UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ മതാധിഷ്ഠിത കാഴ്ചപ്പാട് ബിജെപിക്ക് ഗുണം ചെയ്യില്ല; പി പി മുകുന്ദന്‍ സംസാരിക്കുന്നു

Avatar

പി പി മുകുന്ദന്‍/ കെ എ ആന്റണി

കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ച കേരളത്തില്‍ ഇത് ആദ്യമായി ഒരു മൂന്നാം മുന്നണിയുമായി കളം നിറഞ്ഞു കളിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൊണ്ട് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിപ്പിക്കുക വഴി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലക്ഷ്യമിടുന്നത് കേരളത്തില്‍ നിന്ന് ആദ്യം നിയമസഭയിലേക്കും തുടര്‍ന്ന് ലോക്‌സഭയിലേക്കും താമര വിരിയിക്കുക എന്നത് തന്നെയാണ്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേന മാത്രമല്ല പിസി തോമസിന്റെ കേരള കോണ്‍ഗ്രസും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനെ മുഴുവനായി കിട്ടിയില്ലെങ്കില്‍ പാതിയായി നിര്‍ത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നു വരുന്നു. മുഖം തിരിഞ്ഞു നില്‍ക്കുന്ന എന്‍എസ്എസിനെ ബിജെപിയുമായി അടുപ്പിക്കാന്‍ ഉതകുന്ന ഒരു പാലം എന്ന നിലയ്ക്കു കൂടിയാണ് നായര്‍ സമുദായ അംഗവും എന്‍എസ്എസിന് സ്വീകാര്യനുമായി കുമ്മനം രാജശേഖരനെ കേരളത്തില്‍ ബിജെപി അധ്യക്ഷന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ബിജെപിയും ആര്‍എസ്എസും വലിയ സ്വപ്‌നമാണ് കേരളത്തില്‍ നെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ സ്വപ്‌നം അത്ര കണ്ട് ഫലവത്താകാന്‍ സാധ്യത ഇല്ലെന്ന് ആര്‍എസ്എസിലും ബിജെപിയിലും 50 വര്‍ഷത്തോളം സംസ്ഥാന-കേന്ദ്ര നേതൃത്വത്തിലുണ്ടായിരുന്ന പിപി മുകുന്ദന്‍ വിലയിരുത്തുന്നു. ഏഴ് വര്‍ഷം മുമ്പ് പാര്‍ട്ടി-സംഘടനാ രംഗത്തു നിന്നും മാറ്റി നിര്‍ത്തപ്പെട്ട മുകുന്ദന്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരിന് അടുത്തുള്ള മണത്തണയിലെ തറവാട്ടു വീട്ടില്‍ വിശ്രമത്തിലാണ്. പാര്‍ട്ടിയിലേക്കും സംഘടനയിലേക്കുമുള്ള ഒരു തിരിച്ചു പോക്ക് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ട്. അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

പാര്‍ട്ടിയിലേക്കും സംഘടനയിലേക്കുമുള്ള തിരിച്ചു പോക്ക് ഏതുവരെയായി?

പുനസംഘടന നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പുതിയ പ്രസിഡന്റിനെ നിയോഗിച്ചു കഴിഞ്ഞു. ഞാന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ഏറ്റവും ഒടുവില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ചുമതലയുള്ള ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. എന്റെ സേവനം പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ആവശ്യം എന്ന് തോന്നിയാല്‍, അവര്‍ അങ്ങനെ പറഞ്ഞാല്‍ ഞാന്‍ മടി കാണിക്കില്ല.

മിസ്ഡ് കോള്‍ വിവാദം അനാവശ്യം ആയിരുന്നുവെന്ന് തോന്നുന്നുണ്ടോ?

അതൊക്കെ മുരളിയുടെ ഒരു തമാശയായേ കാണുന്നുള്ളൂ. എന്തായാലും അയാളുടെ കാലാവധി അവസാനിച്ചില്ലേ. പകരം കുമ്മനം വന്നിരിക്കുന്നു. അതിനെ കുറിച്ചൊന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.

കുമ്മനം തീവ്രഹിന്ദുത്വ മുഖത്തിന് ഉടമയാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. ഇങ്ങനെയൊരാള്‍ പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത്. ഗുണം ചെയ്യുമോ.

അദ്ദേഹം വിവിധ ഹൈന്ദവ സംഘടനകളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ആ നിലയ്ക്ക് അങ്ങനെയൊരാള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുമ്പോള്‍ ആളുകള്‍ സംശയ ദൃഷ്ടിയോടെയേ കാണൂ. അത് തികച്ചും സ്വാഭാവികം. ക്ഷേത്ര പരിസരത്ത് ഹിന്ദുക്കളല്ലാത്തവര്‍ കച്ചവടം നടത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണത്തേയും അങ്ങനയേ കാണേണ്ടതുള്ളൂ. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിട്ടുണ്ട്.

കെജി മാരാരെ പോലെ പൊതുജനസമ്മത നേതാവായ ഒരു നേതാവിന്റെ അഭാവം കേരളത്തില്‍ ബിജെപിക്ക് ഉണ്ടെന്ന് പറയുന്നതില്‍ തെറ്റുണ്ടോ. ആ നിലയ്ക്ക് കുമ്മനത്തെ പോലൊരാള്‍ ബിജെപി അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നത് ശരിയാകുമെന്ന് കരുതുന്നുണ്ടോ. പ്രത്യേകിച്ചും കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ വേളയില്‍.

മാരാര്‍ജി വേറിട്ട ഒരു പ്രതിഭാസമായിരുന്നു. എല്ലാ നേതാക്കള്‍ക്കും ഒരേ പോലെയാകാന്‍ കഴിയില്ല. വാജ്‌പേയിജിയെ കണ്ടതു പോലെയല്ല ആളുകള്‍ അദ്വാനിജിയെ കണ്ടത്. ഒരു നാട്ടില്‍ പത്ത് ഹോട്ടലുകള്‍ ഉണ്ടെന്ന് കരുതുക പത്തിടത്തും ചുടുന്നത് ദോശയും ഇഡ്ഡലിയും തന്നെ. ഉപയോഗിക്കുന്നത് ഒരേമാവ്. പക്ഷേ രുചി വ്യത്യസ്തമായിരിക്കും. അത് കുശിനിക്കാരന്റെ വൈഭവം ആണ്.

അപ്പോള്‍ ബിജെപിക്ക് മാരാര്‍ജി സിപിഐഎമ്മിന് ഇകെ നായനാരെ പോലെ ആയിരുന്നുവോ?

അതേ, എല്ലാവര്‍ക്കും ഒരേ പോലെ ആകാന്‍ സാധിക്കില്ല. ജനങ്ങളെ തങ്ങളിലേക്കും അതു വഴി തങ്ങളുടെ പാര്‍ട്ടിയിലേക്കും ആകര്‍ഷിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. മാരാര്‍ജിയും ആര്‍എസ്എസിലൂടെ തന്നെയാണ് ജനസംഘത്തിലും പിന്നീട് ബിജെപിയിലും എത്തിയത്.

കുമ്മനത്തിന്റെ പേരിനൊപ്പം ആര്‍ ബാലശങ്കറിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നുവല്ലോ

ബാലശങ്കര്‍ ചെങ്ങന്നൂര്‍കാരനാണ്. ഇപ്പോള്‍ ബുദ്ധി ജീവി സെല്‍ കണ്‍വീനറാണ്. ഏറെ കാലമായി പ്രവര്‍ത്തന മണ്ഡലം ദില്ലിയിലാണ്. ദില്ലിയില്‍ നിന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേരും ഉയര്‍ന്നു വന്നത്.

മലയാളികള്‍ക്ക് പരിചിതമല്ലാത്ത മുഖം ആയതു കൊണ്ടാണോ ഒഴിവാക്കപ്പെട്ടത്?

രാഷ്ട്രീയ നേതൃ നിരയില്‍ മുഖപരിചയം ഒരിക്കലും ഒരു വിഷയമല്ല. അമിത് ഷായെ നേരത്തെ എത്ര പേര്‍ക്ക് അറിയാമായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പോലെയല്ല പാര്‍ട്ടി നേതാവ്. സ്ഥാനാര്‍ത്ഥി അന്യ നാട്ടുകാരനാണെങ്കില്‍ ജനം ചിലപ്പോള്‍ വോട്ട് ചെയ്തില്ലെന്ന് വരും. അല്ലെങ്കില്‍ വികെ കൃഷ്ണ മേനോനെ പോലെ ഒക്കെ പ്രശസ്തനായിരിക്കണം. പാര്‍ട്ടി നേതാവിന്റെ കാര്യം അങ്ങനെയല്ല. സംഘടനയാണ് അയാളെ തീരുമാനിക്കുന്നത്. അയാളെ അണികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്ന ജോലിയും സംഘടന ചെയ്തു കൊള്ളും.

അപ്പോള്‍ കുമ്മനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണോ?

അദ്ദേഹത്തിന്റെ വിവിധ ഹൈന്ദവ മത സംഘടനകളില്‍ പ്രവര്‍ത്തിച്ചയാളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവായി അദ്ദേഹത്തെ ഇതുവരെ ജനങ്ങള്‍ കണ്ടിട്ടില്ല. ആധ്യാത്മിക രംഗത്തു നിന്നും ഒരാള്‍ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ഒരു പുതിയ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ സമയം എടുക്കും. ആത്മീയതയും രാഷ്ട്രീയവും രണ്ടും രണ്ട് കാര്യങ്ങളാണ്.

കുമ്മനം സ്ഥാനമേറ്റെടുത്തയുടന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കുന്നു.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ നടക്കാന്‍ പോകുന്നു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി ചേര്‍ന്ന് ബിജെപി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. എന്തൊക്കെയാണ് ബിജെപിയുടെ സാധ്യതകള്‍?

കാര്യങ്ങള്‍ അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് ശരി തന്നെ. നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോള്‍ വെള്ളാപ്പള്ളിയുടെ മാത്രം പാര്‍ട്ടിയുടെ പിന്തുണ പോര. പോരെങ്കില്‍ ആ പാര്‍ട്ടി ശൈശവ ദശയിലാണ് താനും. തെരഞ്ഞെടുപ്പിന് മുമ്പ് 140 മണ്ഡലങ്ങളിലും അവര്‍ കമ്മിറ്റി രൂപീകരിക്കണം. ഈ ചുരുങ്ങിയ സമയം കൊണ്ട് അത് എത്ര സാധ്യമാകുമെന്ന് അറിയില്ല. രണ്ട് മുന്നണികള്‍ക്കിടയില്‍ ഞെരുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ തന്നെയാണ് ബിജെപി. ജാതിയോ മതമോ പറഞ്ഞ് ആളുകളെ സംഘടിപ്പിക്കുന്നതിന് പകരം മുഴുവന്‍ ആളുകളേയും അണി നിരത്തുന്ന ഒരു വേദിയായി ബിജെപിയും മൂന്നാം മുന്നണിയും മാറണം. എങ്കിലേ ഗുണം ഉണ്ടാകൂ. ‘എല്ലാവര്‍ക്കും തുല്യ നീതി ആരോടും പ്രീണനമില്ല’ എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. അപ്പോള്‍ ഏതെങ്കിലും ഒരു ജാതി സംഘടന മാത്രം പോര. ഹൈന്ദവരും മുസ്ലിമും കൃസ്ത്യാനിയും ഒരുമിച്ചു കൈകോര്‍ക്കുന്ന ഒരു വേദിയായി ബിജെപിയും അത് നേതൃത്വം കൊടുക്കുന്ന മൂന്നാം മുന്നണിയും മാറണം.

1991-ലെ പരീക്ഷണം പോലെയൊന്ന് ഇപ്പോള്‍ സാധ്യമാണോ. അന്ന് കോണ്‍ഗ്രസും മുസ്ലിംലീഗുമായി ധാരണ ഉണ്ടാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരാള്‍ എന്ന നിലയില്‍ അന്നത്തേയും ഇന്നത്തേയും സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

അന്നത്തെ സാഹചര്യം ഇന്ന് നിലവില്‍ ഇല്ല. അന്ന് കോണ്‍ഗ്രസും യുഡിഎഫും വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്നു. മഞ്ചേശ്വരം, ബേപ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലും വടകര പാര്‍ലമെന്റ് മണ്ഡലത്തിലുമാണ് പരീക്ഷണ സഖ്യമുണ്ടായത്. ഇതില്‍ മഞ്ചേശ്വരത്ത് മാത്രമാണ് രഹസ്യ ധാരണ ഉണ്ടായിരുന്നത്. പക്ഷേ ആ പരീക്ഷണം പാളിപ്പോയി. മാരാര്‍ജി നേരിയ ഭൂരിപക്ഷത്തിനാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മുന്‍പും മതമുണ്ടായിരുന്നു. പക്ഷേ ജാതിക്ക് ഇന്നുള്ള അത്ര പ്രസക്തിയുണ്ടായിരുന്നില്ല. ജാതി രാഷ്ട്രീയം അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മൊത്തത്തില്‍ നടക്കുന്നത് അതാണ്.

അസഹിഷ്ണുതാ വിവാദം വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ എത്രകണ്ട് ബാധിക്കും?

ഇതിനെ ഒരു മാധ്യമ സൃഷ്ടിയായാണ് കാണുന്നത്. എല്ലാ ശക്തികളും മോദിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ അതിന് കൂട്ടു നില്‍ക്കുന്നു. ദാദ്രി സംഭവം നടന്നത് യുപിയിലാണ്. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത് കര്‍ണാടകയിലാണ്. യുപിയില്‍ മുലായംസിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഭരിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസും. കുറ്റവാളികളെ അറസ്റ്റു ചെയ്യേണ്ട ബാധ്യത അവരുടേതാണ്. എന്നിട്ടും പഴി മുഴുവന്‍ മോദിക്കുമേല്‍ വച്ചു കെട്ടുന്നു.

പഴയ ജനസംഘത്തില്‍ നിന്നും ബിജെപി ഏറെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. എസ്എന്‍ഡിപിയെ പോലെ എന്‍എസ്എസിനെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ?

എന്‍എസ്എസ് ഇപ്പോഴും സമദൂര സിദ്ധാന്തത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ബിജെപിയുമായി ഒരു വലിയ അകല്‍ച്ച തന്നെയുണ്ട്. കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ. അപ്പോഴും ഞാന്‍ പറയുന്നത് ജാതിയേയോ ജാതി സംഘടനകളെയോ അല്ല സമൂഹത്തേയാണ് ബിജെപി കൂടെ നിര്‍ത്തേണ്ടത് എന്നാണ്. മതാധിഷ്ഠിതമോ ജാതിയില്‍ ഊന്നിയതോ ആയ കാഴ്ചപ്പാടല്ല ബിജെപിക്ക് ഗുണം ചെയ്യുക. ഒരു ഹൈന്ദവ പാര്‍ട്ടിയെന്ന പേര് ബിജെപിക്ക് ഇനിയും ഒഴിവാക്കാനായിട്ടില്ല. കേരളത്തിലെ 52 ശതമാനം വരുന്ന ഹൈന്ദവരെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് 48 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളും. അവരേയും കൂടെ നിര്‍ത്താന്‍ കഴിയണം. അപ്പോള്‍ മാത്രമേ ബിജെപി ഒരു യഥാര്‍ത്ഥ ബദല്‍ ശക്തിയാകുകയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍