UPDATES

demon-etisation

മഹാരാഷ്ട്ര തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കറന്‍സി അസാധുവാക്കല്‍ നയത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്നു ബി ജെ പി

കേന്ദ്രത്തിന്റെ നോട്ട് നിരോധന നയം പ്രചാരണത്തിന്റെ മുഖ്യഘടകമാക്കിക്കൊണ്ട് തീപാറുന്ന പോരാട്ടം നടന്ന മഹരാഷ്ട്രയിലെ 147 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കും 17 നഗരപഞ്ചായത്തിലേക്കുമുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും കനത്ത തിരിച്ചടി നല്‍കാന്‍ ബിജെപിക്ക് തിങ്കളാഴ്ച സാധിച്ചു. മറാത്തക്കാരുടെ സംവരണ പ്രശ്‌നത്തില്‍ പ്രതിരോധത്തിലായ ബിജെപി, അതുകൊണ്ടുതന്നെ നോട്ട് നിരോധിക്കല്‍ നയത്തെ സംവിധാനം ശുദ്ധീകരിക്കാനുള്ള ഒന്നായി ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ചെയ്തത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ വോട്ടെടുപ്പിനെ ഒരു ‘ചെറു നിയമസഭ തിരഞ്ഞെടുപ്പ്,’ ആയി വിശേഷിപ്പിച്ചിരുന്നു.

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ ദിനത്തില്‍ പുറത്തുവന്ന ഫലങ്ങളെ ‘ബിജെപിയുടെ ദരിദ്രാനുകൂല, വികസന രാഷ്ട്രീയത്തിന്റെ വിജയം,’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. ‘നോട്ടു നിരോധനത്തിലൂടെ അഴിമതി നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനുള്ള പിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നോട്ട് നിരോധനത്തിനെതിരായുള്ള പ്രചാരണങ്ങള്‍ പരാജയപ്പെട്ടു എന്ന് വേണം മനസിലാക്കാന്‍,’ എന്ന് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിഡ് അഭിപ്രായപ്പെട്ടു.

‘പണത്തിന്റെയും പേശീബലത്തിന്റെയും,’ ശക്തിയിലാണ് ബിജെപി ജയിച്ചതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ ആരോപിച്ചു. ‘ഞങ്ങളുടെ ന്യൂനതകള്‍ ഞങ്ങള്‍ പരിശോധിക്കും,’ എന്നും ചവാന്‍ കൂട്ടിച്ചേര്‍ത്തു. 147 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ പ്രസിഡന്റ് പദവിയിലേക്ക് സര്‍ക്കാര്‍ നേരിട്ട് തിരഞ്ഞെടുപ്പ് ഏര്‍പ്പെടുത്തിയ പോരാട്ടത്തില്‍ 52 സീറ്റുകളില്‍ ബിജെപി ജയിച്ചു. ശിവസേനയ്ക്ക് 23 ഉം കോണ്‍ഗ്രസിന് 19ഉം എ്ന്‍സിപിക്ക് 16ഉം മറ്റുവര്‍ക്ക് 28ഉം സീറ്റുകള്‍ ലഭിച്ചു.

പാര്‍ട്ടി അടിസ്ഥാനത്തില്‍ നടന്ന 3,510 മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും ബിജെപി മുന്‍തൂക്കം നേടി. കോണ്‍ഗ്രസ്-എന്‍സിപി ശക്തികേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ബിജെപി (851), ശിവസേന (514), എന്‍സിപി (638), കോണ്‍ഗ്രസ് (643), എംഎന്‍എസ് (16), ബിഎസ്പി (9), സിപിഎം (12), പ്രാദേശിക സംഖ്യങ്ങള്‍ (384), സ്വതന്ത്രര്‍ (324), മറ്റുള്ളവര്‍ (119) എന്നിങ്ങനെയാണ് പാര്‍ട്ടി തിരിച്ചുള്ള കണക്കുകള്‍.

2011ല്‍, 147 മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ 127ന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന് 771 ഉം എന്‍സിപിക്ക് 916ഉം, ശിവസേനയ്ക്ക് 264ഉം സീറ്റുകള്‍ ലഭിച്ച ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെറും 298 സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍