UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ ജന്മസ്ഥലം ഉള്‍പ്പെട്ട ഊഞ്ചയില്‍ ബിജെപി തോറ്റത് 19,000ത്തില്‍ പരം വോട്ടിന്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശബെന്‍ ദ്വാരകാദാസ് പട്ടേല്‍, സിറ്റിംഗ് എംഎല്‍എ ആയ ബിജെപിയിലെ നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ ആശ പട്ടേലിനെ 24,201 വോട്ടിന് നാരായണ്‍ഭായ് പട്ടേല്‍ തോല്‍പ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ വദ് നഗര്‍ ഉള്‍പ്പെട്ട ഊഞ്ചയില്‍ ബിജെപി തോറ്റത് 19,000ത്തില്‍ പരം വോട്ടിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശബെന്‍ ദ്വാരകാദാസ് പട്ടേല്‍, സിറ്റിംഗ് എംഎല്‍എ ആയ ബിജെപിയിലെ നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ ആശ പട്ടേലിനെ 24,201 വോട്ടിന് നാരായണ്‍ഭായ് പട്ടേല്‍ തോല്‍പ്പിച്ചിരുന്നു. വോട്ടര്‍മാരില്‍ 40 ശതമാനത്തിലധികം പട്ടീദാര്‍ സമുദായത്തില്‍ പെട്ടവരാണ്. ബിജെപിക്കെതിരായ ശക്തമായ രോഷം ഇവിടെ പ്രകടമായിരുന്നു. മോദി ജോലി ചെയ്തിരുന്ന ചായക്കടയുള്ളത് വദ് നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ്. ഗുജറാത്തില്‍ ആറാം തവണയും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മോദിയുടെ നാടുള്ള മണ്ഡലം കൈവിട്ടത് അവര്‍ക്ക് വലിയ ക്ഷീണമാണ്.

രണ്ട് വര്‍ഷം മുമ്പ് പട്ടീദാര്‍ സംവരണ പ്രക്ഷോഭം തുടങ്ങിയ സമയത്ത് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട 14 യുവാക്കളില്‍ ഒരാളില്‍ ഊഞ്ച സ്വദേശിയായിരുന്നു. പട്ടേല്‍ പ്രക്ഷോഭം തുടങ്ങുന്നത് വരെ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നു ഊഞ്ച. 1995 മുതല്‍ 2012 വരെ തുടര്‍ച്ചയായ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ നാരായണ്‍ പട്ടേല്‍ ഇവിടെ ജയിച്ചിരുന്നു. എന്നാല്‍ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ ഇവിടെ ഒരു സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല എന്ന വസ്തുതയുണ്ട്.

സര്‍ക്കാര്‍ ഗ്രാന്‍ഡുകള്‍ നല്‍കി പട്ടേല്‍ സമുദായക്കാരെ പ്രീണിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഹിമാചല്‍ തിരഞ്ഞെടുപ്പിനൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിക്കൊടുത്ത സൗകര്യം ഉപയോഗിച്ച്, പെരുമാറ്റച്ചട്ടത്തിന്റെ ഭീഷണി ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ ഇവിടെ പദ്ധതികളും ഉദ്ഘാടനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനങ്ങളും കൊണ്ട് വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഇവിടെ ടൂറിസം വികസനത്തിന്റെ ഭാഗമായുള്ള ഉമിയ മാതാജി സംസ്ഥാന്‍ പദ്ധതിക്ക് വേണ്ടി 8.75 കോടി രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് ആയി അനുവദിച്ചത്. കദ്വ പട്ടീദാര്‍മാരുടെ കുലദേവതയായ ഉമിയ ദേവിയെ കേന്ദ്രീകരിച്ചുള്ള പ്രധാന ആരാധന കേന്ദ്രമാണ് ഇവിടെയുള്ളത്. പട്ടീദാര്‍മാരെ പ്രീണിപ്പിക്കുന്നതിനായി ഒക്ടോബറില്‍ മോദി ഹരിദ്വാറില്‍ ഉമിയ ധര്‍മ് ആശ്രം വിഡീയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്തു. ജയ് ഉമിയ മാ എന്ന് വിളിച്ചാണ് പരിപാടിക്ക് മോദി ആളുകളെ സ്വാഗതം ചെയ്തത്.

ബിജെപിയുടെ ഗൗരവ് യാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടീദാര്‍ യുവാക്കള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിജയ് രുപാണി ഊഞ്ച മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ നവസര്‍ജ്ജന്‍ യാത്രയുടെ ഭാഗമായി ഇവിടെ വളരെ സജീവമായി പ്രചാരണത്തില്‍ പങ്കെടുത്തു. മറ്റ് പ്രശ്‌നങ്ങള്‍ മാറ്റി വച്ച് ഇവിടെ വന്ന് രാഹുല്‍ പ്രസംഗിച്ചത് പ്രധാനമായും മോദിയെക്കുറിച്ചായിരുന്നു. രൂക്ഷവിമര്‍ശനവും പരിഹാസവുമായി മോദിക്ക് നേരെ രാഹുല്‍ ഇവിടെ അഴിച്ചുവിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍