UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്യാല ഹൌസ് കോടതിയിലെ അക്രമം; മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മനു ശങ്കറിന് മര്‍ദ്ദനമേറ്റു

 
അഴിമുഖം പ്രതിനിധി

അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി പ്രസിഡന്റ് കനയ്യ കുമാറിനെ ഹാജരാക്കിയ പട്യാല കോടതിക്ക് മുന്നില്‍ ബിജെപി എംഎല്‍എ ഒപി ശര്‍മ്മയുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകരും അഭിഭാഷകരും നടത്തിയ അക്രമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റു. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ മനു ശങ്കറിനെ ഇവര്‍ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയുണ്ടായി. കൈരളി  പീപ്പിള്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടറായ മനു അഴിമുഖത്തിനോട് സംസാരിക്കുന്നു.

‘ജെ എൻ യു ചെയർ മാൻ കനയ്യ കുമാറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സമയമായതിനാൽ കോടതി മുറിക്കു പുറത്തു അദ്ദേഹത്തെയും കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ. പെട്ടന്ന് ഡൽഹി  ബിജെപി എം എല് എ ഒപി ശർമയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകള് കടന്നു വരുകയും ആര്ക്കും അവിടെ നിൽക്കാൻ അധികാരമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇവരുടെ ആജ്ഞ പാലിക്കാത്ത വനിതാ അധ്യാപകരെയും ഗവേഷക വിദ്യാർത്ഥികളെയും കൈയിൽ  പിടിച്ചു വലിച്ചു പുറത്താക്കുകയായിരുന്നു. ഇത് കണ്ടിട്ടും അറിയാത്ത രീതിയിൽ പോലീസ് നിന്നു. സ്ത്രീകൾ അടക്കമുള്ളവരെ സംഘപരിവാർ ആക്രമിക്കുന്നത് തടയണം എന്ന് പോലീസിനോട് മാധ്യമപ്രവർത്തകരും അഭിഭാഷകരും ആവശ്യപ്പെട്ടു.

കോടതി വളപ്പിൽ നടക്കുന്ന ആക്രമണത്തെക്കുറിച്ച് ചാനലിന്റെ തിരുവനന്തപുരം ഡെസ്കിൽ വാർത്ത വിളിച്ചു നൽകാനായി ഞാൻ മാറി നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. നടപടി എടുക്കാൻ പോലീസിനോട് മാധ്യമ പ്രവർത്തകര്‍ പറഞ്ഞത് കൊണ്ടാകാം, ഒരാൾ ഓടി വന്നു എന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു ദൂരേയ്ക്ക് എറിഞ്ഞു. പിന്നീട് ഇരുമ്പു വടി വീശികൊണ്ട് ഇരുപതോളം പേർ ഓടി വന്നു. കൈകൊണ്ടു ഇവര പലതവണ പ്രഹരിച്ചു. ഇരുമ്പ് വടി പ്രയോഗം തുടങ്ങിയതോടെ ഓടി ജഡ്ജിന്റെ ചേംബറിൽ കയറിയെങ്കിലും അക്രമികൾ പിന്തുടർന്ന് ചേംബറിലുമെത്തി. ഇന്ത്യൻ എക്സ്പ്രസ്സ്‌ ലേഖകർ ഉൾപ്പെടെ മാധ്യമ പ്രവർത്തകർ ഒരു വിധത്തിൽ രക്ഷപെടുത്തി രാം മനോഹ്യർ ലോഹ്യാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’

 
സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധം രേഖപ്പെടുത്തി. യൂണിയന്റെ പത്രക്കുറിപ്പ് ചുവടെ 

ദില്ലി പട്യാലഹൗസ് കോടതി വളപ്പിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഒരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ച നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നു. കൈരളി ടിവിയിലെ റിപ്പോർട്ടർ മനു ശങ്കറിന് മർദ്ദനത്തിൽ പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിലെ സാവിത്രിക്കു നേരെ കൈയ്യേറ്റമുണ്ടായി. പല ദേശീയ മാധ്യമങ്ങളിലെയും റിപ്പോർട്ടർമാർക്ക് മർദ്ദനമേറ്റു. കോടതി വളപ്പിൽ ഒരു സംഘം അഭിഭാഷകരും ഇവർക്കൊപ്പമുള്ളവരും  ഈ അക്രമം നടത്തുമ്പോൾ പോലീസ് കാഴ്ചക്കാരായി നില്ക്കുകയായിരുന്നു. ബി.ജെ.പി എം.എല്‍.എ ഒ.പി.ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം കോടതി വളപ്പിലുണ്ടായിരുന്നു. അവരില്‍ ചിലരാണ് അക്രമം അഴിച്ചു വിട്ടത്. 

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജിജിയെ മർദ്ദിച്ച സംഭവത്തിൽ യൂണിയൻ നിവേദനം നല്കിയ ശേഷം  പല തവണ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും ശക്തമായ നടപടിയെടുക്കാൻ ദില്ലി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ദില്ലി പോലീസും ഭരണകൂടവും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മാധ്യമപ്രവർത്തകർക്ക് നിർഭയം പ്രവർത്തിക്കാനുള്ള അന്തരീക്ഷം പുന:സ്ഥാപിക്കാനും തയ്യാറാകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെടുന്നു. മാധ്യമപ്രവർത്തകർക്കു നേരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കെതിരെ നാളെ രാവിലെ പതിനൊന്നിന് കേരള ഹൗസിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഇതിൽ പങ്കെടുക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍