UPDATES

അമേരിക്കയ്ക്ക് മോദിയോട് പക്ഷപാതപരമായ സമീപനമെന്ന് ബിജെപി; ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണമെന്ന റിപ്പോര്‍ട്ട് മുന്‍വിധി മൂലം

ലോക രാജ്യങ്ങളിലെ മത സ്വതന്ത്ര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് നരേന്ദ്രമോദിയോടും പാര്‍ട്ടിയോടും മുന്‍വിധിയുണ്ടെന്ന് ബിജെപി. അന്തരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ വിദേശ കാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ഇതാണ് തെളിയിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയാണെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് 2018ലെ മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആള്‍ക്കൂട്ട ആക്രമണങ്ങളും, മത പരിവര്‍ത്തനം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ എന്നിവയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുസ്ലീങ്ങളുടെ ജീവിത രീതികളെ ബാധിക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മതന്യൂനപക്ഷ പദവി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുന്ന അവസ്ഥയാണുള്ളതെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. മുസ്ലീങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ നല്‍കിയ സംഭാവന മായ്ച്ചുകളയാനും ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നഗരങ്ങളുടെ പേര് മാറ്റുന്നതിനെ ഇതുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. അഹമ്മദ്ബാദ് നഗരത്തിന്റെ പേര് മാറ്റുന്നതിനെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോ സംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങളും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പാര്‍ട്ടിക്കെതിരെയും മുന്‍വിധിയോടെയാണ് സമീപിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആസൂതിമായ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ നിരീക്ഷണം തെറ്റാണെന്ന് ബിജെപിയുടെ മാധ്യമ വിഭാഗം തലവന്‍ അനില്‍ ബലൂനി പറഞ്ഞു. ക്രിമിനല്‍ മനോഭാവമുള്ളവര്‍ ചില പ്രാദേശിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത്തരം ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ നരേന്ദ്ര മോദിയും പാര്‍ട്ടി നേതാക്കളും അതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അദ്ദേഹം മറ്റന്നാള്‍ ഇന്ത്യിയിലെത്താനിരിക്കെയാണ് റിപ്പോര്‍ട്ടിനെതിരെ ഭരണകക്ഷി രംഗത്തെത്തിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകുമെന്നാണ് സൂചന. അമേരിക്കയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ കഴിഞ്ഞദിവസം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു.

ഈ മാസം 27,28 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തും. ഇതിന്റെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങളും വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

Read More: “പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ട, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; കടലിന്റെ മക്കളോട് കാണിക്കുന്ന ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍