UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വതന്ത്ര ഡയറക്ടര്‍മാരായി ബിജെപി നേതാക്കള്‍

ബിജെപി നേതാക്കളടക്കം പാര്‍ട്ടിയുമായി ബന്ധപ്പെട്ട 10 പേരെ ഇത്തരത്തില്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരായി നിയമിക്കുന്നതിന് പ്രധാനമന്ത്രി അദ്ധ്യക്ഷനായകാബിനറ്റ് അപ്പോയിന്‍മെന്റ്സ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകളടക്കം നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ വിശ്വസ്തരെ നിയമിച്ചത് ഏറെ ചര്‍ച്ചകള്‍ക്കും വിവാതദങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരും ചെയ്യുന്നത് അത് തന്നെ. ബിജെപി നേതാക്കളടക്കം പാര്‍ട്ടിയുമായി ബന്ധപ്പെട്ട 10 പേരെ ഇത്തരത്തില്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരായി നിയമിക്കുന്നതിന് പ്രധാനമന്ത്രി അദ്ധ്യക്ഷനായകാബിനറ്റ് അപ്പോയിന്‍മെന്റ്സ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നു.

നിലവിലെ ബിജെപി ഡല്‍ഹി വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി, ഗുജറാത്ത് ഐടി സെല്‍ കണ്‍വീനര്‍ രജിക കച്ചേരിയ, ഗുജറാത്തില്‍ ബിജെപിയുടെ മുസ്ലീം മുഖമായി അറിയപ്പെടുന്ന ആസിഫ ഖാന്‍, ഒഡീഷയില്‍ നിന്നുള്ള സുരമ പാധി, ബിഹാറിലെ മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന കിരണ്‍ ഗായ് സിന്‍ഹ തുടങ്ങിയവരാണ് രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍മാരാകുന്നത്. എഞ്ചിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്് (എച്ച്്പിസിഎല്‍), ഭാരത്് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍), നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് (എന്‍എഎല്‍സിഒ) തുടങ്ങിയ നവരത്‌ന കമ്പനികളുടെ ഡയറക്ടര്‍ ബോഡുകളിലാണ് ഇവര്‍ വരുന്നത്. 2014ല്‍ കമ്പനി ചട്ടത്തിലെ 49ാം സെക്ഷനില്‍ സെബി ഭേദഗതി വരുത്തിയിരുന്നു. ഡയറക്ടര്‍ ബോഡില്‍ 50 ശതമാനം നോണ്‍ എക്‌സിക്യൂട്ടീവുകളായ സ്വതന്ത്ര ഡയറക്ടര്‍മാരായിരിക്കണം എന്നാണ് നിലവിലെ ചട്ടം.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേയ്ക്ക് വന്ന ഷാസിയ ഇല്‍മിയെ എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിലാണ് ഇന്‍ഡിപെന്‍ഡന്‌റ് ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലാണ് ഷാസിയ ഇല്‍മിക്ക് ബിരുദമുള്ളത്. കോസ്‌മെറ്റോളജിസ്റ്റായ രജിക കച്ചേരിയയ്ക്ക് കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലാണ് നിയമനം. എംഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരിയും അദ്ധ്യാപികയുമായിരുന്ന ആസിഫ ഖാന്‍ എച്ച്പിസിഎല്‍ ഡയറക്ടറായി. ഭെല്‍ (ബിഎച്ച്ഇഎല്‍) ഡയറക്ടറായാണ് നിയമ ബിരുദധാരിയായ സുരമ പാധിയെ നിയമിച്ചിരിക്കുന്നത്.

നേരത്തെ ബിഹാറില്‍ റിസര്‍വ് ബാങ്ക് ലോക്കല്‍ ബോഡ് അംഗമായിരുന്ന കിരണ്‍ ഗായ് സിന്‍ഹയെ നാല്‍ക്കോയിലാണ് (എന്‍എഎല്‍സിഒ) സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ബിജെപിയുടെ മുന്‍ രാജ്യസഭാ എംപിയായ ഭരത് സിംഗ് പ്രഭാത് സിംഗ് പാര്‍മര്‍ സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷനില്‍ ഡയറക്ടറായി. നിലവില്‍ ഗുജറാത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് പാര്‍മര്‍. കര്‍ണാടക സംസ്ഥാന സെക്രട്ടറിയായ ഭാരതി മഗ്ദൂമിനെ എസ്ടിസി ബോഡില്‍ നിയമിച്ചു. മഹിളാ മോര്‍ച്ചയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റ് സര്‍ണല മാലതി റാണി, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്‌പോര്‍ട്‌സ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ഇസിജിസി) നിയമിക്കപ്പെട്ടു. ആസാമില്‍ നിന്നുള്ള സിപ്ര ഗൂണിനെ ആന്‍ഡ്ര്യു ആന്‍ഡ് യൂള്‍ കമ്പനി ലിമിറ്റഡില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ശിഖ റോയ്ക്ക്് നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലാണ് സ്വതന്ത്ര ഡയറക്ടര്‍ പദവി ലഭിച്ചത്. മാലതി റാണി അടക്കമുള്ളവര്‍ തങ്ങളുടെ നിയമനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി പറഞ്ഞെങ്കിലും തങ്ങള്‍ക്ക് സ്വതന്ത്ര ഡയറക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി.

14 മന്ത്രാലയങ്ങളിലും അവയ്ക്ക് കീഴിലുള്ള വകുപ്പുകളിലുമായി 83 നിയമനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഓയില്‍, സ്റ്റീല്‍, ഹെവി ഇന്‍ഡസ്ട്രീസ്, ടെക്‌സ്റ്റൈല്‍, റെയില്‍വേ, കല്‍ക്കരി, ഊര്‍ജ്ജം, ജലവിഭവം, ആരോഗ്യം, ഖനി, ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍, വാണിജ്യം, കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍സ്, ഭക്ഷ്യം, പൊതുവിതരണം തുടങ്ങിയ മേഖലകളിലെല്ലാം നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാധാരണ ഡയറക്ടര്‍മാരെ നിയമിക്കുന്ന നടപടിക്രമങ്ങള്‍ തന്നെയാണ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരെ നിയമിക്കുന്നതിലും ഉള്ളത്. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, നിയമന നിര്‍ദ്ദേശങ്ങള്‍ ഡിപ്പാര്‍ട്ട്്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന് സമര്‍പ്പിക്കണം. സര്‍ച്ച് കമ്മിറ്റി ഇത് പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കി മന്ത്രാലയത്തിന് നല്‍കുന്നതും ഇതാണ് കാബിനറ്റ് അപ്പോയിന്‍മെന്റ്് കമ്മിറ്റിയുടെ അംഗീകാരത്തിന് വിടുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍