UPDATES

വികസനത്തിന് പണം നല്‍കുന്നില്ല; പഞ്ചാബില്‍ ബിജെപി എംഎല്‍എ നിരാഹാര സമരത്തിന്

അഴിമുഖം പ്രതിനിധി

പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യ ഗവണ്‍മെന്റിനെതിരെ അമൃത്‌സര്‍ ഈസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയും പാര്‍ലമെന്ററി സെക്രട്ടറിയുമായ നവജോത് കൗര്‍ സിദ്ദു നിരാഹാരസമരത്തിലേക്ക്. തന്റെ പാര്‍ട്ടികൂടി അംഗമായ സംസ്ഥാന ഗവണ്‍മെന്റ് സ്വന്തം മണ്ഡലത്തിലെ വികസനത്തിനാവശ്യമായ ഫണ്ട് തടഞ്ഞുവച്ചിരിക്കുന്നതിനെതിരെയാണ് ഇവരുടെ സമരം. മണ്ഡലത്തിലെ റോഡ് വികസനത്തിനായി 10 കോടി രൂപ വകയിരുത്തിയെങ്കിലും ഇതുവരെ ഒരുരൂപപോലും ആയിനത്തില്‍ നല്‍കാനോ റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വിളിക്കാനോ തയ്യാറായിട്ടില്ലെന്ന് എം എല്‍ എ ആരോപിക്കുന്നു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ പലതവണ കണ്ടു സംസാരിച്ചുവെങ്കിലും, അനുകൂലമായ ഒന്നും നടന്നിട്ടില്ലെന്നും ഈയൊരു സാഹചര്യത്തിലാണ് താന്‍ ഇത്തരമൊരു സമരത്തിനു നിര്‍ബന്ധിതയായതെന്നും നവജ്യോത് കൗര്‍ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളെ ചുണ്ടനക്കത്തിലൂടെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ക്ക് വികസനമാണ് വേണ്ടത്. എന്നാല്‍ താന്‍ മുഖ്യമന്ത്രിക്കെതിരെ യാതൊരുവിധ ആരോപണങ്ങളും ഉന്നയിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് നവജോത് കൗര്‍. ഇത്തവണ സിദ്ദുവിന് അമൃത്സര്‍ മണ്ഡലത്തിലെ സീറ്റ് നിഷേധിച്ച ബിജെപി അവിടെ അരുണ്‍ ജയറ്റ്‌ലിയെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് ജെയ്റ്റിലി പരാജയപ്പെടുകയും ചെയ്തു. വിജയസാധ്യതയുള്ള തനിക്ക് സീറ്റ് നിഷേധിച്ചതിലൂടെ പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നാരോപിച്ച് സിദ്ദു ബിജെപിയുമായി രമ്യതയിലല്ല പോകുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും പാര്‍ട്ടിക്ക് തലവേദന തീര്‍ത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍