UPDATES

കേരളത്തില്‍ അക്രമം സമം സി പി എം: കുമ്മനം രാജശേഖരന്‍

അഴിമുഖം പ്രതിനിധി

ബിജെപി സംസ്ഥാന കമ്മിറ്റി കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ അക്രമം സമം സി പി എം എന്ന് ആയിരിക്കുകയാണെന്നും ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

‘കേരളത്തില്‍ അക്രമം സമം സി പി എം ആയിരിക്കുന്നു. ഇവര്‍ കൊന്നൊടുക്കുന്നത് സാധാരാണക്കാരായ തൊഴിലാളികളെയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 300 ഓളം അക്രമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതില്‍ എല്ലാം ഒരു കക്ഷി സി പി എം ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റുവട്ടത്താണ് ഇതെല്ലാം നടക്കുന്നത്. മാര്‍ക്സിസ്റ്റ് തേര്‍വാഴ്ചയാണ് സംസ്ഥാനത്ത് നടക്കുന്നത്. സെക്രട്ടറിയേറ്റ് ഇപ്പോള്‍ എ കെ ജി സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങള്‍.’ എന്നാണ് കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞത്.

സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് ഇതെന്നും ബിജെപി നേതാവ് കൃഷ്ണദാസ് ആരോപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ആക്രമണത്തിന് വഴിവെച്ചതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിവരുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആക്രമണം നടത്തിയത് ഏറു പടക്കം കൊണ്ടാണെന്നും നിലവില്‍ ആരെയും സംശയമില്ലെന്നുമാണ് പോലീസ് ഭാഷ്യം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു.

തിരുവനന്തപുരം കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയാണ് ബോംബ് ആക്രമണം നടന്നത്. ബുധനാഴ്ച അര്‍ദ്ധരാത്രി 11.45 ഓടെയാണ് സംഭവം.  ബൈക്കിലെത്തിയ രണ്ടംഗ സംഘം ബിജെപി സംസ്ഥാന കമ്മിറ്റിയുടെ കെട്ടിടത്തിനു നേരെ നാടന്‍ ബോംബെറിഞ്ഞുവെന്നാണ് സംഭവത്തെക്കുറിച്ച് ഓഫീസ് ജീവനക്കാര്‍ പറയുന്നത്. ആക്രമണം നടക്കുമ്പോള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍