UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ സംഘ പരിവാര്‍ പണി തുടങ്ങി

Avatar

പി സി ജിബിന്‍

കേരളത്തില്‍ ഇടതു പക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംഘപരിവാര്‍ അസഹിഷ്ണുത അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് നീങ്ങുകയാണ്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് വിജയ റാലിയിലേക്ക് ബോംബ്‌ എറിഞ്ഞു ഒരാളെ കൊന്നുകൊണ്ട് അവര്‍ അതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തിരിക്കുന്നു. പട്ടാളക്കാരന്‍ രാജീവ് മുതല്‍ അമിത് ഷാ വരെ സോഷ്യല്‍ മീഡിയയില്‍ ആക്രോശങ്ങള്‍ മുഴക്കുന്നു. കണ്ണൂരില്‍ പട്ടാളക്കാരെ ഇറക്കി സഖാക്കളെ തീര്‍ത്തുകളയും എന്നും അവരുടെ ഭാര്യമാരെ ഇറോം ഷര്‍മിള ആക്കിക്കളയും എന്നൊക്കെയാണ് രാജീവിന്റെ വീരവാദങ്ങള്‍. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും പട്ടാള ചട്ടങ്ങള്‍ അനുസരിച്ചും ഗുരുതരമായ കുറ്റം ആണ് ഇത്. ഇപ്പോഴിതാ സി പി ഐ എമ്മിന്റെ കേന്ദ്ര ഓഫീസായ ഡല്‍ഹിയിലെ എ കെ ജി ഭവനിലേക്ക് ബി ജെ പി അക്രമാസക്തമായ പ്രകടനം നയിച്ചിരിക്കുന്നു. 

അസഹിഷ്ണുത എന്നത് എല്ലാവിധ ജനാധിപത്യ മര്യാദകളെയും തിരസ്കരിക്കുന്ന ഒരു തരം മനോരോഗമാണ്. മതന്യൂനപക്ഷങ്ങൾ, സ്വതന്ത്ര ചിന്തകർ, എഴുത്തുകാർ, ദളിതുകൾ, കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയ തങ്ങളുടെ ശത്രുക്കൾ എന്ന് ആർ എസ് എസ് മുദ്രകുത്തിയ സകല വിഭാഗങ്ങൾക്കും നേരെ അവർ അസഹിഷ്ണുത കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ആർ എസ് എസ്സിന്റെ അസഹിഷ്ണുതയുടെ പുതിയ ഇരകൾ ആണ് ബി ജെ പി ഇതര സംസ്ഥാന ഗവണ്മെന്റുകൾ. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അധികാരം സ്ഥാപിക്കാൻ ആർ എസ് എസ് സ്വീകരിക്കുന്ന വഴി, പ്രലോഭിപ്പിച്ച് കോണ്‍ഗ്രസ്സ് നേതാക്കളെയും അതുവഴി അവരുടെ അണികളെയും തങ്ങളുടെ പാളയത്തിൽ എത്തിക്കുകയും ചെയ്യുക എന്നതാണ്. സമീപകാലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന കാലുമാറ്റക്കഥകൾ പറയാൻ തുടങ്ങിയാൽ തീരില്ല.

സോഷ്യൽ മീഡിയ അവഹേളനവും പലപ്പോഴും ചെരുപ്പേറും തല്ലും ഒക്കെ നേരിടേണ്ടി വരുന്ന ആളാണ്‌ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കുതിരക്കച്ചവടങ്ങൾക്കും കള്ളപ്രചാരണങ്ങൾക്കും കായികമായ ആക്രമണങ്ങൾക്കും അപ്പുറത്ത് ജനാധിപത്യത്തിന്റെ കശാപ്പ് നടന്നത് ഇക്കഴിഞ്ഞ നാളുകളിൽ ഉത്തരാഖണ്ടിൽ ആണ്. ജനാധിപത്യ ഭരണകൂടത്തെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ചു കൊണ്ട് സകല മര്യാദകളും ലംഘിച്ച് നടപ്പിലാക്കിയ രാഷ്ട്രപതിഭരണം കോടതി ഇടപെടലിൽ കൂടിയാണ് ഒഴിവാക്കാൻ കഴിഞ്ഞത്.

ബി ജെ പി ഇതര ഗവണ്‍മെന്‍റുകളോട് സമീപകാലത്ത് ഉണ്ടായ സംഘപരിവാർ അസഹിഷ്ണുതയ്ക്കൊപ്പം ഗോൾവാൾക്കർ കാലം മുതൽ  രക്തത്തിൽ ഓടുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഒന്നുചേരുന്ന അതിഭീകരവും അപകടകരവും ആയ ഒരു അവസ്ഥയാണ് ഇപ്പോൾ ആർ എസ് എസ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതു സര്ക്കാരിനോട് കാണിക്കുന്നത്. കാക്കി നിക്കറിന്റെ ബലത്തിൽ ബി ജെ പി നേതൃത്വത്തിൽ എത്തിയ കുമ്മനം രാജശേഖരൻ മുതൽ വര്ഗീയ പ്രസംഗങ്ങളാൽ കുപ്രശസ്തയായ ശശികല ടീച്ചർ ഉൾപ്പെടെയുള്ളവർ ഇത്രയും നാൾ അണിഞ്ഞിരുന്ന സഹിഷ്ണുതയുടെ കപട മുഖംമൂടി ഒന്നൊന്നായി അണിഞ്ഞു വീഴുന്നത് ഇനി കാണാം. സെക്കുലർ വേരുകൾ ആഴത്തിൽ ഇറങ്ങിയിട്ടുള്ള കേരളത്തിൽ, തിരഞ്ഞെടുപ്പിനെ മുൻനിർത്തി ‘ബീഫ് കഴിക്കുന്നതിനെ എതിർക്കുന്നില്ല’ എന്നൊക്കെ പ്രസ്താവന നടത്തിയ ‘സാത്വികൻ’ ആയ കുമ്മനം ഇപ്പോൾ ആർ എസ് എസ്സിന്റെ ഉത്തരേന്ത്യൻ കുപ്പായം അണിഞ്ഞു തുടങ്ങിയിരിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഫ്ലക്സ് ബോർഡുകൾ തകർത്ത് കൊണ്ടും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആഹ്ളാദ പ്രകടനം നടത്തിയവർക്ക് നേരെ ബോംബ്‌ എറിഞ്ഞ് വണ്ടി കയറ്റി ഒരാളെ കൊല്ലുകയും ചെയ്ത സംഘപരിവാറിന്റെ നേതാവായ കുമ്മനം ഇപ്പോൾ പറയുന്നത് പിണറായിയെ ഫാസിസ്റ്റ് മുഖ്യമന്ത്രി ആകാന്‍ അനുവദിക്കില്ല എന്നാണ്. ‘മുഖ്യമന്ത്രിയാവാന്‍ ഒരുങ്ങുന്ന പിണറായി വിജയനുള്ള ഗിഫ്റ്റ് ആണ് പിണറായിയില്‍ നടന്ന കൊലപാതകം’ എന്ന് സോഷ്യല്‍ മീഡിയയില്‍ സന്ദേശം അയച്ച സംഘപരിവാര്‍ അനുയായിയുടെയും ‘നമ്മള്‍ പണ്ട് അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ ഒക്കെ ഇനി നമുക്കെതിരെ അവര്‍ ചുമത്തും, രാജ്നാഥ് സിംഗ് വിളിച്ചുപറഞ്ഞാല്‍ കേള്‍ക്കുന്ന സംസ്ഥാന ഭരണകൂടം മാറി’ എന്നുള്ള ആര്‍ എസ് എസ് പ്രാദേശിക ഘടകത്തിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റും കുമ്മനത്തിന്റെ പ്രസ്താവനയോട് ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പൂര്‍ണമായി മനസ്സിലാകും.

കേന്ദ്രത്തിന് സൂപ്പര്‍ പവര്‍ ഉള്ള ഒരു രാജ്യം ഒന്നും അല്ല ഇന്ത്യ. സംസ്ഥാനങ്ങളും അവിടത്തെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് അവകാശങ്ങളും അധികാരങ്ങളും ഉള്ള ഫെഡറല്‍ സംവിധാനം ഉള്ള ഒരു രാജ്യം ആണ് ഇന്ത്യ. സത്യപ്രതിജ്ഞ പോലും നടക്കാത്ത ഒരു സംസ്ഥാനത്തെ നിയുക്ത ഭരണസംവിധാനത്തെ ‘കേന്ദ്രം ഭരിക്കുന്നത്‌ ബി ജെ പി ആണെന്ന്’ ഓര്‍മിപ്പിക്കുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും കേരളത്തില്‍ എന്തോ കൂട്ടക്കൊല നടക്കുന്നു എന്നൊക്കെ ഉദ്വേഗപ്പെടുന്ന അമിത് ഷായും ഒക്കെ സംഘപരിവാര്‍ അജണ്ട അനുസരിച്ച് നീങ്ങുകയാണ്.

ഹിന്ദുത്വ എകാതിപത്യ രാജ്യത്ത് സാമന്ത രാജാക്കന്മാരുടെ അവകാശങ്ങള്‍മാത്രം ഉള്ളവര്‍ ആകണം സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്ന ചിന്ത മാത്രമല്ല സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക്‌ പിറകില്‍. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയാണ് തങ്ങളുടെ വര്‍ഗീയ, ജനാധിപത്യ വിരുദ്ധ ബില്ലുകളെ പാസ്സാക്കാന്‍ അനുവദിക്കാത്തത് എന്ന ബോധ്യം കൂടിയാണ്. രാജ്യസഭ സ്വന്തമാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിടിച്ചെടുത്തെ പറ്റൂ.

അരവിന്ദ് കേജ്രിവാളിനു പിന്നാലെ പിണറായി വിജയനും എത്തുമ്പോള്‍ ഈ പോര് കനക്കുമെന്നു തീര്‍ച്ച. ജനാധിപത്യ – സ്വാതന്ത്ര്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ ബി ജെ പി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലേക്ക് വൈകാതെ എത്തും എന്ന് പ്രത്യാശിക്കാം. ഒപ്പം മൃദു ഹിന്ദുത്വ നടപടികള്‍ സ്വീകരിക്കുകയും പ്രത്യുപകാരമായി ആര്‍ എസ് എസ് വോട്ട് വാങ്ങി വീണ്ടും ജയിക്കുകയും ചെയ്ത രമേശ്‌ ചെന്നിത്തലക്ക് പകരം ഇടതു സര്‍ക്കാര്‍ എത്തുമ്പോള്‍ കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തി ലഭിക്കുമെന്നും കരുതാം.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍