UPDATES

എഡിറ്റര്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി ഐടി തലവന്‍റെ ഭീഷണി

Avatar

അഴിമുഖം പ്രതിനിധി

ബിജെപിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ദേശീയ തലവന്‍ അമിത് മാളവ്യ രാജ്യത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വലിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എല്ലാവര്‍ക്കും ബാധകമല്ല. കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിക്കുന്നവര്‍ക്ക് മാത്രം. അധികം കളിച്ചാല്‍ പണി തരും എന്ന് തന്നെയാണ് അമിത് മാളവ്യയുടെ ട്വിറ്ററിലൂടെയുള്ള ഭീഷണി.

ബിജെപി നേതാവും ധാര്‍വാദ് എംപിയുമായ പ്രഹ്‌ളാദ് ജോഷി നല്‍കിയ മാനനഷ്ട കേസില്‍ പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് കര്‍ണാടക കോടതി ആറ് മാസം തടവ്ശിക്ഷ വിധിച്ചത് ചൂണ്ടിക്കാട്ടിയാണ് മാളവ്യയുടെ മുന്നറിയിപ്പ്. ഗൗരി ലങ്കേഷ് ഇംഗ്ലീഷിലും കന്നഡയിലും അറിയപ്പെടുന്ന എഡിറ്ററും കോളമിസ്റ്റുമാണ്.
ജാമ്യം നേടിയ ഗൗരി ലങ്കേഷ് വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഗൗരി ലങ്കേഷിന് ധാര്‍വാദ് എംപി പ്രഹ്‌ളാദ് ജോഷി തടവ് ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ സൂക്ഷിച്ചോളൂ എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. ബിജെപിയ്‌ക്കോ മോദി സര്‍ക്കാരിനോ എതിരെ സംസാരിക്കുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന കൃത്യമായ ഭീഷണി. മാളവ്യ ഒരു സര്‍ക്കാര്‍ പദവിയും വഹിക്കുന്നില്ലായിരിക്കാം. പക്ഷെ ഇത് ഒറ്റപ്പെട്ട ശബ്ദമല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് ഗവണ്‍മെന്‌റുകളുടെ കാലത്ത് മാത്രമേ മാദ്ധ്യമസ്വാതന്ത്ര്യം ഒട്ടും ഗൗനിക്കപ്പെടാതിരുന്നിട്ടുള്ളൂ. ഇന്ദിരാഗാന്ധി സര്‍ക്കാരിന്‌റേയും മോദി സര്‍ക്കാരിന്‌റേയും കാലത്ത്. സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്‌റെ സൈബര്‍ യോദ്ധാക്കള്‍ മാദ്ധ്യമങ്ങളെ കാണുന്നത് പ്രെസ്റ്റിറ്റിയൂട്ടുകളുമായും പെയ്ഡ് ജേണോകളായുമൊക്കെയാണ്. ദേശീയതയേയോ ദേശതാല്‍പര്യത്തേയോ ചോദ്യം ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡുവും അടക്കമുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം മനോഭാവങ്ങളുടെ ഭാഗമായാണ് എന്‍ഡി ടിവി ഇന്ത്യക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാരിന് തീരുമാനം പിന്‍വലിയ്‌ക്കേണ്ടി വന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. മദ്ധ്യപ്രദേശില്‍ സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ വിമര്‍ശിച്ച 19കാരനെ അറസ്റ്റ്് ചെയ്തിരുന്നു. അപകീര്‍ത്തി കേസുകളുമായി ബന്ധപ്പെട്ട് മാദ്ധ്യമസ്വാതന്ത്ര്യത്തില്‍ കൈകടത്തുംവിധമുള്ള വിധിയാണ് മേയില്‍ സുബ്രഹ്മണ്യന്‍ സ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. അപകീര്‍ത്തിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന സെക്ഷന്‍ 499 ഉദ്ധരിച്ചായിരുന്നു കോടതി വിധി. ആഗോളതലത്തില്‍ പൊതുവെ അപകീര്‍ത്തിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന പ്രവണത കുറഞ്ഞിരിക്കുകയാണ്. അപകീര്‍ത്തി കേസുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാളവ്യയുടെ ഭീഷണി വളരെ ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തല്‍. ഇത് പൊലീസ് അടക്കമുള്ള സേനകളും രാഷ്ട്രീയ നേതൃത്വങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്‌തേക്കും. ഐടി ആക്ടിന് കുപ്രസിദ്ധ സ്വഭാവം നല്‍കിയിരുന്ന 66എ വകുപ്പ് ശ്രേയ സിംഗാള്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ഈ വിധിയ്ക്ക് കടകവിരുദ്ധമാണ് സുബ്രഹ്മണ്യന്‍ സ്വാമി കേസിലെ വിധി. സര്‍ക്കാര്‍ അനുകൂല നിലപാട് പ്രകടിക്കുന്ന ടൈംസ് നൗ, സീ ന്യൂസ്, സ്വരാജ്യ മാഗസിന്‍ തുടങ്ങിയവയും സ്വപന്‍ ദാസ് ഗുപ്തയെ പോലെയുള്ള ബിജെപി അനുകൂല കോളമിസ്റ്റുകളും രാഷ്ട്രീയ നിരീക്ഷകരും മാദ്ധ്യമങ്ങളോടുള്ള മോദി സര്‍ക്കാരിന്‌റെ സമീപനത്തെ ന്യായീകരിക്കുന്നവരാണ്. അടിയന്തരാവസ്ഥകാലത്തും ഇത്തരം പ്രവണതയാണ് ഉണ്ടായിരുന്നത്.

(ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ സ്‌ക്രോളില്‍ കേശവ് ഗുഹ എഴുതിയത് – കൂടുതല്‍ വായനയ്ക്ക്: https://goo.gl/TLKO95)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍