UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയുടെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നൃപന്‍ ചക്രബര്‍ത്തിയേയും ബിജെപി ‘ഏറ്റെടുത്തു’!

നൃപന്‍ ചക്രബര്‍ത്തി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു. നൃപന്റെ പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങള്‍ ത്രിപുരയുടെ വികസനത്തില്‍ നിര്‍ണായകമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

ത്രിപുരയുടെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന നൃപന്‍ ചക്രബര്‍ത്തിയുടെ ചരമ ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി. 13-ാം ചരമദിനത്തില്‍ ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ നൃപന്റെ ജീവിതവും കൃതികളും ബിജെപി യോഗം ചര്‍ച്ച ചെയ്തു. നൃപന്റെ പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങള്‍ ത്രിപുരയുടെ വികസനത്തില്‍ നിര്‍ണായകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. നൃപന്‍ ചക്രബര്‍ത്തി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു. യാതൊരു പക്ഷപാതവും കാണിക്കാത്ത വ്യക്തി. രാഷ്ട്രീയനേട്ടത്തിന് വേണ്ടി വികസകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല – ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

1905ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കിഴക്കന്‍ ബംഗാളില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) ധാക്ക ജില്ലയിലെ ബിക്രംപൂരില്‍ ജനിച്ച നൃപന്‍ ചക്രബര്‍ത്തി 1934ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1950ലാണ് ത്രിപുരയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി അദ്ദേഹത്തെ നിയോഗിക്കുന്നത്. 1957ല്‍ ത്രിപുര ടെറിട്ടോറിയല്‍ കൗണ്‍സിലില്‍ അംഗമായി. 1962ല്‍ പ്രതിപക്ഷ നേതാവ്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1972ല്‍ ത്രിപുരയ്ക്ക് പൂര്‍ണ സംസ്ഥാന പദവി കിട്ടിയപ്പോള്‍ നിയമസഭാംഗമായി. അതേവര്‍ഷം സിപിഎം കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസിയുമായും ജനത പാര്‍ട്ടിയുമായും ചേര്‍ന്ന് സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ രൂപീകരിച്ച ഹ്രസ്വകാല കൂട്ടുകക്ഷി സര്‍ക്കാരുകളില്‍ മന്ത്രിയായി.

1977 ഡിസംബര്‍ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലെത്തി. 1978 ജനുവരി അഞ്ചിന് ത്രിപുരയുടെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി നൃപന്‍ ചക്രബര്‍ത്തി അധികാരമേറ്റു. 1983ലെ തിരഞ്ഞെടുപ്പിലും നൃപന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലെത്തി. 1985ല്‍ സിപിഎം പൊളിറ്റ് ബ്യറോയിലെത്തി. എന്നാല്‍ 1988ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടു. നൃപന്‍ ചക്രബര്‍ത്തി പ്രതിപക്ഷ നേതാവായി. 1993ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വീണ്ടും അധികാരം നേടിയെങ്കിലും മുഖ്യമന്ത്രിയായി സിപിഎം തീരുമാനിച്ചത് മറ്റൊരു മുതിര്‍ന്ന നേതാവായ ദശരഥ് ദേബിനെ ആണ്. പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി നടത്തിയ പരസ്യപ്രസ്താവനകളേയും വിമര്‍ശനങ്ങളേയും തുടര്‍ന്ന് 1995ല്‍ അദ്ദേഹത്തെ സിപിഎം പുറത്താക്കി. 1998 വരെ നൃപന്‍ ചക്രബര്‍ത്തി ത്രിപുര നിയമസഭാംഗമായി തുടര്‍ന്നു. 2004 ഡിസംബര്‍ 25ന് നൃപന്‍ ചക്രബര്‍ത്തി അന്തരിച്ചു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അതായത് 2004 ഡിസംബര്‍ 24ന് സിപിഎം അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം തിരികെ നല്‍കിയിരുന്നു.

ത്രിപുരയില്‍ ‘കൈ’യില്‍ ‘താമര’ വിരിയുന്നു; കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍