UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.ബി.ഐ പണി തുടങ്ങിയ അമിത് ഷാ അറിയാന്‍; ഗുജറാത്ത് അല്ല കേരളം

Avatar

കെ എ ആന്റണി

സിപിഐ-എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എതിരെ സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അവര്‍ തന്നെ കണ്ടെത്തി തെളിയിക്കട്ടെ. എന്നാല്‍ വളരെപ്പെട്ടെന്ന് മുന്നോട്ടുവരുന്ന ഒരു ചിന്ത ഇതാണ്, ഇത്രമാത്രമാണ്. കേരളത്തിലേക്ക് നോട്ടമിട്ട ഒരു സംഘപരിവാര്‍ അജണ്ട പോലെയില്ലേ ഇതെന്ന് കേരള രാഷ്ട്രീയം സജീവമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒരു എളിയ മാധ്യമ പ്രവര്‍ത്തകനായ എന്നേയും ആശങ്കപ്പെടുത്തുന്നുണ്ട്. പി ജയരാജന്റെ ഗൂഢാലോചനാ കേസുകള്‍ പൊലീസും സിബിഐയും അന്വേഷിക്കുകയും അവര്‍ അതിന്റെ നിജസ്ഥിതി കണ്ടെത്തുകയും ചെയ്യട്ടെ. അതിനിടയില്‍ കയറി സിപിഐ-എം പറയുന്ന ഉടക്ക് പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പ്രസക്തി മാത്രമേയുള്ളൂ.

എന്നുകരുതി ഇതെഴുതുന്നയാള്‍ സിബിഐ വക്കീല്‍ പറഞ്ഞ രീതിയില്‍ ഒരു മാരക വിഷവിത്തായി പി ജയരാജനെ കാണുന്നില്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ പശ്ചാത്തലവും ക്രിമിനല്‍ കേസുകളുമായുള്ള ബന്ധങ്ങളും അദ്ദേഹമോ പാര്‍ട്ടിയോ വിശദീകരിക്കട്ടെ. അത് എന്റെ ബാധ്യതയല്ലല്ലോ.

ഇവിടെ ഒരു പ്രശ്‌നം, അതും കല്ലുകടി പോലെ വരുന്നത്, എന്തുകൊണ്ട് സിബിഐ ഇപ്പോള്‍ ഇത്ര വിജിലന്റായി എന്നതാണ്. പണ്ട് സിബിഐയ്ക്ക് ഒരു ദുഷ്‌പേരുണ്ടായിരുന്നു. ആ കളങ്കം തീര്‍ത്തത് നമ്മുടെ മമ്മൂട്ടിയും ജഗതി ശ്രീകുമാറും ഒക്കെ അഭിനയിച്ചിരുന്ന സിബിഐ സിനിമകളാണ്. ജഗതിയുടെ മേമന നമ്പൂതിരി പറയുന്നതുപോലെ സിബിഐ എന്ന് പറഞ്ഞാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് അല്ല എന്നതു തെളിയിക്കാന്‍ മധുവിന്റെ സിനിമ തന്നെ വേണ്ടി വന്നു. അതിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം എല്ലാ കേസുകളും സിബിഐയ്ക്ക് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയ കക്ഷിരാഷ്ട്രീയ ഭേദമെന്യേയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് കിട്ടിയതും അത്ര നല്ല അനുഭവമായിരുന്നില്ല. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നൊന്നും സുപ്രീംകോടതി പറഞ്ഞില്ലെങ്കിലും ഒരിക്കല്‍ അങ്ങനെ അവര്‍ അക്കാര്യം വ്യക്തമാക്കിയ കേസായിരുന്നു പാലക്കാട്ടെ ഷീല വധക്കേസ്. ഷീല എന്ന വീട്ടമ്മ കൊല്ലപ്പെടുന്നു. അവരുടെ സഹോദരന്‍ ഉന്നത സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ കേരള പൊലീസിലെ ഉന്നത കേഡറില്‍പ്പെട്ട ആളുകള്‍. ഒരുപക്ഷേ അവര്‍ ചെയ്തത് ശരിയായിരിക്കാം. കാരണം കസ്റ്റഡിയിലെ തീവ്രവിചാരണയ്‌ക്കൊടുവില്‍ ഉരുട്ടിക്കൊല ചെയ്യപ്പെട്ട സമ്പത്ത് എന്ന പാവം പയ്യനുവേണ്ടിയായിരുന്നു സിബിഐയുടെ പുനരന്വേഷണവും പൊലീസ് യജമാനന്മാര്‍ക്കെതിരെയുള്ള കുറ്റപത്രവും. ഒടുവില്‍ സിബിഐ കേസ് തോറ്റു. യജമാനന്‍മാര്‍ ഒക്കെ പുറത്തിറങ്ങുകയും ചെയ്തു.

ഗുജറാത്തില്‍ എന്ത് സംഭവിക്കുന്നുവെന്ന് കേരളം ഉല്‍കണ്ഠപ്പെടുന്നതിന് മുമ്പ് മലയാളി എഴുത്തുകാരുടേയും താല്‍പര്യം ബംഗാളിലും തെലുങ്കാനയിലും എന്തൊക്കെ സംഭവിക്കുന്നു എന്നതായിരുന്നു. ബംഗാളില്‍ നിന്ന് ഒരു വാര്‍ത്തയും ഇല്ല എന്ന കെജി ശങ്കരപ്പിള്ളയുടെ കവിതയും പീക്കിങ് റേഡിയോ കേട്ട് വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെട്ട കുന്നിക്കല്‍ നാരായണനും പറഞ്ഞതായി മകള്‍ കെ അജിത പിന്നീട് എഴുതിയതും ഒക്കെ മലയാളിയുടെ ഒരു തീവ്ര ചിന്തയെ ദ്യോതിപ്പിക്കുന്നുണ്ട്. കളരി അഭ്യാസങ്ങള്‍ മാത്രമല്ല തെയ്യത്തിലും തിറയിലും കാണുന്ന ചുവപ്പിന്റെ പ്രസക്തി കൂടി ഒരു പക്ഷേ, കേരളീയന്റെ നിലനില്‍പ്പിന്റെ, ഭൂമി രാഷ്ട്രീയത്തിന്റെ, തങ്ങളെ അധമന്‍മാരാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജാതിചിഹ്നം മാത്രമല്ല പോരാട്ട പടഹധ്വനിയായിത്തന്നെ വായിച്ചെടുക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

1921-ല്‍ മലപ്പുറം ഏറനാട് നടന്ന മാപ്പിള കലാപത്തിനെ നന്നായി വായിച്ചെടുത്തത് മാപ്പിളമാരായിരുന്നില്ല; ഡോക്ടര്‍ എം ഗംഗാധരനായിരുന്നു എന്നത് ജാതി വ്യവസ്ഥകള്‍ക്ക് അപ്പുറത്ത് ബ്രാഹ്മണിസത്തിന് എതിരെ ഒരു പോരാട്ടം നടക്കുന്നുണ്ടെന്ന സൂചനയായി ചിലരെങ്കിലും തെറ്റി വായിച്ചെങ്കില്‍ അതു തെറ്റ്. കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്ന മാപ്പിളമാരും നായന്മാരും മേനോന്‍മാരുമൊക്കെ അന്ന് പടപൊരുതിയത് വൈദേശിക സേനയോടാണ്. ചരിത്രത്തില്‍ എപ്പോഴും ഒറ്റുകാരുണ്ട് എന്നതു പോലെ തന്നെ എല്ലാ ജാതിയിലുംപെട്ട ചിലര്‍ ആ സമരത്തിലും പാവങ്ങള്‍ക്കെതിരെ ഉണ്ടായിരുന്നു.

ഗുജറാത്തും കേരളവും തമ്മില്‍ എന്തുബന്ധം എന്ന് വീണ്ടും ആലോചിക്കുമ്പോള്‍ ഓടി വരുന്നത് ഗാന്ധിജിയുടെ ഗുജറാത്തും കേരളവും തമ്മിലുള്ള ഒരു വാണിജ്യ ബന്ധമാണ്. കച്ചവടബന്ധം ഉറപ്പിക്കാന്‍ കേരളത്തിലെത്തിയ അവരില്‍ പലരും പിന്നീട് ഇവിടെത്തന്നെ കുടുംബസമേതം താമസമാക്കി. കോഴിക്കോട്ടെ ഗുജറാത്തി സ്‌കൂള്‍ മാത്രമല്ല കണ്ണൂരിലെ എസ് എന്‍ കോളേജിന് 25 ഏക്കര്‍ ഭൂമി ഇഷ്ടദാനമായി എഴുതിക്കൊടുത്തതും ഒരു ഗുജറാത്തി കച്ചവടക്കാരനായിരുന്നു. അവരാരേയും തിന്മയുടെ പ്രതീകമായി കേരളം കണ്ടിട്ടില്ല.

ഇനിയിപ്പോള്‍ സിബിഐ കേസുകളിലേക്ക്. കേസുകളിലെ യുക്തിയും പ്രസക്തിയും അന്വേഷിക്കുന്നതിന് മുമ്പ് ഗുജറാത്തില്‍ വച്ച് കൊല്ലപ്പെട്ട, ഇസ്ലാമിലേക്ക് മതം മാറിയ പ്രാണേഷ് കുമാറിനെ കുറിച്ചും ഭാര്യ ഇസ്രത് ജഹാനെക്കുറിച്ചും ഉല്‍കണ്ഠപ്പെടുന്ന ഹിന്ദുവായൊരു പിതാവ് ഇന്നും കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് അമിത് ഷായും നരേന്ദ്ര മോദിയും ഓര്‍ക്കുന്നത് നല്ലത്. ഈ നൂറ്റാണ്ടിലെ ജീവിച്ചിരിക്കുന്ന ഈച്ചരവാര്യര്യാണ് ആ പിതാവ്. അന്നത്തെ ഗുജറാത്ത് ഡിജിപി പിന്നീട് പറഞ്ഞത് ഒരു വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നു അതെന്നാണ്.


ഇത് എഴുതുന്ന ആളും മതതീവ്രവാദികള്‍ക്ക് അനുകൂലമായല്ല പറയുന്നത്. പക്ഷേ ഈ നാട്ടില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. സൗകര്യാര്‍ത്ഥം കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയും ചിലതൊക്കെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലേയും യുക്തി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മനസ്സിലാകില്ലെന്ന് സംഘപരിവാറിന്റെ കൊടി പാറിക്കുന്നവര്‍ വിചാരിച്ചാല്‍ അത്ര നന്നാകില്ല. ഇടതുപക്ഷം അമിതാവേശത്തില്‍ കാണിക്കുന്ന സ്വയം കുഴികുത്തലുകളിലൂടെയല്ലാതെ അവരെ വീഴിക്കാന്‍ ആകില്ല എന്നെങ്കിലും തിരിച്ചറിയാനുള്ള ചെറിയ ബുദ്ധിയെങ്കിലും ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നവര്‍ അറിയേണ്ടതുണ്ട്.

ഒറ്റക്കാര്യം കൂടി; യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ സ്‌കൂള്‍ മുറിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എത്രകാലം ഒരു അമ്മ നടന്നിരുന്നു. അവരെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ എന്റെ സുഹൃത്ത് കൃഷ്ണദാസ് എന്തിനായിരുന്നു ഒളിച്ചു കളിച്ചുകൊണ്ടിരുന്നത്. വീണ്ടും പറയുന്നു, സിബിഐയുടെ ഉപാധിവച്ചു മാത്രം ജയിക്കാവുന്നതല്ല തെരഞ്ഞെടുപ്പ്, പ്രത്യേകിച്ചും കേരളത്തില്‍. ഇത് ഗുജറാത്തല്ല. കേരളമാണ്. 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍