്പോള്‍

Avatar

ടീം അഴിമുഖം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് ബിഹാര്‍ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന്റെ ഉത്തരവാദികളെന്നാരോപിച്ച് ബിജെപിയിലെ ഏറ്റവും മുതിര്‍ന്ന മുന്‍നേതാക്കള്‍ ചൊവ്വാഴ്ച പ്രസ്താവന പുറത്തിറക്കിയതോടെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം വെളിച്ചത്തായി. തലമുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്ത കുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവര്‍ ഒപ്പുവച്ച പ്രസ്താവന ദീപാവലി ദിവസം രാവിലെയാണ് പുറത്തു വന്നത്. മോദി-ഷാ കൂട്ടുകെട്ടിനെതിരായ പാര്‍ട്ടിക്കുള്ളിലെ നീക്കങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ നയിക്കുന്ന ഒരു സംഘടിത ആഭ്യന്ത യുദ്ധമാണെന്നതിന്റെ വ്യക്തമായ ആദ്യ സൂചനയാണിത്.

‘ഡല്‍ഹിയിലെ വന്‍പരാജയത്തില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊണ്ടില്ലെന്നാണ് ബിഹാര്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബിഹാറിലെ പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന് പറയുന്നത് ആരേയും ഉത്തരവാദികളാക്കാതിരിക്കാനാണ്,’ പ്രസ്താവനയില്‍ പറയുന്നു. ബിഹാര്‍ ഫലം പുറത്തു വന്നതിനു ശേഷം ബിജെപിയുടെ ഔദ്യോഗിക നേതൃത്വം സ്വീകരിച്ച നിലപാടിനോടുള്ള പ്രത്യക്ഷ വെല്ലുവിളിയാണിത്. ഫലം പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ 12 മുതിര്‍ന്ന നേതാക്കള്‍ പരാജയം വിലയിരുത്താനായി യോഗം ചേര്‍ന്നിരുന്നു. മഹാസഖ്യത്തിന്റെ ശക്തി കണക്കുകൂട്ടുന്നതില്‍ പിഴച്ചതാണ് പരാജയ കാരണമായി ഇവര്‍ വിലയിരുത്തിയത്.

മറ്റു പ്രാദേശിക പാര്‍ട്ടികളുടെ സാന്നിധ്യമുള്ളതിനാല്‍ മഹാസഖ്യത്തിന് വോട്ടുകള്‍ ഒരുമിപ്പിക്കാന്‍ കഴിയില്ലെന്ന കണക്കുകൂട്ടലാണ് പിഴച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ മനോഗതി മനസ്സിലാക്കാന്‍ തങ്ങള്‍ക്കായില്ലെന്നും സാമൂഹിക സമവാക്യങ്ങള്‍ ബിഹാറില്‍ പാര്‍ട്ടിക്കെതിരായിരുന്നെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ചൊവ്വാഴ്ച പറയുകയുണ്ടായി.

അതേസമയം അദ്വാനി-ജോഷി സംഘം പുറത്തു വിട്ട പ്രസ്താവന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ‘വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനിരുന്നവര്‍ ബിഹാറിലെ ദുരന്തപൂര്‍ണമായ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതായാണ് വ്യക്തമാകുന്നത്,’ പ്രസ്താവനയില്‍ പറയുന്നു. ‘ഏറ്റവും ഒടുവിലത്തെ ഈ പരാജയത്തിന്റെ മുഖ്യ കാരണം ഒരു വര്‍ഷത്തിനിടെ പാര്‍ട്ടി നിര്‍വീര്യമായതാണ്,’ നരേന്ദ്ര മോദിയുടെ ഏകാധിപത്യ രീതികളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് പ്രസ്താവനയില്‍ പറയുന്നു. പരാജയ കാരണങ്ങള്‍ ആഴത്തില്‍ വിലയിരുത്തേണ്ടതുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റു മുതിര്‍ന്ന നേതാക്കളില്‍ ഒരാളെ പോലും വിശ്വാസത്തിലെടുക്കാതെ മോദി തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ മുന്നില്‍ നിന്നു നയിച്ച രീതിക്കും സംസ്ഥാന തെരഞ്ഞെടുപ്പുകളെ അമിത് ഷാ കൈകാര്യം ചെയ്ത രീതിക്കുമെതിരേയുള്ള പ്രത്യക്ഷ ആക്രമണമാണ് ഈ പ്രസ്താവന. ബിജെപ്പിക്കുള്ളില്‍ ഉയരാനിരിക്കുന്ന കലാപക്കൊടിയുടെ ഒരു സൂചനയാണിത്. പാര്‍ട്ടി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, വസുന്ധര രാജെ സിന്ധ്യ എന്നിവരടക്കം പല ബിജെപി നേതാക്കളും അതൃപ്തരും മോദിയുടെ പ്രവര്‍ത്തന രീതികളെ രഹസ്യമായി വിമര്‍ശിക്കുന്നവരുമാണ്.

ഈ എതിര്‍പ്പുകളുടെ കൂട്ടത്തില്‍ അവസാനത്തേതാകില്ല ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പ്രസ്താവന. എന്നാല്‍ ബിജെപിക്കുള്ളില്‍ നീണ്ടു നിന്നേക്കാവുന്ന ഒരു ആഭ്യന്തര കലഹത്തിന്റെ തുടക്കം ആകാനുമിടയുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം മോദിയും അമിത് ഷായും ഉപയോഗിച്ച മാന്യമല്ലാത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിഹാറിലെ പല മുതിര്‍ന്ന ബിജെപി നേതാക്കളും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അദ്വാനിയും ജോഷിയുമടങ്ങുന്ന സംഘം ഇത്തരമൊരു പ്രസ്താവന ഇറക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍