UPDATES

സിനിമാ വാര്‍ത്തകള്‍

സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സിനിമാ സംഘടന രൂപീകരിക്കാനുള്ള തയ്യാറെടുപ്പുമായി ബിജെപി

സംവിധായകന്‍ കമലിനെ പിന്തുണച്ചു ഫെഫ്ക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം; ഫെഫ്കയെ സി പി എമ്മിന്റെ പോഷക സംഘടനയായി മാറ്റുന്നു എന്നും ആരോപണം

മലയാള സിനിമാരംഗത്ത് തൊഴിലാളി സംഘടന രൂപീകരിക്കാനുള്ള തയ്യാറെടുപ്പുമായി ബി ജെ പി. സംവിധായകന്‍ കമലിനെതിരായ ബി ജെ പി നിലപാടും അസഹിഷ്ണുതയിലും പ്രതിഷേധിച്ചു  ഫെഫ്കയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സിനിമ മേഖലയിലെ ബി ജെ പി നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ആളുകളെ സംഘടിപ്പിച്ചു സംഘടന രൂപീകരിക്കുകയാണ് ലക്ഷ്യം.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ചു വിവാദം ഉയര്‍ന്നിരുന്നു. അന്ന് കമല്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസെറ്റി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ബി ജെ പിയുടെ നേതൃത്വത്തില്‍ കമലിന്റെ വീടിന് മുന്‍പില്‍ ദേശീയ ഗാനം ആലപിച്ചു പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് സാഹിത്യ സാംസ്കാരിക സിനിമാ മേഖലയിലുള്ളവര്‍ കമലിന് അനുകൂലമായി രംഗത്ത് വരികയും ചെയ്തിരുന്നു. അതിനിടയിലാണ്   കമലിനെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കണം എന്ന ആവശ്യവുമായി  ബി ജെ പി നേതാവ്  എ എന്‍ രാധാകൃഷ്ണന്‍ എത്തിയത്.  തുടര്‍ന്ന് ബി ജെ പിക്കെതിരെ പ്രതിഷേധം ശക്തമാവുകയും  ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ അടക്കം നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുകയും  ചെയ്തു.

അതേ സമയം ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് നടന്‍ മണിയന്‍ പിള്ള രാജു ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ രാജസേനന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഫെഫ്കയെ സി പി എമ്മിന്റെ പോഷക സംഘടനയായി മാറ്റുകയാണെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തില്‍ നടന്‍ സുരേഷ് ഗോപിയെ മുന്‍ നിറുത്തി ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന രൂപീകരിക്കാന്‍ ബി ജെ പി ലക്ഷ്യമിടുന്നതായാണ് സൂചന.

ബി ജെ പി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തോട് അനുവാദം ചോദിക്കുകയും നേതൃത്വം സമ്മതം മൂളുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണ് സംഘടന രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടിയുടെ മുന്നില്‍ വെച്ചതെന്നറിയുന്നു. ഫെബ്രുവരി ആദ്യ ആഴ്ച്ച തിരുവനന്തപുരത്ത് നടത്തുന്ന ഹിന്ദു സമ്മേളന പരിപാടിയുടെ സംഘാടക സമിതിയില്‍ മലയാള സിനിമയിലെ ചില പ്രമുഖരെ ഉള്‍പ്പെടുത്തിയതായും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനായിരിക്കും സംഘടനയ്ക്ക് നേതൃത്വം നല്‍കുകയെന്നും സൂചയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍