UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ സിപിഐഎം ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രകടനം അക്രമാസക്തം

അഴിമുഖം പ്രതിനിധി

കേരളത്തില്‍ സിപിഐഎം ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ അക്രമം അഴിച്ചുവിടുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ബിജെപി സിപിഐഎം ഓഫീസായ എകെജി ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ആയിരത്തോളം പ്രവര്‍ത്തകരാണ് പ്രകടനമായി എത്തിയത്. എകെജി സെന്ററിന്റെ ബോര്‍ഡ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

പൊലീസ് പ്രകടനത്തെ തടയുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ ചാടിക്കടന്ന് എകെജി ഭവന് സമീപംവരെയെത്തി. പൊലീസ് പ്രവര്‍ത്തകരെ തടയാതെ മാറി കൊടുക്കുന്ന കാഴ്ചയും കണ്ടു. എകെജി ഭവന് സമീപം പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകരെ തടയാന്‍ മൂന്ന് ഇടത്താണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്. പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിമാനം വൈകിയതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. എന്നാല്‍ ഡല്‍ഹി നിയമസഭയിലെ മൂന്ന് ബിജെപി എംഎല്‍എമാരും പ്രകടനത്തില്‍ പങ്കെടുത്തു.

കേരളത്തില്‍ തെരഞ്ഞെടുപ്പിനുശേഷം സിപിഐഎം-ബിജെപി സംഘര്‍ഷങ്ങളില്‍ ഓരോ പ്രവര്‍ത്തകരെ വീതം രണ്ടു പാര്‍ട്ടികള്‍ക്കും നഷ്ടമായിരുന്നു. സിപിഐഎം അക്രമം നിര്‍ത്തിയില്ലെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നേരിടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സിപിഐഎമ്മിന് എതിരെ ശക്തമായി രംഗത്തെത്ത് എത്തിയിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ ഭീഷണിയെ ധീരമായി നേരിടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ആര്‍ എസ് എസാണ് അക്രമം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ എടുക്കുമെന്നും യെച്ചൂരി പറഞ്ഞു.

കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിയെ കണ്ടു. കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡയും മീനാക്ഷി ലേഖിയും ഒപ്പമുണ്ട്. കേരളത്തിലെ ആക്രമണത്തില്‍ ഇടപെടണമെന്ന് സംഘം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.

ജനവിധി അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് സീതാറം യെച്ചൂരി ബിജെപിയോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആക്രമണം തുടങ്ങി വച്ചത് ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎം ഓഫീസിനെ ആക്രമിക്കാന്‍ ഡല്‍ഹി പൊലീസ് ബിജെപി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍