UPDATES

നരേന്ദ്ര മോദി തലയില്‍ വയ്ക്കുന്ന മുസ്ലിം തൊപ്പി

Avatar

കെ പി മുഹമ്മദ് റംഷാദ്

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി ടി വി സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ ദേശീയ തലത്തില്‍ ബി ജെ പി മുസ്ലീങ്ങളോട് സ്വീകരിക്കുന്ന സമീപനവും നിലപാടുകളും പാര്‍ട്ടി നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയല്ലേ എന്ന ബര്‍ഖ ദത്തിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരത്തിന്റെ മുഖ്യ ചുമതലക്കാരില്‍ ഒരാള്‍ കൂടിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ മറുപടി. അതോടൊപ്പം അദ്ദേഹം മറ്റൊന്ന് കൂടി പറഞ്ഞു; മുസ്ലിം(ങ്ങളോടുള്ള) സമീപനത്തിലെ പ്രശ്‌നത്തില്‍ ബി ജെ പിയും മുസ്ലീങ്ങളും ഒരേ പോലെ പങ്കാളികളാണെന്നും ഈ വസ്തുത മുസ്ലീങ്ങള്‍ മനസ്സിലാക്കുകയും ബി ജെ പി അത് സമ്മതിക്കുകയും ചെയ്യണം. ന്യൂനപക്ഷങ്ങള്‍ക്ക് ബി ജെ പിയോടുണ്ടായിരുന്ന തൊട്ടുകൂടായ്മ അവസാനിച്ചു കൊണ്ടിരിക്കുകയാണെന്ന് പല സംസ്ഥാനങ്ങളിലും ബി ജെ പി മുസ്ലീങ്ങളെ സ്ഥാനാര്‍ഥികളായി നിര്‍ത്താന്‍ തുടങ്ങിയതിന്റെ കണക്കുകള്‍ ഉദ്ധരിച്ചും 1984 ലെ കലാപത്തിനു ശേഷം സിക്ക് സമൂഹവും ഗോവയില്‍ ക്രിസ്ത്യാനികളും ബി ജെ പിയെ മികച്ച രാഷ്ട്രീയ കൂട്ടുകാരായി തിരഞ്ഞെടുത്തതിന്റെയും ചരിത്രം ഉദാഹരിച്ചും ജെയ്റ്റ്‌ലി വിശദീകരിക്കുകയുണ്ടായി. തുടക്കത്തില്‍ തോറ്റാല്‍ പോലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കാന്‍ ബി ജെ പി ശ്രദ്ധ കാണിക്കണം എന്ന സ്വയം വിമര്‍ശനപരമായ ഒരഭിപ്രായവും അദ്ദേഹം ആ അഭിമുഖത്തില്‍ പ്രകടിപ്പിക്കുകയുണ്ടായി. ജെയ്റ്റ്‌ലി ഈ വിശദീകരണം നല്‍കുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചുള്ള ധാരണകള്‍ അവ്യക്തമായിരുന്നു. അതുകൊണ്ട്, എങ്ങനെയും ഇലക്ഷന്‍ ജയിച്ചേ തീരൂ എന്ന് നിര്‍ബന്ധമുള്ള ഒരു പാര്‍ട്ടിയുടെ, മുസ്ലീം വോട്ട് തട്ടിയെടുക്കാനുള്ള മറ്റൊരു തന്ത്രം എന്ന നിലയിലാണ് ഈ വിശദീകരണത്തെ പലരും വിലയിരുത്തിയത്.

ജയ്റ്റ്‌ലിയുടെ ഈ വിശദീകരണം പക്ഷേ കൂടുതല്‍ പ്രസക്തമായത് തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. ഫലം പുറത്തുവന്ന ശേഷം ബി ജെ പിക്ക് ലഭിച്ച മുസ്ലിം വോട്ടുകളെ കുറിച്ച് വിലയിരുത്താന്‍ പാര്‍ട്ടി പ്രത്യേക യോഗം തന്നെ വിളിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ മുസ്ലിം വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 14-15 ശതമാനം വരെ ആയി ഉയര്‍ന്നിട്ടുണ്ട് എന്നായിരുന്നു ബി ജെ പിയുടെ വിലയിരുത്തല്‍. ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച ഒരു തിരഞ്ഞെടുപ്പിന് ശേഷവും, കണക്കുകള്‍ പ്രകാരം മുസ്ലിം വോട്ടുകള്‍ കൂടാതെ തന്നെ ബി ജെ പിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്നു ബോധ്യപ്പെട്ടതിനു ശേഷവുമാണ് പാര്‍ട്ടി ഇങ്ങനെയൊരു വിലയിരുത്തലിനു തുനിഞ്ഞതും അത് പരസ്യമായി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ദല്‍ഹി നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും ബിജെപി ഈ ജാഗ്രത ആവര്‍ത്തിച്ചു. ബിജെപിക്ക് ലഭിച്ച 15 ശതമാനം മുസ്ലീം വോട്ടുകള്‍ കൂടി പരിഗണിച്ചു വേണം ഡല്‍ഹിയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ എന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടെങ്കിലും അരുണ്‍ ജയ്റ്റ്‌ലി സൂചിപ്പിച്ച മുസ്ലിം(ങ്ങളോടുള്ള) സമീപനത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ബി ജെ പി സന്നദ്ധമായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് മേല്‍ സംഭവങ്ങള്‍ നല്‍കുന്ന സൂചന.

ആത്യന്തികമായി ന്യൂനപക്ഷ വിരോധം, പ്രത്യേകിച്ചും അതിലെ മുസ്ലിങ്ങളോടുള്ള വിയോജിപ്പുകള്‍ പ്രധാനപ്പെട്ട ആശയമായി ഉയര്‍ത്തിക്കാണിക്കുകയും അതിലൂടെ ഹിന്ദുക്കളുടെ ഏകീകരണവും അതുവഴി അധികാരത്തില്‍ എത്താന്‍ കഴിയുകയും ചെയ്യും എന്ന് വിശ്വസിക്കുന്ന ബി ജെ പിയുടെ ഭാവപ്രകടനത്തില്‍ ഇങ്ങിനെയൊക്കെ മാറ്റം സംഭവിക്കുമോ? 1999-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപിക്ക് അകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അഭ്യന്തര മാറ്റങ്ങള്‍ മനസ്സിലാക്കിയാലേ മേല്‍ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുകയുള്ളൂ.

1999-ലെ ഇലക്ഷന്‍ വിജയത്തിന് ശേഷം ബിജെപി ചെന്നൈയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും തുടര്‍ന്ന് പുറത്തിറക്കിയ 16 പേജോളം വരുന്ന രാഷ്ട്രീയ നയരേഖയും ബിജെപിയില്‍ സംഭവിക്കാനിരിക്കുന്ന ഘടനാപരവും രാഷ്ട്രീയപരവുമായ മാറ്റങ്ങളിലേക്ക് സൂചന നല്‍കുന്നതായിരുന്നു. ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ടു എല്‍.കെ അദ്വാനി പറഞ്ഞു; ‘പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുവന്ന ബി ജെ പിയെ സംബന്ധിച്ചടുത്തോളം മാറ്റത്തിന്റെ മറ്റൊരു ഘട്ടമാണിത്. സിദ്ധാന്തങ്ങളാല്‍ നാം ബന്ധിതരാവരുത്. ദേശീയമായ താല്പര്യങ്ങളെയും പ്രാദേശികമായ ആഗ്രഹങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നാവണം നമ്മുടെ രാഷ്ട്രീയം’. തങ്ങളുടെ രാഷ്ട്രീയത്തിന്റെ മര്‍മ്മപ്രധാന ഭാഗമായി ബി ജെ പി അതുവരെയും കൊണ്ടുനടന്നിരുന്ന ആശയപരമായ കടുംപിടുത്തങ്ങളില്‍ പാര്‍ട്ടി തന്നെ ഔദ്യോഗികമായി വെള്ളം ചേര്‍ക്കുന്നതാണ് അദ്വാനി അവതരിപ്പിച്ച ബി ജെ പിയുടെ രാഷ്ട്രീയ ‘പരിണാമ സിദ്ധാന്തത്തില്‍’ നാം കണ്ടത്. ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതിരിക്കുകയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്ത ഒരു സാഹചര്യത്തില്‍ ബി ജെ പിക്ക് എടുക്കാന്‍ കഴിയുമായിരുന്ന ഒരു സ്വാഭാവിക തീരുമാനം മാത്രമായിരുന്നില്ല അതെന്നു മനസ്സിലാക്കാന്‍ ഈ പരിണാമ സിദ്ധാന്തത്തിന്റെ പിന്നീടുണ്ടായ വ്യാഖാനങ്ങള്‍ പരിശോധിച്ചാല്‍ മതി. അതില്‍പെട്ടതാണ് മുസ്ലിം(ങ്ങളോടുള്ള) സമീപനത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ജയറ്റ്‌ലിയുടെ വിലയിരുത്തലും മറ്റും. ദേശീയമായ താത്പര്യങ്ങളെയും പ്രാദേശികമായ ആഗ്രഹങ്ങളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നതിലേക്ക് വ്യത്യസ്തമായ വിശ്വാസി വിഭാഗങ്ങളുടെ താല്പര്യങ്ങളും എന്നുകൂടി കൂട്ടി ചേര്‍ക്കാനുള്ള പരിശ്രമാത്തിലാണോ പാര്‍ട്ടി എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

ബിജെപിക്കകത്ത് മാത്രം ഒതുങ്ങിനില്ക്കുന്ന സംവാദങ്ങളോ സംഭവവികാസങ്ങളോ അല്ല പാര്‍ട്ടിയെക്കൊണ്ട് ഇങ്ങിനെയുള്ള നിലപാടുകള്‍ എടുപ്പിച്ചത്. അധികാരത്തില്‍ എത്തിയതോടെ, ബിജെപിക്ക് വന്ന സ്വാഭാവികമായ പരിണാമങ്ങളും ഇതില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. അധികാരം വേണോ, അതോ തത്വശാസ്ത്രം മാത്രം മതിയോ എന്നതായിരുന്നു അദ്വാനിയുടെ ‘പരിണാമ സിദ്ധാന്തത്തിന്റെ’ പ്രധാന ഊന്നലും ചോദ്യവും. അതുകൊണ്ട് തന്നെ പ്രായോഗിക രാഷ്ട്രീയത്തില്‍ പലപ്പോഴും ബിജെപിക്ക് അതിന്റെ അടിസ്ഥാന ആശയസംഹിതകളില്‍ സന്ധി ചെയ്യേണ്ടി വന്നിട്ടുണ്ട്. ദേശീയത അടിസ്ഥാന മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടി തന്നെയാണ് ആദ്യമായി ഓഹരിവിറ്റഴിക്കല്‍ മന്ത്രാലയം സ്ഥാപിച്ചതും പല സുപ്രധാന മേഖലകളിലും വിദേശ നിക്ഷേപത്തിന്റെ പരിധികളില്‍ ഇളവുകള്‍ കൊണ്ട് വന്നതും എന്നത് വൈരുദ്ധ്യമായി തോന്നാമെങ്കിലും അദ്വാനി സൂചിപ്പിച്ച ബി ജെ പിയുടെ പരിണാമത്തിലെ ഒരു ഘട്ടമായിരുന്നു അത്. നരേന്ദ്ര മോദിയിലെത്തുമ്പോള്‍ ഈ വൈരുധ്യം കുറേക്കൂടി വികസിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും.

ആഭ്യന്തരവും വൈദേശികവുമായ വിവിധ താല്പര്യങ്ങളെ സമരസപ്പെടുത്തിക്കൊണ്ടും പുതിയകാലത്തെ മാറ്റങ്ങളെ ഉള്‍കൊണ്ടുകൊണ്ടും വേണം ബി ജെ പി പെരുമാറാന്‍ എന്ന ചെന്നൈ ആഹ്വാനത്തിന്റെ അനന്തര ഫലങ്ങളായിരുന്നു ഇവയൊക്കെയും. അതുകൊണ്ടുതന്നെ ബി ജെ പിയുടെ ഭരണത്തില്‍ എമ്പാടും വൈരുധ്യങ്ങള്‍ കാണാന്‍ നമുക്ക് കഴിയും. ശിവസേനയുടെ എതിര്‍പ്പുകളെ അവഗണിച്ചും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു നരേന്ദ്ര മോദി ക്ഷണിച്ചതും, മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ ശിവസേനയുമായി തെറ്റി ഒറ്റയ്ക്ക് നില്‍ക്കാന്‍ ബിജെപിക്ക് ധൈര്യം നല്‍കിയതുമൊക്കെ ഈ പരിണാമ സിദ്ധാന്തത്തിന്റെ പിന്‍ബലത്തിലാണ്. ഈ വ്യത്യാസങ്ങള്‍ ഇനിയും ശക്തിപ്പെടുമെന്നും, അത് ആര്‍എസ്എസ്സില്‍ നിന്ന് തന്നെ ബിജെപി വിട്ടുപോരുന്നതില്‍ എത്തിച്ചേരുമെന്നും കണക്കു കൂട്ടുന്നവരുണ്ട്. ബിജെപിയില്‍ മാത്രമല്ല, ആര്‍ എസ് എസ്സിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. നിലവിലുള്ള ജാതി സമവാക്യങ്ങള്‍ കൊണ്ട് സംഘത്തിന് ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അതിനാല്‍ കൂടുതല്‍ പിന്നാക്ക ജാതിക്കാരെ സംഘ് നേതൃത്വത്തില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നുമുള്ള നിലപാടാണ് ഇപ്പോള്‍ സംഘിനുള്ളത്. ബിജെപിയാകട്ടെ വലതുപക്ഷ പാര്‍ട്ടി എന്ന ഇമേജില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് ഒരു സെന്റര്‍-റൈറ്റ് നിലപാടിലെക്കെങ്കിലും എത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ പാടുപെടേണ്ടി വരും എന്ന നിലപാടിലാണ്. അദ്വാനിയുടെ പരിണാമ സിദ്ധാന്തവും ബംഗാരുവിന്റെ ലക്ഷ്മണ രേഖയും ഇക്കാര്യം അടിവരയിടുന്നുണ്ട്. ബിജെപിയിലെ അടുത്ത തലമുറയുടെ സമീപനങ്ങള്‍ ഇത്തരം രാഷ്ട്രീയ മാറ്റങ്ങളുടെ ആക്കം കൂട്ടുമെന്നും അങ്ങനെ ബിജെപി തികഞ്ഞ ഒരു ആധുനിക രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്നുമാണ് ഇക്കൂട്ടര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്. മുസ്ലിം(ങ്ങളോടുള്ള) സമീപനത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ജയറ്റ്‌ലിയുടെ സ്വയം വിമര്‍ശനപരമായ നിരീക്ഷണങ്ങളെ ഈ മാറ്റത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ കാണുന്നത്.

ഇന്ത്യയിലെ മുസ്ലിങ്ങളോട് രാഷ്ട്രീയമായ തൊട്ടുകൂടായ്മ തുടരുന്ന ബി ജെ പി, മുസ്ലിങ്ങളോടുള്ള തങ്ങളുടെ സമീപനത്തിലെ പ്രശ്‌നങ്ങളെ സമ്മതിക്കും വിധത്തില്‍ മുസ്ലിങ്ങളെ വിശ്വാസത്തിലെടുക്കുന്ന പരസ്യമായ നീക്കുപോക്കുകള്‍ക്ക് തയ്യാറാണോ എന്നത് ഈ ‘പരിണാമ സിദ്ധാന്തം’ നേരിടുന്ന പ്രധാനപ്പെട്ട ചോദ്യമാണ്. 2000-ല്‍ നാഗ്പൂരില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യുട്ടീവില്‍ അന്നത്തെ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ അവതരിപ്പിച്ച പത്തിന സോഷ്യല്‍ അജണ്ടയിലെ പ്രധാനപ്പെട്ട ചോദ്യവും ഇതേ കുറിച്ചുള്ളതായിരുന്നു. മുസ്ലിങ്ങളെ ബിജെപിയിലേക്ക് ക്ഷണിക്കുക മാത്രമല്ല, മഹല്ലുകളില്‍ പോയി ബി ജെ പി നേതാക്കള്‍ മുസ്ലിങ്ങളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കണമെന്ന് നിര്‍ദേശിക്കുക കൂടി ചെയ്തു ലക്ഷ്മണ്‍. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബി ജെ പി തുടങ്ങി വെച്ച ഇത്തരം മുസ്ലിം സൗഹൃദ ലൈനിനു ഉദ്ദേശിച്ച പ്രതികരണം മുസ്ലിങ്ങളില്‍ നിന്നും സംഘ് പരിവാരത്തില്‍ നിന്നും ഉടനെയൊന്നും ലഭിച്ചില്ലെങ്കിലും കാര്യങ്ങള്‍ മാറി വരികതന്നെയാണ്. അങ്ങനെയൊരു മുസ്ലിം സൗഹൃദ നീക്കത്തിന് ബി ജെ പി മാത്രമല്ല, അവരുടെ ‘എളുപ്പം വഴങ്ങാത്ത’ നരേന്ദ്ര മോദിയും തയ്യാറാണ് എന്നാണു സമീപകാലത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍, ഓള്‍ ഇന്ത്യ മശാഇഖ് ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, മുസ്ലിം വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികള്‍ , ഇന്ത്യയിലെ പ്രശസ്തമായ ദര്‍ഖകളായ അജ്മീര്‍, ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഖകളുടെ മേല്‍നോട്ടക്കാര്‍ എന്നിങ്ങനെ ഇന്ത്യയിലെ പ്രബലരായ 40 മുസ്ലിം പണ്ഡിതന്മാരും സമുദായ നേതാക്കളും ഈയിടെ മോദിയെ സന്ദര്‍ശിച്ചതിനെ ഈ സാഹചര്യത്തില്‍ കൂടി വേണം മനസ്സിലാക്കാന്‍. ഇത് മൂന്നാം തവണയാണ് വ്യത്യസ്ത മുസ്ലിം നേതാക്കള്‍ മോദിയെ സന്ദര്‍ശിക്കുന്നതെങ്കിലും മോദി ക്ഷണിച്ചു വരുത്തി നടത്തിയ ആദ്യത്തെ ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത് എന്നതാണ് പുതിയ സന്ദര്‍ശനത്തെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത്. മുമ്പ് നടന്ന സന്ദര്‍ശനങ്ങള്‍ നേരത്തേ തന്നെ ബി ജെ പിയോട് പ്രത്യക്ഷമായി അനുഭാവം പുലര്‍ത്തിയ ചില പ്രാദേശിക മുസ്ലിം നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ടതായിരുന്നു. ഇപ്പോഴാകട്ടെ, ബി ജെ പിയോട് പ്രകടമായ രാഷ്ട്രീയ വിയോജിപ്പുകള്‍ പലപ്പോഴായി പ്രകടിപ്പിച്ച, ഇന്ത്യയിലെമ്പാടും ശക്തമായ വേരോട്ടമുള്ള വിവിധ മുസ്ലിം പ്രസ്ഥാനങ്ങളുടെയും സൂഫീ സ്ഥാപനങ്ങളുടെയും നേതാക്കളെയും വക്താക്കളെയുമാണ് മോദി ചര്‍ച്ചക്കായി ക്ഷണിച്ചത്. ഒരിക്കല്‍ ഗുജറാത്തിലെ ഒരു മുസ്ലിം നേതാവ് വെച്ചു നീട്ടിയ തൊപ്പി ധരിക്കാന്‍ തയ്യാറാകാതിരുന്ന മോദി, ഇത്തവണ മുസ്ലിം നേതാക്കളില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി എന്നതിലും ആ ഉപഹാരങ്ങളെല്ലാം തന്നെ ഇന്ത്യയിലെ മുസ്ലിങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളെ കൊണ്ട് ഉണ്ടാക്കിയതായിരുന്നുവെന്നതിനെയും എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ബിജെപിയുടെ മുസ്ലിം(ങ്ങളോടുള്ള) സമീപനത്തെ അഭിസംബോധന ചെയ്യാന്‍ പാര്‍ട്ടി മാത്രമല്ല മുസ്ലിങ്ങളും ഒരുപോലെ തയ്യാറാകുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വായിക്കാന്‍ പറ്റുമോ?.

ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളും ചര്‍ച്ചയോട് പ്രതികരിച്ചു കൊണ്ട് മോദി നടത്തിയ പരാമര്‍ശങ്ങളും അങ്ങനെയൊരു സൂചനയാണ് നല്‍കുന്നത്. ചര്‍ച്ചക്ക് ശേഷം ആകാശവാണിയിലൂടെ മോദി നടത്തിയ ‘മന്‍ കി ബാത്ത്’ പ്രഭാഷണത്തിലും മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയുടെ കാര്യം അദ്ദേഹം വിശദമായി തന്നെ പരാമര്‍ശിച്ചു; ‘കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് സൂഫി പരമ്പരയിലെ പണ്ഡിതരെ കണ്ടുമുട്ടുവാനും അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുമുള്ള അവസരം ലഭിച്ചു. ഒരുതരത്തില്‍ ഒരു സംഗീതം പൊഴിയുന്ന പോലെ ആയിരുന്നു അത്. അവരുടെ ശബ്ദവിന്യാസങ്ങളും, അവരുടെ സംഭാഷണശൈലിയും ഉദാരവും സൗമ്യവുമായിരുന്നു. അതില്‍ സംഗീതത്തിന്റെ താളലയങ്ങളുണ്ട്. ഇസ്ലാമിക സുഫീ പാരമ്പര്യത്തിന്റെ എല്ലാ അനുഭൂതികളും ഈ പണ്ഡിതന്മാരില്‍നിന്നും എനിക്ക് ലഭിച്ചു. എനിക്കത് നല്ലതായി തോന്നി. ഒരുപക്ഷേ, ലോകത്തിന് ഇസ്ലാമിന്റെ ശരിയായ സന്ദേശത്തെ ശരിയായ രൂപത്തില്‍ എത്തിക്കുക എന്നത്തേക്കാളും അത്യാവശ്യമാണ്. ഈ പണ്ഡിതന്മാരുടെ പരമ്പര സ്‌നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഉദാരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാമിന്റെ ഈ സന്ദേശത്തെ അവര്‍ ദൂരസ്ഥലങ്ങളില്‍വരെ എത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്നും മാനവസമൂഹത്തിന് നേട്ടമുണ്ടാകും. ഇസ്ലാം സമൂഹത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യും’ (നരേന്ദ്ര മോദി, മാന്‍ കി ബാത്ത് , ആകാശവാണി, 2015 ആഗസ്റ്റ് 30).ആരാണ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത് എന്ന് വ്യക്തമാക്കാതെ മേല്‍ പ്രഭാഷണം ഒരാളെ വായിച്ചു കേള്‍പ്പിച്ചാല്‍ മോദിയുടെതാണ് ഈ വാക്കുകള്‍ എന്ന് അയാളെ വിശ്വസിപ്പിക്കുക പ്രയാസകരമായിരിക്കും. ഇന്ത്യയിലെ മുസ്ലിങ്ങളുമായി സമരസ്സപ്പെടാന്‍ അത്രയേറെ സന്നദ്ധത ബി ജെ പിയും മോദിയും പ്രകടിപ്പിച്ചു കഴിഞ്ഞുവെന്നു ചുരുക്കം.

മുസ്ലിം(ങ്ങളോടുള്ള) സമീപനത്തെ കുറിച്ച് സംസാരിക്കാന്‍ ബി ജെ പിയും മോദിയും പ്രത്യക്ഷമായി കാണിച്ച ഈ സന്നദ്ധതയോടു മുസ്ലിങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ബിഹാര്‍ ഇലക്ഷനില്‍ മുസ്ലിം വോട്ടു തട്ടാനുള്ള തന്ത്രം, കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗം എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ നടത്താവുന്ന വിമര്‍ശനങ്ങള്‍ മാത്രമാണ്. ഏതാണ്ട് അറുപതു വര്‍ഷത്തോളം മതേതര രാഷ്ട്രീയ പാര്‍ട്ടികളെ സഹിച്ച മുസ്ലിങ്ങള്‍ക്ക്, ബി ജെ പിയുമായി ചര്‍ച്ചകള്‍ തുടരുന്നതിന് എന്തെങ്കിലും തടസ്സമുണ്ടാവേണ്ട കാര്യമില്ല എന്ന നിലപാട് പല മുസ്ലിം സമുദായ നേതാക്കളും സ്വീകരിച്ചു കഴിഞ്ഞു. ബി ജെ പിയെ കാട്ടി പേടിപ്പിച്ച് മുസ്ലിം വോട്ടുകള്‍ സ്വരൂപിക്കാനുള്ള തന്ത്രം എന്ന നിലയില്‍ കവിഞ്ഞ് മുസ്ലിം പ്രശ്‌നങ്ങളോട് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ അടിസ്ഥാനപരമായി എന്ത് നിലപാടാണ് പുലര്‍ത്തിയത്? സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയ രാജ്യത്തെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയെ സ്ഥിരമായ ഒരു രാഷ്ട്രീയ സാഹചര്യമായി നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സിന്റെ താല്പര്യം എന്തായിരുന്നു? തിരഞ്ഞെടുപ്പ് കാലത്തെ മതേതര മുഖം മാറ്റിനിര്‍ത്തിയാല്‍ ഈ പാര്‍ട്ടികളും ബി ജെ പിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ബി ജെ പിയെ മതേതര മുഖമുള്ള തികഞ്ഞ ഒരാധുനിക പാര്‍ട്ടിയാക്കി മാറ്റാന്‍ അതിലെ മുസ്ലിം പ്രാതിനിധ്യം കൊണ്ട് സാധിക്കുമെങ്കില്‍ അതില്‍ നിന്നും മുസ്ലിങ്ങള്‍ മാത്രം മാറി നില്‍ക്കേണ്ടതുണ്ടോ? ബി ജെ പിയുടെ മുസ്ലിം പ്രശ്‌നവും ഗുജറാത്തില്‍ നടന്നതുപോലെയുള്ള അതിന്റെ ആവിഷ്‌കാരങ്ങളും പ്രത്യക്ഷമായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന്റെ മുസ്ലിം പ്രശ്‌നവും അതിന്റെ ആവിഷ്‌കാരങ്ങളും അദൃശ്യമായിരുന്നു എന്നതല്ലേ ശരി? കോണ്‍ഗ്രസ്സിന്റെ മേല്‍നോട്ടത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപങ്ങളെക്കുറിച്ച് മുസ്ലിങ്ങള്‍ എളുപ്പത്തില്‍ മറന്നതെങ്ങനെയാണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം തന്നെ പല മുസ്ലിം നേതാക്കളും, പ്രത്യേകിച്ചും അതിലെ പുതിയ തലമുറ ഇതിനകം തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. ബി ജെ പിയുമായി ഇന്ന് മുസ്ലിങ്ങള്‍ക്കുള്ള വിയോജിപ്പുകളേക്കാള്‍ ശക്തമായ എതിര്‍പ്പ് മുസ്ലീങ്ങള്‍ കോണ്‍ഗ്രസ്സിനോട് പുലര്‍ത്തിയിരുന്ന കാലമാണ് ഉദാഹരണമായി ഈ വാദക്കാര്‍ എടുത്തുകാണിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കില്ല എന്ന് പോലും നിലപാടെടുത്ത മുസ്ലിം പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അവിടെ നിന്നും കോണ്‍ഗ്രസ്സുമായി മുന്നണി ബന്ധം പുലര്‍ത്തുന്നതിലേക്ക് പിന്നീട് മുസ്ലിങ്ങളും കോണ്‍ഗ്രസ്സും മാറി. ‘രാജ്യത്തെ മുസ്ലിം സമുദായം പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുന്നതില്‍ ചില ശക്തികള്‍ എതിര്‍ക്കുന്നുണ്ടെന്നും ഇത്രയുംകാലം മുസ്ലിം സമുദായത്തിന് പ്രധാനമന്ത്രിമാരുമായി ബന്ധപ്പെടുന്നതിന് ചില ഇടനിലക്കാരുടേയും വോട്ടുബാങ്കുകാരുടേും സഹായം ആവശ്യമായിരുന്നു എന്നും ഇനി അതു വേണ്ടിവരില്ലെന്ന് കരുതുന്നു’ എന്നും മോദിയോടു തന്നെ മുസ്ലിം നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചത് മേല്‍ ചോദ്യങ്ങളുടെ ഉത്തരം എന്ന നിലയില്‍ കൂടിയാവണം.

ബി ജെ പിയുമായുള്ള ഈ സൗഹൃദത്തിന് എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പ്രത്യേകിച്ചും ഗുജറാത്ത് കലാപത്തിനു ശേഷമുള്ള മോദിയുമായാണ് ഈ ചര്‍ച്ചകള്‍ എന്നത് എതിര്‍പ്പിന്റെ രൂക്ഷത കൂട്ടും. ഗുജറാത്ത് കലാപത്തെ കുറിച്ച് രാജ്‌നാഥ് സിംഗ് പ്രകടിപ്പിച്ചതുപോലുള്ള ഖേദമെങ്കിലും മോദി പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഈ എതിര്‍പ്പുകളെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമായിരുന്നു. അതിനു മോദി തയ്യാറാകുമോ, അങ്ങിനെയൊരു രാഷ്ട്രീയാവസ്ഥയിലേക്ക് മോദിയെ എത്തിക്കാന്‍ മോദിക്ക് സംഗീതാത്മകമായി തോന്നിയ മുസ്ലിം നേതാക്കളുടെ സംസാരങ്ങള്‍ക്ക് കഴിയുമോ എന്നത് പ്രധാനപ്പെട്ട ഒരാശങ്കയായി മുസ്ലിം സമുദായത്തില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പ്രധാനമായും രണ്ടു ഭാഗങ്ങളില്‍ നിന്നാണ് എതിര്‍പ്പുകള്‍ വരുന്നത്. ഒന്ന് സ്വാഭാവികമായും മുസ്ലിങ്ങളെ വോട്ടു ബാങ്കായി കരുതിപ്പോന്ന രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന്. ഏറ്റവുമൊടുവില്‍ കേരളത്തില്‍ നടന്ന അരുവിക്കര തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ജയിച്ചേക്കും എന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിനു അനുകൂലമായി എകീകരിക്കപ്പെടാന്‍ കാരണമായി എന്നാണു പലരുടെയും വിലയിരുത്തല്‍. രണ്ടാമത്തെ എതിര്‍പ്പ് മുസ്ലിം സംഘടനകളില്‍ നിന്നാണ്. കേരളം പോലെയുള്ള മുസ്ലിം സംഘടനകളുടെ വൈവിധ്യം കൂടിയ സ്ഥലങ്ങളില്‍ ഈ എതിര്‍പ്പുകള്‍ സ്വാഭാവികമായും രൂക്ഷമാകും. രാഷ്ട്രീയമായ വിയോജിപ്പുകളേക്കാള്‍ ഈ സംഘടനകള്‍ക്കിടയിലെ അഭ്യന്തര പ്രശ്‌നങ്ങളെയും അകല്‍ച്ചകളെയും രൂക്ഷമാക്കിയെടുക്കാന്‍ കിട്ടാവുന്ന മികച്ച അവസരം എന്ന നിലയില്‍ കൂടിയാണ് കേരളത്തില്‍ ഇത്തരം വിയോജിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈയിടെ മോദിയെ സ്വീകരിക്കാന്‍ ദുബായില്‍ കാത്തുനിന്ന മുസ്ലിം നേതാക്കള്‍ക്ക് പോലും കേരളത്തില്‍ മറിച്ചൊരു നിലപാടെടുക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. ഇന്ത്യയിലെ പ്രശസ്തമായ ദിയോബന്ദ് ഇസ്ലാമിക് സെമിനാരിയിലെ അധികാരത്തര്‍ക്കങ്ങളെ രൂക്ഷമാക്കുകയും ഒടുവില്‍ മൌലാനാ ഗുലാം മുഹമ്മദ് വാസ്തന്‍ വിയെ റെക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കുന്നതില്‍ ദിയോബന്ദ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന പ്രാദേശിക താല്‍പര്യങ്ങള്‍ വിജയിക്കുകയും ചെയ്തത് വാസ്തന്‍ വി മോദി അനുകൂലിയാണ് എന്ന ആരോപണം ഉയര്‍ത്തിയാണ്. മുസ്ലിങ്ങള്‍ക്കിടയിലെ അഭ്യന്തര തര്‍ക്കങ്ങളിലെ മികച്ച ആയുധമാണ് മോദിയെന്നു പുറത്താക്കപ്പെട്ട ശേഷം വാസ്തന്‍ വി തന്നെ വ്യക്തമാക്കുകയുണ്ടായി.

മോദിയും മുസ്ലിം നേതാക്കളും ചര്‍ച്ച നടത്തുകയും ഉപഹാരം കൈമാറുകയും ചെയ്തു എന്നതിന്റെ അര്‍ത്ഥം രണ്ടു ഭാഗത്തെയും ഇതുവരെയും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ ഇരുകൂട്ടരും അവസാനിപ്പിച്ചു എന്നല്ല. പക്ഷെ, ഇത് തീര്‍ച്ചയായും ഒരു സൂചനയാണ്. ഈ സൂചനയെ രണ്ടു വിഭാഗത്തിനും ഗുണം ലഭിക്കാന്‍ കഴിയും വിധം മാറ്റിയെടുക്കാന്‍ കഴിയുമോ എന്നതായിരിക്കും ബിജെപിയും മുസ്ലിങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഈ സൗഹൃദത്തെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കും എന്നുറപ്പാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നും ഇതുവരെ അനുഭവിച്ച രക്ഷാകര്‍തൃത്വ മനോഭാവം തങ്ങള്‍ക്കാവശ്യമില്ല, നേരിട്ടുള്ള ചര്‍ച്ചകളും പരിഹാരങ്ങളും എന്നതാണ് തങ്ങളുടെ നിലപാടെന്ന് മുസ്ലിം നേതാക്കളും അറിയിച്ചു കഴിഞ്ഞു. അതുവഴി മുസ്ലിം സമുദായം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗമായി ഇതിനെ മാറ്റിയെടുക്കാന്‍ മുസ്ലിം നേതാക്കളും സ്വാഭാവികമായും ശ്രമിക്കും. അങ്ങനെ രണ്ടു പക്ഷത്തിനും ഗുണകരമായി ഭവിക്കുന്ന ഒരു രാഷ്ട്രീയബന്ധം സാധ്യമായാല്‍ അത് രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ തന്നെ കീഴ്‌മേല്‍ മറിച്ചേക്കും. മുസ്ലിങ്ങള്‍ കണ്ടു ശീലിച്ച കോണ്‍ഗ്രസ്സിന്റെ പുതിയൊരു അവതാരം മാത്രമായിത്തീരണമോയെന്നു ബി ജെ പിയും രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് കണ്ടെത്താറുള്ള ഉത്തരേന്ത്യന്‍ മൗലാനമാരുടെ മറ്റൊരു രൂപം മാത്രമായി ചുരുങ്ങണോ എന്നും അതല്ലെങ്കില്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ താത്കാലികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള പരിഹാരമായിട്ടാവുമോ ഈ ബന്ധത്തെ മുസ്ലിം നേതാക്കള്‍ ഉപയോഗപ്പെടുത്തുക എന്നതിനെയും ആശ്രയിച്ചിരിക്കും ഈ ബന്ധത്തിന്റെ ഭാവി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, വര്‍ഗീയത, മതേതരത്വം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്കപ്പുറത്തേക്ക് നീളുന്ന രാഷ്ട്രീയ ആലോചനകള്‍ക്ക് തുടക്കമിടാനും മുസ്ലിം രാഷ്ട്രീയ അസ്തിത്വത്തെ കുറിച്ചുള്ള പുതിയ ആലോചനകള്‍ ആരംഭിക്കാനും ഈ ഉദ്യമം വഴിവെക്കും. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സാഹചര്യങ്ങളോട് സംവദിച്ചും അവയെ സ്വാംശീകരിച്ചും മാത്രമേ ഏതൊരു പ്രത്യയശാസ്ത്രത്തിനും നിലനില്‍ക്കാനൊക്കുകയുള്ളൂ. ഹിന്ദുത്വതയ്ക്കും ഇന്ത്യയിലെ മുസ്ലിം ജീവിതങ്ങള്‍ക്കും മാത്രം ഇത്തരം പരിണാമങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലല്ലോ.

പക്ഷേ ബി ജെ പിയുടെ ഇത്തരം പരിണാമങ്ങളോടുള്ള , ബി ജെ പി യിലെ തന്നെ തീവ്ര വിഭാഗത്തിന്റെ പ്രതികരണം എന്തായിരിക്കും എന്നത് പ്രധാനമാണ്. ബീഫ് കഴിച്ചു എന്നാരോപിച്ചു പ്രാദേശിക ബി ജെ പി നേതാക്കളുടെ കൂട്ടം മുസ്ലിം വിശ്വാസിയെ അടിച്ചു കൊന്ന ദാദ്രി സംഭവത്തെ ന്യായീകരിച്ചുകൊണ്ട് സാക്ഷി മഹാരാജിനെയും മഹേഷ് ശര്‍മ്മയെയും സ്വാധി പ്രാച്ചിയെയും പോലുള്ളവരുടെ പ്രതികരണവും ഇത്തരം പ്രതികരണങ്ങളെ അവഗണിക്കണം എന്ന മോദിയുടെയും ദാദ്രി സംഭവം രാജ്യത്തിന് അപമാനകരമാണെന്ന അരുണ്‍ ജയ്റ്റ്‌ലിയെപോലുള്ളവരുടെ അഭിപ്രായവും മുസ്ലിങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ സംഘ് പരിവാരിനുള്ളില്‍ നിലനില്‍ക്കുന്ന അഭ്യന്തര സംഘര്‍ഷത്തെയാണ് വെളിപ്പെടുത്തുന്നത്. ഭരണത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഭരണ തുടര്‍ച്ച ഉറപ്പുവരുത്തുന്ന കാര്യത്തിലും ബി ജെ പി നേരിടാന്‍ പോകുന്ന വലിയ ഭീഷണി മതേതരവാദികളില്‍ നിന്നായിരിക്കില്ല, സാക്ഷി മഹാരാജിനെയും മഹേഷ് ,സ്വാധി പ്രാച്ചിയെയും പോലുള്ളവരില്‍ നിന്നായിരിക്കും. ആ ഭീഷണിയെ ബി ജെ പി എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ബി ജെ പി യുടെ മുസ്ലിം(ങ്ങളോടുള്ള) സമീപനത്തിന്റെ ഭാവിയും.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍