UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് തീക്കളി; ഡല്‍ഹി പിടിക്കാന്‍ സെന്‍സസിലെ മത വിവരങ്ങളുമായി ബിജെപി

Avatar

ടീം അഴിമുഖം

സമയം പോലെ തന്നെ പ്രേരണയും സംശയാസ്പദമാണ്.

ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, 2011 ലെ സെന്‍സസിലുള്ള മതം അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പുറത്തുവിടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരിപാടിയിടുന്നു. 

ഡല്‍ഹി തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം മോദിയുടെ പ്രതീക്ഷകള്‍ വളരെ ഉയരത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. എഫ്എം റേഡിയോ ചാനലുകള്‍, ടിവി നിലയങ്ങള്‍, പത്രങ്ങള്‍, ഇന്റര്‍നെറ്റ്, വഴിയോര പരസ്യപ്പലകകള്‍ എല്ലാം ഒരേ കാര്യം തന്നെ വിളിച്ചു കൂവുന്നു: ഈ തിരഞ്ഞെടുപ്പും നരേന്ദ്ര മോദിയെ കുറിച്ചാണെന്ന്. എന്നാല്‍, കിരണ്‍ ബേദിയെ ഉള്‍പ്പെടുത്തുക വഴി, മോദി-അമിത് ഷാ കൂട്ടുകെട്ട് മുഴുവന്‍ പ്രദേശിക ബിജെപി നേതാക്കളെയും അകറ്റിനിറുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. 

ബേദിയെ ഉള്‍പ്പെടുത്തിയതിന് ശേഷം പൊതുജന പ്രതികരണം ഉദാസീനമായി. ഇതോടെ ബിജെപി ഒരു പ്രതിസന്ധിയെ നേരിടുകയാണെന്ന് വ്യക്തമാണ്. കുറഞ്ഞപക്ഷം ഈ നടപടിക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള തിരിച്ചടികളെ കുറിച്ച് കനത്ത ആശങ്കയിലെങ്കിലുമാണ്. 

ബേദിയെ ഉള്‍പ്പെടുത്തിയിട്ടും ബിജെപിയുടെ റോഡ് ഷോകള്‍ക്ക് ആളെ കൂട്ടാന്‍ സാധിക്കുന്നില്ല. മാധ്യമങ്ങളിലെങ്കിലും തിരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നത് എഎപി നേതാവ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ അനുയായികളുമാണ്. 

അതുകൊണ്ട് തന്നെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് ഒരു നല്ല മരുന്നാവും. കാരണം, ഇന്ത്യയില്‍ എമ്പാടും മതസംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയും വടക്ക്-കിഴക്ക്, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലെ വിവിധ സ്ഥലങ്ങല്‍ സാമുദായിക കലാപങ്ങളും നടക്കുമ്പോള്‍ ഇങ്ങനെ ഒരു നീക്കം നടത്തുന്നതിന് മറ്റൊരു ന്യായീകരണവും നല്‍കാനില്ല. 

മുഖ്യധാര മാധ്യമങ്ങള്‍ ഉടന്‍ തന്നെ ഊര്‍ജ്ജസ്വലരായി രംഗത്തേക്ക് ചാടി വീണു. 2011 ലെ സെന്‍സസില്‍ മതപരമായ ജനസംഖ്യാനുപാതം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന്, പ്രത്യേകിച്ചു ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും, കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. മുസ്ലീം ജനസംഖ്യയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് കാണിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും അവര്‍ പറയുന്നു. 

ബിജെപി, സംഘപരിവാര്‍ നേതാക്കളില്‍ നിന്നും വിവാദ പ്രസ്താവനകള്‍ പ്രവഹിച്ചുകൊണ്ടിരിക്കെയാണ് വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്. ‘ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനായി ഒരു ഹിന്ദു സ്ത്രീ നാല് കുട്ടികളെ പ്രസവിക്കേണ്ട സമയം ആഗതമായിരിക്കുന്നു,’ എന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പ്രഖ്യാപിച്ചത് ഏതാനും നാളുകള്‍ക്ക് മുമ്പാണ്. എന്നാല്‍ ബിജെപി ഇദ്ദേഹത്തിന്റെ പ്രസ്താവന തള്ളുകയും മഹാരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പക്ഷെ മറ്റ് ഹിന്ദുത്വ വിഭാഗങ്ങളിലെ സ്ത്രീവിദ്വേഷികളായ നേതാക്കളെ നിശബ്ദരാക്കാന്‍ ഈ നടപടിക്ക് സാധിച്ചില്ല. 

ഭാരതത്തെ ന്യൂനപക്ഷങ്ങള്‍ കീഴടക്കുമെന്ന സാങ്കല്‍പിക സ്ഥിതിവിശേഷത്തിനെതിരായി രാജ്യത്തെമ്പാടും ‘ഘര്‍ വാപസി’ നടത്താന്‍ ആര്‍എസ്എസും വിഎച്ച്പിയും ആഹ്വാനം ചെയ്യുന്ന സാഹചര്യവുമുണ്ടായി.

അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ഉദ്ദേശിക്കുന്ന വിവരങ്ങള്‍, രാജ്യത്ത് നിലനില്‍ക്കുന്ന സാമുദായിക ധ്രൂവീകരണം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, യാഥാസ്ഥിതിക ഹിന്ദു വിഭാഗങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി അത് ദുരുപയോഗം ചെയ്യുമെന്നുള്ളതും തീര്‍ച്ചയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, ഈ വര്‍ഷം തന്നെ ബിഹാറില്‍ നിയമസഭ തിരഞ്ഞടുപ്പുകള്‍ നടക്കാനിരിക്കുന്നു. പശ്ചിമ ബംഗാളിലും ആസാമിലും 2016 നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കും. സെന്‍സസിലെ മതപരമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രചാരണം രാജ്യത്തെ കൂടുതല്‍ ധ്രൂവീകരിക്കുകയായിരിക്കും ചെയ്യുക. 

ജനങ്ങളുടെ മതം തിരിച്ച കണക്കുകള്‍, 1872 ലെ ആദ്യ സെന്‍സസ് മുതല്‍ ഇപ്പോള്‍ വരെ, വളരെ വ്യക്തമായ രീതിയില്‍ സാമൂഹിക-സാംസ്‌കാരിക, ജനസംഖ്യാനുപാത സവിശേഷതയായിരുന്നു എന്ന് കാണാന്‍ സാധിക്കും. സ്വാതന്ത്ര്യ പൂര്‍വ കാലഘട്ടത്തില്‍, മതങ്ങളില്‍ നിന്നോ മതവിഭാഗങ്ങളില്‍ നിന്നോ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ക്ക് ചില വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം, പ്രത്യേകിച്ചും 1961 ന് ശേഷം, മത വിവരങ്ങള്‍ ശേഖരിക്കുകയും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു ഏകതാനത കൈവരിച്ചിരുന്നു. 

സംഘപരിവാര്‍ സംഘടനകള്‍ മുസ്ലീങ്ങള്‍ക്കെതിരായി ‘നാം അഞ്ചും നമ്മുടെ ഇരുപത്തിയഞ്ചും,’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുന്നത് നാം കണ്ടു. എന്നാല്‍ 2001 ലെ സെന്‍സസ് പ്രകാരം, ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 80.5 ശതമാനവും ഹിന്ദുക്കളാണ്. മൊത്തം ജനസംഖ്യയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഥാക്രമം 13.4 ഉം 2.3 ഉം ശതമാനം മാത്രമാണുള്ളത്. 

എണ്ണം നോക്കിയാല്‍, മൊത്തം 1.029 ബില്യണ്‍ ജനങ്ങളില്‍ 828 മില്യണും ഹിന്ദുക്കളാണ്. മുസ്ലീങ്ങളാകട്ടെ വെറും 138 മില്യണ്‍ മാത്രമാണ്. മൊത്തം ജനസംഖ്യയുടെ 1.9 ശതമാനം മാത്രമാണ് സിഖ് മതവിശ്വാസികള്‍. ബുദ്ധമതക്കാര്‍ 0.8 ശതമാനവും ജൈനന്മാര്‍ 0.4 ശതമാനവും മറ്റുള്ളവര്‍ 0.6 ശതമാനവുമാണുള്ളത്. 

ദേശീയ തലത്തില്‍ ആയിരം പുരുഷന്മാര്‍ക്കുള്ള സ്ത്രീകളുടെ ലിംഗാനുപാതം എല്ലാ മതങ്ങള്‍ക്കും 933 ആണ്. ഹിന്ദുക്കളും സിഖുകാരും ദേശീയ ശരാശരിക്ക് താഴെ നില്‍ക്കുമ്പോള്‍ മറ്റ് മതങ്ങള്‍ അതിന് മുകളിലാണ്. 1000 പുരുഷന്മാര്‍ക്ക് 1009 സ്ത്രീകള്‍ ഉള്ള ക്രിസ്ത്യന്‍ സമുദായം ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ 893 സ്ത്രീകള്‍ മാത്രമുള്ള സിഖ് സമുദായം ഏറ്റവും പിന്നില്‍ നില്‍ക്കുന്നു. ജനസംഖ്യയില്‍ ഏറ്റവും വലിയ സാന്നിധ്യമായി ഹിന്ദുക്കളില്‍ ആയിരം പുരുഷന്മാര്‍ക്ക് 931 സ്ത്രീകള്‍ ഉള്ളപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മുസ്ലീങ്ങള്‍ക്ക് അത് 936 ആണ്. 

ഇത്തരം കണക്കുകളുടെ വ്യാഖ്യാനം കൗശലപൂര്‍വമായ ഒരു ഇടപാടാണ്. ഉദാഹരണത്തിന്, രാജ്യത്തെ ഏറ്റവും ദരിദ്രമായ ഇടങ്ങളില്‍, മുസ്ലീങ്ങള്‍ ഹിന്ദുക്കളെക്കാള്‍ ഉയര്‍ന്ന ജനസംഖ്യ വളര്‍ച്ച നിരക്ക് കാണിക്കുന്നുണ്ടാവാം. മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നു എന്നല്ല അതിന്റെ അര്‍ത്ഥം. പാവപ്പെട്ട മുസ്ലീങ്ങളെ ആ പ്രദേശങ്ങളില്‍ തന്നെ ഉപേക്ഷിച്ച്, താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലുള്ള ഹിന്ദുക്കള്‍ കൂടുതലായി നഗരപ്രദേശങ്ങളിലേക്ക് കുടിയേറുന്നത് കൊണ്ടും ഇങ്ങനെ സംഭവിക്കാം. എന്നിരുന്നാലും, പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ സമഗ്രമായ മതാടിസ്ഥാന കണക്കുകള്‍ നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും അതുവഴി സാമൂഹിക ഐക്യം തകര്‍ക്കുന്നതിനും കാരണമായേക്കാം. 

യുക്തിസഹമായ ഒരു വിലയിരുത്തല്‍ വരുമ്പോഴേക്കും, ഈ കണക്കുകളെ എല്ലാ മതങ്ങളിലേയും ഭ്രാന്തന്മാര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ച് കഴിഞ്ഞിരിക്കും. മതാടിസ്ഥാന സെന്‍സസ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ അപകടം പതിയിരിക്കുന്നത് അവിടെയാണ്. അതുകൊണ്ട് ഇപ്പോള്‍ മുനിഞ്ഞ് കത്തുന്ന വര്‍ഗ്ഗീയതയിലേക്ക് എണ്ണയൊഴിച്ച് ആളിക്കത്തിക്കുന്നതിനേക്കാള്‍, കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഊര്‍ജ്ജം പ്രയോജനപ്രദമായ മറ്റ് വല്ല കാര്യങ്ങള്‍ക്കും വിനിയോഗിക്കുന്നതായിരിക്കും അഭികാമ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍