UPDATES

കേരളം

ബിജെപിയെ കേരളം രാഷ്ട്രീയം പഠിപ്പിക്കുകയാണ്

സമീപകാല കേരള രാഷ്ട്രീയത്തിൽ ബി ജെ പി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച വിഷയങ്ങളില്‍ ജനപക്ഷ രാഷ്ട്രീയമില്ല

കേരളത്തിൽ ബിജെപിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ എല്ലാ രൂപഭാവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്നതിൽ അവർ അമ്പേ പരാജയപ്പെട്ടു എന്നുവേണം കരുതാൻ. കാലങ്ങളായുള്ള തിരഞ്ഞെടുപ്പുകളിൽ അവർ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ വിഷയങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും കേരളത്തിൽ ഒരു ജനപക്ഷ രാഷ്ട്രീയം പറയുന്നതിൽ അവർക്കു താത്പര്യമില്ലെന്ന്. അതുമല്ലെങ്കിൽ രാഷ്ട്രീയം പറഞ്ഞു മുന്നോട്ടു പോകാനുള്ള സംഘടന സംവിധാനം അല്ല ബിജെപിക്ക് കേരളത്തിലുള്ളതെന്നു അറിയുന്നതുകൊണ്ട് കൂടിയാകാം അവർ പഴയ ബ്രിട്ടീഷ് തന്ത്രമായ ‘Divide & Rule’ പോളിസിയുടെ പുതിയ വേർഷനുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യം ആരാധനാലയങ്ങളുടെ പേരിൽ ഭൂരിപക്ഷ സമുദായങ്ങളുടെ ഇടയിൽ ഒരു ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചു. അമ്പലങ്ങളിലെ കാണിക്കകളും മറ്റും ഇതര സമുദായങ്ങളിലെ ആൾക്കാർക്ക് സബ്‌സിഡി ആയി നൽകുന്നു എന്ന പൊള്ളയായ വാദങ്ങൾ നിരത്തി കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ നിയമസഭയിൽ വിഡി സതീശന്‍ എംഎല്‍എയെ പോലുള്ളവർ രേഖകൾ സഹിതം അക്കമിട്ട് അതിനു മറുപടി നൽകിയതിന് ശേഷവും അവർ ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി നാല് വോട്ടു തേടാനുമുള്ള പല വഴികളും ആലോചിച്ചു കൊണ്ടേ ഇരിക്കുന്നു. അത്തരം ആലോചനകളിൽ നിന്നുരുത്തിരിഞ്ഞ ചിന്തകളാണോ എന്നറിയില്ല, ഇവിടെ കേരളത്തിൽ ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന എല്ലാ മതവിഭാഗങ്ങൾക്കിടയിലും സ്പർദ്ധ ഉണ്ടാക്കാൻ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉത്തരേന്ത്യയിൽ വിജയിച്ച ‘ഗോ മാതാ’ തന്ത്രം ബീഫിന്റെ പേരിൽ കേരളത്തിൽ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചു എങ്കിലും അതും പരാജയപ്പെട്ടു.

പുറത്തു നിന്നും നോക്കിക്കാണുന്നവർക്ക് ഇന്ത്യ എന്നും ഒരു അത്ഭുത രാജ്യമായിരുന്നു. വിവിധ ഭാഷ, വസ്ത്രധാരണ രീതി, ഭക്ഷണ രീതി, മതങ്ങൾ, ജാതികൾ, ആചാരങ്ങൾ എന്നിങ്ങനെ വൈവിധ്യം അപാരമായിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇവരെയെല്ലാം ഒരേ നൂലിൽ കോർത്തുകൊണ്ട് അണിനിരത്താൻ സാധിച്ചത് ഈ രാജ്യം ഏറെക്കാലം ഭരിച്ചിരുന്നത് ഒരു മതേതര കക്ഷിയായതുകൊണ്ട് മാത്രമാണ്. അതിസങ്കീര്‍ണ്ണമായ വൈവിധ്യങ്ങൾ സൂക്ഷിക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിന് കീഴിൽ അണിനിരന്നവരെയെല്ലാം അവർ കാലങ്ങളായി കഴിച്ചു പോന്നിരുന്ന ഭക്ഷണത്തിന്റെ പേരിൽ വിഭജിച്ചു വോട്ടു തേടാനുള്ള തന്ത്രങ്ങൾ പരാജയപ്പെട്ടപ്പോൾ അവസാനം പ്രധാനമന്ത്രിക്ക് തന്നെ പരസ്യമായി പറയേണ്ടി വന്നു പശു സംരക്ഷകർ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നവരെക്കുറിച്ച് സംശയമുണ്ടെന്ന്.

നാളിതു വരെ ഭിന്നിപ്പിന്റെ സ്വരം തള്ളിക്കളഞ്ഞ ഒരു മതേതര സമൂഹത്തിൽ വർഗീയ വിഷം കടത്തിവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ട കേരളത്തിലെ ബിജെപിയുടെ നേതാക്കൾ അവരുടെ ആവനാഴിയിലെ അവസാനത്തെ വിഷം പുരട്ടിയ അമ്പായി കൊണ്ട് വന്നു തൊടുത്തു വിട്ടതാണ് ദേശസ്നേഹം. എന്നാൽ അതും പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. ഉത്തരേന്ത്യയിൽ എല്ലാക്കാലത്തും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി മനുഷ്യക്കുരുതി നടത്തുമ്പോള്‍ കേരളത്തിൽ ആശയ സമരത്തിലൂടെയാണ് ബിജെപി നേതാക്കളുടെ തലയിലുയരുന്ന ദുഷിച്ച ചിന്തകൾക്കെതിരെയുള്ള പ്രതിഷേധമുയരുന്നത് എന്നത് ആശാവഹമായ ഒരു കാര്യമാണ്. നമുക്ക് വേണ്ടത് ജാതിയുടെയും മതത്തിന്റെയും ദേശസ്നേഹത്തിന്റെയും പേരിലുള്ള രക്തച്ചൊരിച്ചിലുകൾ അല്ല മറിച്ച് വിഭജനത്തിന്റെ രാഷ്ട്രീയം പറയുന്നവർക്കെതിരെ മതേതര മൂല്യവും മതേതര ബോധവും കാത്തു സൂക്ഷിക്കുന്ന കേരള മനഃസാക്ഷിയെ ഒറ്റക്കെട്ടായി നിർത്താനുള്ള ആർജ്ജവമാണ്. ആ ആർജ്ജവം കേരളത്തിലെ മതേതര കക്ഷികൾ സമയോചിതമായി നിർവഹിക്കുന്നുണ്ട് എന്നതാണ് ആഹ്ളാദകരമായ കാര്യം.

മലയാള മണ്ണിനെ വിഭജന രാഷ്ട്രീയത്തിനു വളക്കൂറുള്ള മണ്ണാക്കി മാറ്റാതിരിക്കാനുള്ള ഉത്തരവാദിത്തം മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് വിശ്വസിക്കുന്ന എല്ലാവർക്കുമുണ്ട്. അത്തരം സമാനമനസ്ക്കരായവരുടെ കൂട്ടായ്മകൾ കൊടുങ്ങല്ലൂരും കോഴിക്കോട്ടുമൊക്കെ തുടരുന്നുണ്ട്. ഒരു പടി കൂടി കടന്ന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മതേതര മനുഷ്യസംഗമങ്ങൾ ഉയരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

സമീപകാല കേരള രാഷ്ട്രീയത്തിൽ ബിജെപി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച വിഷയങ്ങളില്‍ ജനപക്ഷ രാഷ്ട്രീയമില്ലെന്ന് അവ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും വിഷയങ്ങളും പറയാതെ ദേശീയതയും ദേശസ്നേഹവും പറഞ്ഞു കൊണ്ട് മുന്നോട്ടു പോകാൻ കേരളത്തിൽ ബിജെപിക്ക് ഇനിയുമാകില്ല. ബിജെപി യുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ തന്നെ അറിയാൻ പറ്റും എപ്പോഴും പൊള്ളയായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് അധികാരത്തിൽ വന്നവരാണവർ. എന്നാൽ അധികാരത്തിൽ വന്നു കഴിഞ്ഞാൽ ആ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയാതെ, കരണം മറിഞ്ഞു നിലനിൽപ്പിനായി ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന മുദ്രാവാക്യത്തെ ഉയർത്തി അധികാരത്തിൽ ഏറി മൂന്ന് വര്‍ഷം ആകാറാകുമ്പോഴും വിദേശത്തുള്ള കള്ളപ്പണത്തെപ്പറ്റി ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ നാട്ടിലുള്ള കള്ളപ്പണം പിടിക്കാനെന്ന വ്യാജേനെ നോട്ടു നിരോധനം എന്ന ചെപ്പടി വിദ്യയുമായി ഇറങ്ങിയതോടെ വലിയ മാറ്റങ്ങൾ ഇല്ലാതെ പോയ്ക്കൊണ്ടിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ആടിയുലയാൻ തുടങ്ങിയിരിക്കുന്നു.

വാഗ്‌ദാനങ്ങൾ പാലിക്കാൻ കഴിയാത്തവർ അതിനിടയിൽ സർക്കാരിനെതിരെ നിലകൊള്ളുന്നവരെയും  ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിലെ പൊള്ളത്തരങ്ങളെ വിമര്‍ശിക്കുന്നവരെയും പാക്കിസ്ഥാനിലേക്കു കയറ്റി അയക്കാൻ ഉത്തരേന്ത്യ മുതൽ കേരളം വരെയുള്ള ബിജെപി നേതാക്കൾ ശ്രമിക്കുമ്പോൾ അവരറിയുന്നില്ല ജനങ്ങളുടെ മനസ്സിൽ നിന്നും അവരെത്രമാത്രം അകന്നു പോകുന്നു എന്ന്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ജേക്കബ് സുധീര്‍

ജേക്കബ് സുധീര്‍

സാമൂഹ്യ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍