UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരട്ട മുഖമുള്ള ബിജെപി; ഒരു ആധുനിക രാഷ്ട്രീയ പാര്‍ട്ടിയായി ഇതു മാറുമോ?

Avatar

ടീം അഴിമുഖം

നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്തൊക്കെയാണ്? ടീം അഴിമുഖം ഉള്‍പ്പെടെ, മിക്ക നിരീക്ഷകരും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ള ഒരു കാര്യം അതിന് രണ്ടുമുഖം ഉണ്ടെന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മോദിയുടെ ഭൂതകാലം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോപ്പുലാരിറ്റിയെ നിര്‍ണയിക്കുന്നതില്‍ വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ്. പ്രധാനമന്ത്രി പദത്തിലെത്തിയതോടെ അദ്ദേഹം അതിനെ മറ്റൊരു വിധത്തിലാണ് പൊതുസമൂഹത്തില്‍ പ്രതിഷ്ഠിക്കുന്നത്: അതായത്, ഒരു വശത്ത് മൃദു ഹിന്ദുത്വയും മറുവശത്ത് വികസനവും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ആഗോള വേദികളില്‍ അദ്ദേഹം വന്‍ ശബ്ദത്തില്‍ ബഹളമുണ്ടാക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഘപരിവാര്‍ ബന്ധുക്കള്‍ ചെയ്യുന്നതാകട്ടെ, രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക മൈത്രിയെ തകിടം മറിക്കുക എന്നതാണ്. ഇതാണ് ഇതിലെ വൈരുദ്ധ്യവും.

 

ഇക്കാര്യത്തിലെ തെളിവുകള്‍ക്കു വേണ്ടി അധികമൊന്നും ചികഞ്ഞു പോകേണ്ടതില്ല. അലഹബാദില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നടത്തുന്ന പ്രസ്താവനകളിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചാല്‍ മതിയാവും ഇക്കാര്യം മനസിലാക്കാന്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി തന്നെ അവരുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. തിങ്കളാഴ്ച അദ്ദേഹം പ്രസംഗിച്ചതാകട്ടെ, യു.പിയിലെ വലിയ രണ്ടു പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേര്‍ന്ന് ഒരു ധാരണയിലെത്തിയിരിക്കുകയാണ്, അതായത് അഞ്ചു വര്‍ഷം കൂടുമ്പോള്‍ അധികാരത്തിലെത്താനും കട്ടുമുടിക്കാനും ഉള്ള  ധാരണയാണ് ഇരുകൂട്ടരും ചേര്‍ന്നുണ്ടാക്കിയിരിക്കുന്നത് എന്ന്.

 

മോദി ഈ രീതിയില്‍  വികസനന കാര്യങ്ങള്‍ മാത്രം പറയുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈ കൂടിയായ അമിത് ഷാ അവിടെ പ്രസംഗിച്ചതെന്താണ്? ഷാംലി ജില്ലയിലെ കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ കൂട്ടപ്പലായനം നടത്തുകയാണെന്ന്. “നിങ്ങള്‍ക്ക് അത്തരം പലായനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ടോ? വേണ്ടെങ്കില്‍ ഇപ്പോഴത്തെ എസ്.പി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കുക. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്കു മാത്രമേ എസ്.പിയെ പരാജയപ്പെടുത്താനാകൂ”- അദ്ദേഹം പറഞ്ഞു.

യു.പിയില്‍ ബിജെപി കളമൊരുക്കുകയാണ്; കലാപ പേടിയില്‍ ഒരു സംസ്ഥാനം
പ്രീതി മഹാപത്രയിലൂടെ ബി.ജെ.പിക്ക് നേടാന്‍ കഴിയാതെ പോയത്

 

 കോണ്‍ഗ്രസിനോ ബി.എസ്.പിക്കോ എസ്.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും ഷാ പറഞ്ഞു. “മോദിക്കെതിരെ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും ഒക്കെ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടാണ്”- ഷാ വ്യക്തമാക്കി. ദേശീയ എക്‌സിക്യൂട്ടീവിനു ശേഷം അലഹബാദില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു: “ഇരു പാര്‍ട്ടികളും ചേര്‍ന്ന് മോഷ്ടിക്കാന്‍ ഉണ്ടാക്കിയിട്ടുള്ള ഈ കരാര്‍ അവസാനിപ്പിച്ചെങ്കില്‍ മാത്രമേ യു.പിയില്‍ വികസനം കൊണ്ടുവരാന്‍ കഴിയൂ”. മായാവതി ഭരിക്കുമ്പോള്‍ എസ്.പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും എസ്.പി അധികാരത്തില്‍ വന്നതിനു ശേഷം ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മോദി ആരോപിച്ചു. “മായാവതിയും ചെയ്യുന്നത് ഇതു തന്നെയാണ്. അതുകൊണ്ട് ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക. അഞ്ചു വര്‍ഷം ഞാന്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി അധികാരം ഉപയോഗിച്ചുവെന്ന് തോന്നിയാല്‍ നിങ്ങള്‍ക്കെന്നെ ചവിട്ടിപ്പുറത്താക്കാം”- മോദി പറഞ്ഞു.

 

വളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം സാധ്യതകളുള്ള സംസ്ഥാനമാണ് യു.പി. ഈ സംസ്ഥാനം അത് കൈവരിക്കുകയാണെങ്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തെത്തും. യു.പിയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍, കുടുംബ വാഴ്ച, ജാതിവാദം, വര്‍ഗീയത തുടങ്ങിയവയ്‌ക്കെതിരെ ശക്തമായി നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ നിരവധി ചെറുപ്പക്കാരുമുണ്ടായിരുന്നു.Competitive exam മാനേജ്‌മെന്റിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നായിരുന്നു ചിലര്‍ ഉയര്‍ത്തിയ പോസ്റ്ററുകളില്‍ പറഞ്ഞിരുന്നത്. മോദി അപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ വാഗ്ദാനവും നല്‍കി. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഏക മാര്‍ഗം ‘വികസന’മാണ്. അഴിമതിയും കുടുംബവാഴ്ചയും മൂലം ഇവിടുത്തെ യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ താന്‍ അനുവദിക്കില്ല- മോദി പറഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന അഴിമതി ആരോപണങ്ങളെ ചൂണ്ടിക്കാട്ടി കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ ചില മേഖലകളിലെ ജോലികള്‍ക്ക് ഇന്റര്‍വ്യുകള്‍ അടക്കമുള്ള എടുത്തുമാറ്റിയിട്ടുണ്ടെന്നും മെറിറ്റിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

കല്യാണ്‍ സിംഗും രാജ്‌നാഥ് സിംഗും യു.പി ഭരിച്ചിരുന്നപ്പോള്‍ അവര്‍ വികസന കാര്യങ്ങള്‍ക്കാണ് ഉന്നല്‍ നല്‍കിയിരുന്നതെന്നും മോദി പറഞ്ഞു. (കല്യാണ്‍ സിംഗിന്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകര്‍ത്തത് എന്ന കാര്യം മോദി പറഞ്ഞുമില്ല). വികസനത്തിന്റെ പര്യായങ്ങളാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വേദിയിരുത്തി മോദി അവകാശപ്പെട്ടു. ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ തെരഞ്ഞെടുത്ത് അയച്ചിട്ടുള്ള സംസ്ഥാനമാണ് യു.പി. എന്നാല്‍ 2014-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1529 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ല. “യു.പിയില്‍ നിറഞ്ഞിരിക്കുന്ന ഈ അന്ധകാരം മൂലം എനിക്കുറങ്ങാന്‍ പോലും സാധിച്ചില്ല, കാരണം ഞാന്‍ ഈ സംസ്ഥാനത്തു നിന്നുള്ള ഒരു എം.പിയാണ്. തുടര്‍ന്ന് 1352 ഗ്രാമങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ തനിക്ക് കഴിഞ്ഞു. ഇനിയുള്ള വെറും 177 ഗ്രാമങ്ങള്‍ മാത്രമാണ്”- അദ്ദേഹം പ്രസംഗിച്ചു.

 

കേന്ദ്രത്തില്‍ നിന്ന് ഒരുലക്ഷം കോടിയാണ് യു.പിക്ക് കിട്ടുന്നത്, എന്നാല്‍ അത് ജനങ്ങളില്‍ എത്തുന്നുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ജനങ്ങള്‍ക്ക് ആശംസ നല്‍കാനായി മൊബൈല്‍ ടോര്‍ച്ചുകള്‍ മിന്നിക്കാനും വേദിയില്‍ നിന്ന് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

 

മഥുരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനെത്തിയ രണ്ടു പാലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടപ്പോള്‍ യു.പിയില്‍ ഒരു സര്‍ക്കാര്‍ ഇല്ലെന്നാണ് മനസിലായതെന്നായിരുന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തില്‍ പ്രസംഗിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ശരിയായ അന്വേഷണം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ താന്‍ തയാറാണെന്നും രാജ്‌നാഥ് പറഞ്ഞു.

 

അതേ സമയം, അമിത് ഷായും മറ്റ് പ്രാദേശിക നേതാക്കളും ഉയര്‍ത്തിയതാകട്ടെ, വര്‍ഗീയ പരാമര്‍ശങ്ങളും സാമുദായിക മൈത്രി തകര്‍ക്കുന്ന കാര്യങ്ങളുമാണ്. അതായത്, ഒരു വശത്ത് പ്രധാനമന്ത്രി  വികസനനത്തെ കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു, അല്‍പ്പം കഴിഞ്ഞ് അദ്ദേഹത്തിന്റെ സിബന്ധികള്‍ യാതൊരു മറയുമില്ലാതെ വര്‍ഗീയത മാത്രം പറയുന്നു. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യമാണിത്. നൂറുകൊല്ലം പോലും പഴക്കമില്ലാത്ത നമ്മുടെ സ്വാതന്ത്ര്യം നിലനില്‍ക്കുന്നതും ഈ ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്‍ ഇളകാത്തതുകൊണ്ടാണ്. അതിന്റെ ഒരു പ്രധാന കാര്യമാണ് സമൂഹത്തില്‍ സഹിഷ്ണുതയും പരസ്പര ബഹുമാനവുമൊക്കെ നിലനിര്‍ത്തുന്നതില്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിച്ചിട്ടുള്ള പങ്ക്. ഒരു ആധുനിക സമൂഹമെന്ന നിലയില്‍ ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് നാം പറയാറ്. ആ സമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ ബി.ജെ.പിയും ആ രീതിയിലുള്ള ഒരു ആധുനിക രാഷ്ട്രീയ പാര്‍ട്ടിയായി മാറേണ്ടതുണ്ട്, അതിന് അടിസ്ഥാനപരമായി വേണ്ടത് ജനാധിപത്യത്തിലുള്ള ബോധമാണ്, തമ്മിലടിപ്പിക്കാനുള്ള കൗശലതയല്ല. അല്ലെങ്കില്‍ അവരെയും കാത്തിരിക്കുന്നത് കോണ്‍ഗ്രസിന്റെ വിധിയാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍