UPDATES

ബിജെപി ദേശീയ കൌണ്‍സില്‍ വൈറല്‍ വീഡിയോ; മാധ്യമ വിദ്യാര്‍ത്ഥിക്കെതിരെ സംഘപരിവാറിന്റെ കൊലവിളി

അഴിമുഖം പ്രതിനിധി 

ബിജെപി ദേശീയ കൗണ്‍സില്‍ കഴിഞ്ഞ കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മാധ്യമ വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ വധഭീഷണി. നിലമ്പൂര്‍ പൂക്കോട്ടുമ്പാടം സ്വദേശി ഷമീര്‍ കാസിമിനെതിരെയാണ് ബിജെപി പ്രവര്‍ത്തകര്‍ സമൂഹ്യമാധ്യമങ്ങളിലും പുറത്തും കൊലവിളി നടത്തുന്നത്.

“ബിജെപി സമ്മേളനം കഴിഞ്ഞു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു കിടക്കുന്ന കോഴിക്കോട് കടപ്പുറം ഞാന്‍ മൊബൈലില്‍ ഷൂട്ട്‌ ചെയ്ത് ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന സ്വച്ഛഭാരത്‌ പരിപാടിയുടെ പേരില്‍ ഒരുപാട് പ്രസംഗങ്ങള്‍ നടത്തുകയും കയ്യടി വാങ്ങുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പാര്‍ട്ടി പരിപാടിക്കുശേഷം  ഉണ്ടായിരുന്ന അവസ്ഥ ചിത്രീകരിക്കുക മാത്രമായിരുന്നു ലക്ഷ്യം. സ്വച്ഛഭാരതം എന്ന ആശയം വെറും പ്രസംഗങ്ങള്‍ കൊണ്ട് മാത്രം നടപ്പിലാക്കാന്‍ കഴിയുകയില്ലെന്നും സ്വന്തം അണികളെപ്പോലും അതിലേക്ക് ആകൃഷ്ടരാക്കാന്‍  പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ല എന്നും ആ ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് മനസ്സിലാകും. ഇതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. എന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ തപ്പിപ്പിടിച്ച് അതിന്‍റെ സ്ക്രീന്‍ ഷോട്ട് എടുത്ത്  ഈ പട്ടിപെറ്റ മോനെ എവിടെ കണ്ടാലും തിരിച്ചറിയണം, നിലമ്പൂര്‍കാരനാണ് ഇവന്‍, നിനക്കുള്ള പണി ഞങ്ങള്‍ തരും എന്നൊക്കെ പറഞ്ഞു കൊണ്ട് പ്രചരണം നടത്തി. എന്‍റെ ഉപ്പയെയും ഉമ്മയും സഹോദരിയേയും ഒക്കെ അപമാനിച്ചു തെറി വിളിച്ചു. അതും പോരാഞ്ഞിട്ട് എന്നെ കൊല്ലും, കൈവെട്ടും,കാല്‍വെട്ടും എന്നൊക്കെ പറഞ്ഞു നാട്ടില്‍ പ്രകടനം നടത്തിഞാന്‍ മതതീവ്രവാദിയാണ് എന്നൊക്കെ ഉള്ള തരത്തിലാണ് പ്രചരണം നടത്തുന്നത്. ഒരു മാധ്യമ വിദ്യര്‍ത്ഥി എന്ന നിലയിലാണ് ഞാന്‍ ആ വാര്‍ത്ത കൊടുത്തത്. ഇത്രയും തെറി വിളിക്കാനും അപമാനിക്കാനും, ഭീഷണിപ്പെടുത്താനും ഞാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കെട്ടിച്ചമച്ച വാര്‍ത്ത ഒന്നുമല്ല അത്. സത്യസന്ധമായ നടന്ന കാര്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. അതിനാണ് ഇങ്ങനെയൊക്കെ.” ഷമീര്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റവും ആദ്യം നടപ്പിലാക്കിയ പദ്ധതികളില്‍ ഒന്നാണ് സ്വച്ഛഭാരത്‌ പരിപാടി. ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ പുറകില്‍ നില്‍ക്കുന്ന ഇന്ത്യയെ ലോകത്തെ വൃത്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കൊണ്ട് വരും എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനായി ചൂലുമെടുത്ത് ഇറങ്ങി പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സ്വന്തം അണികള്‍ പോലും ഇതിന്‍റെ അന്തഃസത്ത മനസിലാക്കുന്നില്ല എന്നതിന് ഉദാഹരണമായിട്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇത്ര കൊട്ടിഘോഷിച്ച് നടന്ന സമ്മേളനത്തെ പരിസ്ഥിതി സൌഹൃദമാക്കാന്‍ സാധിച്ചില്ല എന്നാണ് ഉയരുന്ന ചോദ്യം. ഷമീര്‍ കാസിമിന്റെ ഫേസ്ബുക്ക് വീഡിയോ വൈറലായത് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (ബിജെപി ദേശീയ കൌണ്‍സിലിലെ ടോര്‍ച്ചടിയും സ്വാഗത പ്രാസംഗികന്റെ നിര്‍ദേശവും പിന്നെ സ്വച്ഛ ഭാരതവും)

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍