UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുമതിയില്ലാതെ ബൈക്ക് റാലിക്ക് ശ്രമം: മംഗളൂരുവില്‍ യെദിയൂരപ്പ അടക്കമുള്ള ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

‘മംഗളുരു ചലോ’ റാലി വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

മംഗളൂരുവില്‍ അനുമതിയില്ലാതെ ബൈക്ക് റാലി നടത്താന്‍ ശ്രമം നടത്തിയതിന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ അടക്കമുളളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമം നടത്തിയതായാണ് ആരോപണം. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് ബൈക്ക് റാലി നടത്താന്‍ ശ്രമിച്ചത്. ദക്ഷിണ കന്നഡ ജില്ലയില്‍ രണ്ട് വര്‍ഷത്തിനിടെ പന്ത്രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ‘മംഗളൂരു ചലോ’ എന്ന പേരില്‍ ബിജെപി റാലി നടത്താന്‍ തീരുമാനിച്ചത്.

മംഗളുരു നെഹ്റു മൈതാനത്ത് 11നും രണ്ടിനുമിടക്ക് പ്രതിഷേധ പ്രകടനം നടത്താനാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. നഗരത്തില്‍ മൊത്തം പ്രതിഷേധപ്രകടനം നടത്താനോ ബൈക്ക് റാലി നല്‍കാനോ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. ഇത് ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യെദിയൂരപ്പയടക്കമുളള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരുടെ കൊലക്ക് പിന്നില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. ഈ ആഴ്ച ആദ്യം 2000 ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത, ബംഗളുരുവില്‍ നിന്ന് മംഗളുരുവിലേക്കുളള ബൈക്ക് റാലിക്കും അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം നടത്തി മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ശ്രമമെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ‘മംഗളുരു ചലോ’ റാലി വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ആര്‍എസ്എസും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ ഇവിടെ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ മാസം കര്‍ണാടക സന്ദര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാണിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിയുന്നില്ലെന്ന് വിമര്‍ശനമുന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍