UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പുറത്തു വിട്ടു

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര വിവാദത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിട്ടു കൊണ്ട് ബിജെപി. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനമന്ത്രി അരുണ്‍ജെറ്റ്‌ലിയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് പ്രചരിപ്പിക്കാന്‍ കെജ്രിവാള്‍ പതിവായി സിഐസിയ്ക്കും പ്രാധനമന്ത്രിയുടെ ഓഫീസിനും പതിവായി കത്ത് എഴുതുകയാണെന്ന് അമിത് ഷാ പറഞ്ഞു. മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിഎ, ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എംഎ കോഴ്‌സുകള്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടത്.

മോദി ഡല്‍ഹി സര്‍വകലാശാലയില്‍ ചേര്‍ന്നതായി സര്‍വകലാശാലയില്‍ രേഖകളില്ലെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇത് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിഎ നേടിയിട്ടുണ്ടെന്നുള്ള മോദിയുടെ അവകാശ വാദത്തിന് എതിരായിരുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും തരംതാഴ്ന്നുവെന്ന് അരുണ്‍ ജെറ്റ്‌ലി പറഞ്ഞു. വ്യാജ ബിരുദമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് പ്രോസിക്യൂട്ട് ചെയ്യപ്പെട്ട എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്നാണ് ആരോപണങ്ങള്‍ വരുന്നതെന്ന് ജെറ്റ്‌ലി പറഞ്ഞു.

എന്നാല്‍ ബിജെപി ഇന്ന് പുറത്തു വിട്ട സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ആരോപിച്ചു. രണ്ടു സര്‍ട്ടിഫിക്കറ്റുകളിലും പ്രധാനമന്ത്രിയുടെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പേര് മാറ്റുന്നതിന് പ്രധാനമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നുവോയെന്ന് അദ്ദേഹം ചോദിച്ചു. ബിഎ മാര്‍ക്ക് ഷീറ്റിലും ഡിഗ്രിയിലും രേഖപ്പെടുത്തിയിരിക്കുന്ന തിയതികളും വ്യത്യസ്തമാണ്. 1977-ലാണോ 1978-ലാണോ അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കിയതെന്ന് മോദി വ്യക്തമാക്കണമെന്ന് അശുതോഷ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വ്യാജ ഡിഗ്രികള്‍ ഉണ്ടാക്കിയതിന് അമിത് ഷായും ജെറ്റ്‌ലിയും മാപ്പ് പറയണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ബിഎ പൂര്‍ത്തിയാക്കത് ഒരു കുറ്റകൃത്യമല്ലെന്നും എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയുടെ യഥാര്‍ത്ഥ സത്യത്തെ കുറിച്ച് പ്രധാനമന്ത്രി തുറന്നു പറയണമെന്നും അശുതോഷ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍