UPDATES

ട്രെന്‍ഡിങ്ങ്

പള്‍സര്‍ സുനിയുടെ കൂട്ടാളി വിജേഷ് ഏത് പാര്‍ട്ടിക്കാരന്‍? ബിജെപി നേതാവിന്റെ നുണകള്‍ പൊളിയുന്നു

ആര്‍എസ്എസിന്റെ ശാഖയിലൂടെ വളര്‍ന്ന എബിവിപി പ്രവര്‍ത്തകനാണ് വിജേഷെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കൂട്ടാളി വിജേഷ് സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അയല്‍വാസിയുമാണെന്ന് ബിജെപി നേതാവ് എംടി രമേശിന്റെ നുണ പൊളിയുന്നു. പി ജയരാജന്‍ തന്നെയാണ് രമേശിന്റെ ആരോപണത്തിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

എംടി രമേശ് കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വിഡ്ഢിത്തം പുലമ്പുമായിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ദീര്‍ഘകാലമായി പാട്യം പഞ്ചായത്തിലെ കോട്ടയോടിയിലാണ് താമസം. നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയാണെന്നാണ് അറിയാന്‍ കഴിയുന്നത്. ചുണ്ടങ്ങാപ്പൊയിലും കോട്ടയാടിയും തമ്മില്‍ എത്ര കിലോമീറ്റര്‍ ദൂരമുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. പിന്നെ എങ്ങനെയാണ് അദ്ദേഹം തന്റെ അയല്‍വാസിയാകുന്നത് എന്ന് ബിജെപി നേതാവ് വിശദീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെടുന്നു.

കൂടാതെ ബിജെപി നേതാവ് കൃഷ്ണദാസിന്റെ അടുത്ത അനുയായിയും തലശേരി മണ്ഡലം പ്രസിഡന്റുമായ സുമേഷ് ഏത് കേസില്‍ പ്രതിയായാണ് മാസങ്ങളായി ഒളിവില്‍ കഴിയുകയെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ബിജെപി നേതാവിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂടാതെ ബ്ലേഡ് ക്വട്ടേഷന്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നത് സംഘപരിവാര നേതാക്കളാണെന്ന് നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ബിജെപി നേതാവ് നുണപ്രചരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇതിനിടെ വിജേഷിനെ സിപിഎമ്മുമായി ബന്ധപ്പെടുത്തുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നാണ് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. ആര്‍എസ്എസിന്റെ ശാഖയിലൂടെ വളര്‍ന്ന എബിവിപി പ്രവര്‍ത്തകനാണ് വിജേഷെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. രമേശിന് ഇക്കാര്യം പൊന്ന്യത്തെ സംഘപരിവാറുകാരോട് ചോദിച്ച് മനസിലാക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചുണ്ടങ്ങാപ്പൊയില്‍ സ്‌കൂളില്‍ ആയുധവുമായി എബിവിപി-ആര്‍എസ്എസുകാരനായ കക്കറയിലെ ജിതിന്‍ദാസ് പിടിയിലാകുമ്പോള്‍ ഒന്നിച്ചുണ്ടായിരുന്ന ആളാണ് വിജേഷെന്നും ഇയാള്‍ അടിയുറച്ച എബിവിപി പ്രവര്‍ത്തകനായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് കടംകയറി നാടുവിട്ട ഇയാള്‍ എവിടെയാണെന്ന് സഹോദരങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നും ജിജേഷ് ചെമ്പാട് എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍