UPDATES

പശുസ്നേഹം പ്രസംഗത്തില്‍ മാത്രം; മഹാരാഷ്ട്രയില്‍ കന്നുകാലികള്‍ക്കുള്ള വരള്‍ച്ച ഫണ്ട് ബിജെപി-ശിവസേന നേതാക്കള്‍ അടിച്ചുമാറ്റുന്നതായി റിപ്പോര്‍ട്ട്

വ്യാജ എന്‍ജിഒകള്‍ സ്ഥാപിച്ചാണ് ഭരണകക്ഷി നേതാക്കള്‍ പണം തട്ടുന്നത്‌

കൊടും വരള്‍ച്ച മൂലം ജീവിതം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ച പണം ബിജെപി ശിവസേന നേതാക്കള്‍ അടിച്ചുമാറ്റുന്നതായി റിപ്പോര്‍ട്ട്. ക്ഷീര കര്‍ഷകര്‍ക്ക് ആശ്വസമെത്തിക്കാന്‍ എന്ന രീതിയില്‍ രൂപികരിച്ച എന്‍ജിഒകളുടെ മറവിലാണ് പണം തട്ടുന്നതെന്ന് ഹഫ്‌പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ക്രമക്കേട് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടുവരള്‍ച്ച മൂലം ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് 1400 ക്യാമ്പുകള്‍ ആണ് കന്നുകാലികള്‍ക്കായി സ്ഥാപിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാപിക്കപ്പെട്ടത് വരള്‍ച്ച രൂക്ഷമായ ബീഡ് ജില്ലയിലാണ്. ഇവിടെ 876 ക്യാമ്പുകളാണ് സ്ഥാപിച്ചത്. സര്‍ക്കാര്‍ കണക്കുപ്രകാരം 3,49,106 കന്നുകാലികളെയാണ് ഇവിടെ പരിപാലിക്കുന്നത്.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളെയാണ് ഈ ക്യാമ്പുകള്‍ നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇതിനായി ഒരു വലിയ പശുവിന് 90 രൂപയും മറ്റുള്ളവയ്ക്ക് 90 രൂപയും സര്‍ക്കാര്‍ നല്‍കും.

ബിജെപി ശിവസേന നേതാക്കള്‍ അവരുടെ ബിനാമികളുടെ പേരില്‍ എന്‍ജിഒകള്‍ സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുടെ പ്രാദേശിക നേതാവ് രാജേന്ദ്രമാസ്‌കെയും ശിവസേനയുടെ ജില്ലാ പ്രസിഡന്റ് കുണ്ടാലിക് ഖന്ദേ എന്നിവരാണ് ബിഡ് ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നുമാണ് ആരോപണം. ക്യാമ്പിലുള്ള പശുക്കളുടെ എണ്ണം കൂട്ടി പറഞ്ഞും അവയ്ക്ക് നല്‍കേണ്ട ഭക്ഷണത്തില്‍ കുറവുവരുത്തിയുമാണ് ഇവര്‍ വെട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ആസ്തിക് കുമാര്‍ പാണ്ഡെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 7.2 മുതല്‍ 14.4 ലക്ഷം വരെ തുക ദിവസവും വ്യാജകണക്കുകളുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്.

പല പ്രാദേശിക നേതാക്കളും കര്‍ഷകരുടെ പേരിലും വിലാസത്തിലുമാണ് എന്‍ജിഒ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നിരവധി പ്രദേശങ്ങളിലെ ക്യാമ്പുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുന്ന എന്‍ജിഒകളും ഒട്ടേറെയുണ്ടെന്നും ഹഫ്‌പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികൃതരുടെ ശ്രമം രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും റിപ്പോര്‍ട്ട് വിശദികരിക്കുന്നു. ബീഡില്‍ പരിശോധന അട്ടിമറിക്കാന്‍ ആളുകളെ ഇറക്കിയും വൈദ്യുതി ബന്ധം വിച്ഛേദിച്ചുമാണ് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടത്. ബീഡിലെ ഒരു ക്യാമ്പില്‍ കണക്കുപ്രകാരം 1607 കന്നുകാലികളാണ് ഉള്ളത്. എന്നാല്‍ കണക്കെടുപ്പ് നടത്തിയപ്പോള്‍ 863 കന്നുകാലികളെ മാത്രമെ കണ്ടെത്താന്‍ കഴിഞ്ഞുള്ളുവെന്ന് ജില്ലാ കലക്ടര്‍ ആസ്തിക് കുമാര്‍ പാണ്ഡെ പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലരും തങ്ങളുടെ ആദ്യ കണക്കുകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് നല്‍കി. അന്വേഷണ ഉത്തരവിന് ശേഷം ക്യാമ്പുകളിലുള്ള കന്നുകാലികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

Read More: “പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ട, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; കടലിന്റെ മക്കളോട് കാണിക്കുന്ന ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍